വാട്സാപ്പിന്റെ പ്രവര്‍ത്തനം പുനഃസ്ഥാപിച്ചു. ഉച്ചയ്ക്കു 2.15 മുതല്‍ സര്‍വീസ് പുനഃസ്ഥാപിച്ചതായി അധികൃതര്‍ വ്യക്തമാക്കി. ഉച്ചമുതല്‍ വാട്‌സാപ് ലോകമെമ്പാടും പ്രവര്‍ത്തനരഹിതമായിരുന്നു. ഒരു മണിക്കൂറിലേറെ ഗ്രൂപ്പുകളിലേക്ക് ഉള്‍പ്പെടെ സന്ദേശങ്ങള്‍ കൈമാറാന്‍ കഴിഞ്ഞിരുന്നില്ല. ഇതുവരെ സംഭവിച്ചിട്ടുള്ളില്‍ ഏറ്റവും ദൈര്‍ഘ്യമേറിയ തകരാറാണ് സംഭവിച്ചത്.
ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 12.07നാണ് പ്രശ്‌നം ആദ്യം റിപ്പോര്‍ട്ടു ചെയ്തതെന്നു ഓണ്‍ലൈന്‍ വെബ്‌സൈറ്റായ ‘ഡൗണ്‍ ഡിറ്റക്ടര്‍’ അറിയിച്ചു. ഉച്ചയ്ക്ക് 1 മണി വരെ അത്തരം ആയിരക്കണക്കിന് റിപ്പോര്‍ട്ടുകള്‍ ലിസ്റ്റ് ചെയ്യുകയും പിന്നീട് സൈറ്റ് ക്രാഷ് ആവുകയുമായിരുന്നെന്ന് അവര്‍ വ്യക്തമാക്കി.
ലോകത്താകമാനം 200 കോടിയിലധികം ഉപയോക്താക്കളാണ് വാട്‌സാപ്പിനുള്ളത്. പ്രശ്‌നം ശ്രദ്ധയിപ്പെട്ടെന്നും തകരാര്‍ പരിഹരിക്കുന്നതിനുള്ള ശ്രമത്തിലാണെന്നും മെറ്റ അറിയിച്ചു.