മെഡിക്കല്‍ ടെക്‌നോളജി (മെഡ്‌ടെക്), മെഡിക്കല്‍ ഉപകരണ മേഖലകളിലെ സ്റ്റാര്‍ട്ടപ്പുകളേയും ഗവേഷകരേയും ഇന്നൊവേറ്റര്‍മാരേയും പരിപോഷിപ്പിക്കുന്നതിനായി സംസ്ഥാന സര്‍ക്കാരിനു കീഴിലെ കേരള മെഡിക്കല്‍ ടെക്നോളജി കണ്‍സോര്‍ഷ്യവും (കെഎംടിസി) കേരള സ്റ്റാര്‍ട്ടപ്പ് മിഷനും ധാരണാപത്രത്തില്‍ ഒപ്പിട്ടു. ടെക്‌നോപാര്‍ക്കില്‍ നടന്ന ഇന്റര്‍നെറ്റ് ഓഫ് തിംഗ്‌സ് (ഐഒടി) ഉച്ചകോടിയുടെ ഭാഗമായി സ്റ്റാര്‍ട്ടപ് മിഷന്‍ സിഇഒ അനൂപ് അംബികയും കെഎംടിസി സ്‌പെഷ്യല്‍ ഓഫീസര്‍ സി. പത്മകുമാറുമാണ് ധാരണാപത്രത്തില്‍ ഒപ്പിട്ടത്.
മെഡിക്കല്‍ ടെക്നോളജി, മെഡിക്കല്‍ ഉപകരണ മേഖലയിലെ ഗവേഷണ- വികസനങ്ങളിലും ഇന്നൊവേഷനുകളിലും കേരളത്തെ ദേശീയതലത്തില്‍ മുന്‍നിര സംസ്ഥാനമാക്കി മാറ്റുകയെന്ന ലക്ഷ്യത്തോടെ സംസ്ഥാന സര്‍ക്കാര്‍ രൂപംകൊടുത്തതാണ് കേരള മെഡിക്കല്‍ ടെക്നോളജി കണ്‍സോര്‍ഷ്യം. സ്റ്റാര്‍ട്ടപ് മിഷനില്‍ രജിസ്റ്റര്‍ ചെയ്ത് ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്റ്റാര്‍ട്ടപ്പുകള്‍ക്ക് വിപണി കണ്ടെത്താനും വളരാനും സാധ്യമാകുന്നവിധം ഗവേഷണ- വികസന, ഉല്‍പാദന മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും സാങ്കേതികസഹായങ്ങളും നല്‍കുകയാണ് കണ്‍സോര്‍ഷ്യം ചെയ്യുക.
പ്രശ്നസാധ്യതകളേറെയുള്ള മെഡ്‌ടെക്, മെഡിക്കല്‍ ഉപകരണ മേഖലയില്‍ മെഡിക്കല്‍ കണ്‍സോര്‍ഷ്യത്തിന്റെ പിന്തുണ ലഭിക്കുന്നതോടെ ഈ മേഖലയിലെ ശേഷി വര്‍ധിപ്പിക്കാനും ആവാസവ്യവസ്ഥയെ കൂടുതല്‍ പിന്തുണയ്ക്കാനും സാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു. മെഡിക്കല്‍ ടെക്നോളജി, മെഡിക്കല്‍ ഉപകരണരംഗത്തെ ഏറ്റവും വലിയ ഹബ്ബാക്കി കേരളത്തെ മാറ്റുന്നതിന് സര്‍ക്കാര്‍ വലിയ പ്രാധാന്യം നല്‍കുന്നുണ്ടെന്നും ആ ലക്ഷ്യത്തിനാണ് മെഡിക്കല്‍ ടെക്നോളജി കണ്‍സോര്‍ഷ്യം മുന്‍ഗണന നല്‍കുന്നതെന്നും സെപ്ഷ്യല്‍ ഓഫീസര്‍ സി. പത്മകുമാര്‍ പറഞ്ഞു.