കേരള സ്‌കില്‍ അക്രഡിറ്റേഷന്‍ പ്ലാറ്റ്ഫോം (കെ-സാപ്) ന് തുടക്കമാകുന്നു

കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നൈപുണ്യ പരിശീലനം നല്‍കി വരുന്ന പൊതു സ്വകാര്യ ഏജന്‍സികളുടെ കോഴ്‌സുകള്‍ ദേശീയ നിലവാരത്തില്‍ ഉയര്‍ത്തി കേന്ദ്ര സര്‍ക്കാര്‍ അംഗീകൃത കോഴ്സ് ആക്കി മാറ്റുക, വ്യവസായിക ആവശ്യങ്ങള്‍ക്കനുസരിച്ചുള്ള നിലവാരത്തിലേക്ക് പരിശീലനത്തെ ഉയര്‍ത്തുക, കാലാനുസൃതമായി കരിക്കുലം പരിഷ്‌കരിക്കുക എന്നീ ലക്ഷ്യങ്ങളോടെ ആരംഭിക്കുന്ന കേരള സ്‌കില്‍ അക്രഡിറ്റേഷന്‍ പ്ലാറ്റഫോമിന് തുടക്കമാകുന്നു. ഒക്ടോബര്‍ ഒന്ന് മുതല്‍ ആരംഭിക്കുന്ന പദ്ധതിയിലൂടെ കേരളത്തില്‍ വിവിധ ഏജന്‍സികള്‍ നടത്തി വരുന്ന തൊഴിലധിഷ്ഠിത കോഴ്‌സുകള്‍ ദേശീയ നിലവാരത്തിലേക്ക് ഉയര്‍ത്തുക എന്നതാണ് ലക്ഷ്യം.

കേന്ദ്ര സര്‍ക്കാരിന്റെ നാഷണല്‍ കൗണ്‍സില്‍ ഫോര്‍ വൊക്കേഷണല്‍ ആന്‍ഡ് എജുക്കേഷണല്‍ ട്രെയിനിംഗ് (എന്‍.സി.വി.ഇ.ടി.) യുടെ അസസ്മെന്റ് ഏജന്‍സിയും അവാര്‍ഡിംഗ് ബോഡിയും ആയി അസാപ് കേരള തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ഇതിന്റെ ഭാഗമായി കേരളത്തില്‍ നടന്നുകൊണ്ടിരിക്കുന്ന നൈപുണ്യ പരിശീലന കോഴ്‌സുകള്‍ എന്‍.എസ്.ക്യു.എഫ് നിലവാരത്തില്‍ കൊണ്ടുവരിക എന്ന ദൗത്യമാണ് അസാപ് നിര്‍വ്വഹിക്കുക. അക്രഡിറ്റേഷന്റെ ഭാഗമായി അസാപിലൂടെ പരീക്ഷ നടത്തിപ്പും കോഴ്‌സുകള്‍ക്ക് അസാപ് സര്‍ട്ടിഫിക്കറ്റും നല്‍കാന്‍ സാധിക്കും. കേരളത്തില്‍ നൈപുണ്യ പരിശീലനം നല്‍കിക്കൊണ്ടിരിക്കുന്ന സ്ഥാപനങ്ങള്‍ക്ക് അസാപിന്റെ അക്രഡിറ്റേഷന്‍ നേടാനുള്ള അവസരം കൂടിയാണ് കെ-സാപ്.

 

Related posts

Leave a Comment