സഹകരണ സ്ഥാപനങ്ങളില്‍ നിന്ന് വായ്പ എടുത്തവര്‍ മരിച്ചാല്‍ തിരിച്ചടവില്‍ 3 ലക്ഷം രൂപയുടെ ഇളവു ലഭിക്കും. വായ്പ എടുക്കുന്നവര്‍ക്ക് വായ്പാ കാലാവധിക്കുള്ളില്‍ മാരകമായ രോഗം ബാധിച്ച് കടം തിരിച്ചടക്കാന്‍ കഴിയാതെ വന്നാലും പരമാവധി 1.25 ലക്ഷം രൂപ ഇളവു നല്‍കും. സഹകരണ റിസ്ക് ഫണ്ടില്‍ നിന്നാണ് സഹായം അനുവദിക്കുന്നത്. വായ്പ എടുത്ത വ്യക്തി മരണപ്പെടുകയാണെങ്കില്‍ നേരത്തെ രണ്ടു ലക്ഷം രൂപയാണ് തിരിച്ചടവില്‍ ഇളവു നല്‍കിയിരുന്നത്. വായ്പാ കാലയളവിലോ കാലാവധി കഴിഞ്ഞ് ആറുമാസത്തിനുള്ളിലോ മരണപ്പെട്ടാല്‍ അന്നേ ദിവസം ബാക്കി നില്ക്കുന്ന ലോണ്‍ സംഖ്യയുടെ മുതല്‍ അല്ലെങ്കില്‍ 3 ലക്ഷം രൂപ ഇതില്‍ ഏതാണോ കുറവ് ആ സംഖ്യ റിസ്ക് ഫണ്ടില്‍ നിന്ന് അനുവദിക്കും. മരണപ്പെട്ട വ്യക്തി വിവിധ വായ്പ എടുത്തിട്ടുണ്ടെങ്കില്‍ പരമാവധി ആറു ലക്ഷം രൂപയേ ലഭിക്കൂ. രണ്ടു വ്യക്തികള്‍ കൂട്ടായി വായ്പ എടുക്കുകയും അതിലൊരാള്‍ മരണപ്പെടുകയും ചെയ്താല്‍ അന്നേ ദിവസം ബാക്കി നില്ക്കുന്ന വായ്പ തുകയ്ക്ക് ആനുപാതികമായി ഇളവ് അനുവദിക്കും. മാരക രോഗം ബാധിച്ച് വായ്പ തിരിച്ചടവില്‍ ആനുകൂല്യം ലഭിച്ച വ്യക്തി മരണപ്പെട്ടാല്‍ രോഗകാലത്ത് ലഭിച്ച ഇളവു കഴിഞ്ഞുള്ള തുകയേ പിന്നീടു ലഭിക്കൂ. സഹകരണ സ്ഥാപനങ്ങള്‍ റിസ്ക് ഫണ്ടിലേക്ക് അടയ്ക്കുന്ന തുക ഉപയോഗിച്ചാണ് ഇത്തരം ആനുകൂല്യങ്ങള്‍ അനുവദിക്കുന്നത്.