ചെലവ് ചുരുക്കലുമായി കേന്ദ്ര സര്‍ക്കാര്‍

2022-23 സാമ്പത്തിക വര്‍ഷത്തെ ബജറ്റ് കമ്മി കുറയ്ക്കുന്നതിന്റെ ഭാഗമായി കേന്ദ്ര സര്‍ക്കാര്‍ ചെലവ് ചുരുക്കലിലേക്ക്. ഇതിന്റെ ഭാഗമായി മുന്‍ഗണനേതര വിഭാഗത്തിലെ ചെലവുകള്‍ സര്‍ക്കാര്‍ നിയന്ത്രിക്കും. ബജറ്റ് കമ്മി, ജിഡിപിയുടെ 6.4 ശതമാനം ആയി ചുരുക്കുകയാണ് ലക്ഷ്യം.

2023-24 സാമ്പത്തിക വര്‍ഷത്തെ ബജറ്റിന് മുന്നോടിയായി വിവിധ വകുപ്പുകളും ധനമന്ത്രാലയവുമായുള്ള ചര്‍ച്ചകള്‍ ഇന്ന് ആരംഭിക്കും. നവംബര്‍ 10 വരെയാണ് ചര്‍ച്ചകള്‍ നടക്കുക. ബജറ്റ് ചെലവുകള്‍ പുതുക്കി നിശ്ചയിക്കുന്നത് അതിന് ശേഷമാവും. പ്രത്യക്ഷ-പരോക്ഷ നികുതികളില്‍ നിന്ന് വരുമാനം ഉണ്ടെങ്കിലും, ഭക്ഷ്യ-വള സബ്സിഡികള്‍ നല്‍കാന്‍ അവ മതിയാകില്ല എന്നാണ് ധനമന്ത്രാലയത്തിന്റെ വിലയിരുത്തല്‍.

കേന്ദ്രത്തിന്റെ സൗജന്യ ഭക്ഷ്യധാന്യ വിതരണ പദ്ധതിയായ പ്രധാന്‍ മന്ത്രി ഗരീബ് കല്യാണ്‍ അന്ന യോജന നീട്ടുന്നതിനെ ധനമന്ത്രാലയം എതിര്‍ത്തിരുന്നു. 2022 ഡിസംബര്‍ വരെ പദ്ധതി നീട്ടിയതോടെ 44,762 കോടിയുടെ അധികച്ചെലവാണ് കേന്ദ്രത്തിന് ഉണ്ടാവുന്നത്. ബജറ്റില്‍ കണക്കാക്കിയ 2.07 ട്രില്യണ്‍ രൂപയുടെ സ്ഥാനത്ത് നടപ്പ് സാമ്പത്തിക വര്‍ഷം ഭക്ഷ്യ സബ്സിഡി ഇനത്തില്‍ 3.32 ട്രില്യണ്‍ രൂപ ചെലവാകും എന്നാണ് വിലയിരുത്തല്‍. വള സബ്സിഡിക്കായി 1.05 ട്രില്യണ്‍ രൂപ കണക്കാക്കിയ സ്ഥാനത്ത് ചെലവ് 2.5 ട്രില്യണായി ഉയര്‍ന്നേക്കും.

Related posts