ഐഡിബിഐ ബാങ്കിലെ ഓഹരികള്‍ വിറ്റഴിക്കാന്‍ ഒരുങ്ങി കേന്ദ്രവും എല്‍ഐസിയും

കേന്ദ്ര സര്‍ക്കാരും ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷനും (എല്‍ഐസി) ഐഡിബിഐ ബാങ്കിലെ ഓഹരികള്‍ വിറ്റഴിക്കാന്‍ ഒരുങ്ങുന്നു. തങ്ങളുടെ 60.72 ശതമാനം ഓഹരികള്‍ വില്‍ക്കാനാണ് തീരുമാനം. ഇതോടെ 2023 സാമ്പത്തിക വര്‍ഷത്തില്‍ 65,000 കോടി രൂപയുടെ ഓഹരി വിറ്റഴിക്കല്‍ എന്ന ലക്ഷ്യത്തിലേക്ക് കേന്ദ്ര സര്‍ക്കാര്‍ അടുക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. നേരത്തെ മെയ് മാസത്തില്‍, ഇന്ത്യയിലെ ഏറ്റവും വലിയ ഇന്‍ഷുറന്‍സ് കമ്പനിയായ എല്‍ഐസിയുടെ ഐപിഒ വഴി കേന്ദ്ര സര്‍ക്കാര്‍ 24,450 രൂപ സമാഹരിച്ചിരുന്നു.

നിലവില്‍ ഐഡിബിഐ ബാങ്കില്‍ സര്‍ക്കാരിനും എല്‍ഐസിക്കും സംയുക്തമായി 94 ശതമാനം ഓഹരിയാണുള്ളത്. കേന്ദ്രത്തിന് 45.48 ശതമാനം ഓഹരിയും, എല്‍ഐസിയുടെ കൈവശം 49.24 ശതമാനം ഓഹരികളുമാണ് ഉള്ളത്. വരുന്ന റിപ്പോര്‍ട്ടുകള്‍ അനുസരിച്ച്, കേന്ദ്രം അതിന്റെ 30.48 ശതമാനം ഓഹരിയും എല്‍ഐസി 30.24 ശതമാനം ഓഹരിയുമാണ് വിറ്റഴിക്കുക. നീക്കം പ്രവര്‍ത്തികമാവുകയാണെങ്കില്‍ രാജ്യത്തെ ഒരു പൊതുമേഖലാ ബാങ്കിന്റെ ആദ്യ സ്വകാര്യ വല്‍ക്കരണമായിരിക്കും ഇത്.

Related posts