റീട്ടെയില്‍ ബിസിനസില്‍ ഇനി മാറ്റങ്ങളുടെ കാലം- ഗോപു നന്തിലത്ത്

മലയാളികളുടെ ഗൃഹോപകരണ വൈവിധ്യത്തൊടൊപ്പം വളര്‍ന്നു വലുതായ റീട്ടെയില്‍ ബ്രാന്‍ഡാണ് നന്തിലത്ത് ജി മാര്‍ട്ട്. 1984ല്‍ തൃശൂരിലെ കുറുപ്പം റോഡില്‍ ഗോപു നന്തിലത്ത് എന്ന യുവാവ് ഗൃഹോപകരണ വില്‍പനയ്ക്കായി നന്തിലത്ത് ഏജന്‍സീസ് എന്ന പേരില്‍ ഒരു ഷോപ്പ് ആരംഭിച്ചു. ടെലിവിഷനില്‍ മലയാള സംപ്രേക്ഷണം ഉടന്‍ ആരംഭിക്കുമെന്ന സര്‍ക്കാര്‍ പ്രഖ്യാപനം ഉണ്ടായിരുന്ന സമയമായിരുന്നു അത്. ഈ പ്രഖ്യാപനത്തില്‍ പ്രതീക്ഷയര്‍പ്പിച്ച് റേഡിയോയ്ക്കും മിക്സിക്കും ഒപ്പം ഏതാനും ടെലിവിഷനുകളും നന്തിലത്ത് ഏജന്‍സീസില്‍ വില്‍പനയ്ക്കായി വെച്ചിരുന്നു. പ്രതീക്ഷ തെറ്റിയില്ല, 1985ല്‍ മലയാളം സംപ്രേക്ഷണം ആരംഭിച്ചു. അതോടെ ടെലിവിഷന്റെ വില്‍പന കുതിച്ചുയര്‍ന്നു. ഒപ്പം നന്തിലത്തിന്റെയും. 2005ല്‍ നന്തിലത്ത് ഏജന്‍സീസ് നന്തിലത്ത് ജി മാര്‍ട്ടായി രൂപാന്തരപ്പെട്ടു. ഇന്ന് കേരളത്തില്‍ നന്തിലത്തിന്റെ 43 ഷോറുമുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. നാലു പതിറ്റാണ്ടായി കേരളത്തിലെ റീട്ടെയില്‍ ബിസിനസില്‍ പകരം വെക്കാന്‍ ഇല്ലാത്ത നാമമാണ് ഗോപു നന്തിലത്തും നന്തിലത്ത് ജി മാര്‍ട്ടും. ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ റീട്ടെയില്‍ മേഖല പ്രവചനാതീതമായ മാറ്റങ്ങള്‍ക്ക് വിധേയമാകുമെന്ന് ഗോപു നന്തിലത്ത് അഭിപ്രായപ്പെടുന്നു.

ഷോറൂമുകള്‍ എന്ന കണ്‍സെപ്റ്റ് ഇല്ലാതാകും

ഇലക്ട്രോണിക്‌സ് ഉത്പന്നങ്ങളില്‍ എന്നും അപ്‌ഡേറ്റഡ് ആയിരിക്കാന്‍ ആഗ്രഹിക്കുന്ന സമൂഹമാണ് മലയാളികളുടേത്. അതിനാല്‍ റീട്ടെയില്‍ ഇലക്ടോണിക്‌സ് ബ്രാന്‍ഡുകള്‍ക്ക് വളരാന്‍ സാഹചര്യമുള്ള നാടാണിത്. റീട്ടെയില്‍ ഷോറൂമുകളുടെ പ്രവര്‍ത്തനത്തിലും ഘടനയിലും മാറ്റം സംഭവിക്കാന്‍ പോകുന്ന വര്‍ഷങ്ങളാണ് ഇനി വരാന്‍ പോകുന്നത്. ഓണ്‍ലൈന്‍ ബിസിനസ് വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ വിശാലമായ ഷോറൂമുകള്‍ എന്ന കണ്‍സെപ്റ്റ് തന്നെ ഇല്ലാതാകും. അതിനു പകരം ഇരുന്നൂറോ മുന്നൂറോ സ്‌ക്വയര്‍ ഫീറ്റുള്ള ചെറിയ ഔട്ട്ലെറ്റുകള്‍ക്കായിരിക്കും പ്രസക്തി. അവിടെ നിലവിലുള്ള ഗൃഹോപകരണ ഷോറൂമുകളില്‍ ഉള്ളതു പോലെ ഡിസ്പ്ലേ പ്രൊഡക്റ്റുകള്‍ നിരത്തിവെക്കില്ല. പകരം അവിടെ സ്ഥാപിച്ചിരിക്കുന്ന സ്‌ക്രീനില്‍ നിന്നും വിവിധ കമ്പനികളുടെ പ്രൊഡക്റ്റുകള്‍ കംപയര്‍ ചെയ്ത് തെരഞ്ഞെടുക്കാം. പെയ്മെന്റും ബില്ലിങും എല്ലാം അവിടെ നിന്നും ചെയ്യാം.

സ്റ്റോക്ക് സൂക്ഷിക്കേണ്ടി വരില്ല

കസ്റ്റമര്‍ക്ക് കമ്പനികളുടെ വെയര്‍ ഹൗസുകളില്‍ നിന്ന് പ്രൊഡക്റ്റുകള്‍ നേരിട്ട് ഡെലിവറി ചെയ്യുന്നതിനാല്‍ ബള്‍ക്കായി സ്റ്റോക്ക് സൂക്ഷിക്കേണ്ട ആവശ്യവും റീട്ടെയില്‍ ബ്രാന്‍ഡുകള്‍ക്ക് ഉണ്ടാകില്ല. വര്‍ധിച്ചു വരുന്ന ഷോറൂം മെയ്ന്റയിന്‍സ് എക്സ്പെന്‍സും മറ്റ് ചെലവുകളും മറികടക്കാന്‍ ഇതുമാത്രമായിരിക്കും പോംവഴി. കടുത്ത മത്സരവും ഫിനാന്‍ഷ്യല്‍ ക്രൈസിസും റീട്ടെയില്‍ മേഖലയില്‍ നിലനില്‍ക്കുന്നുണ്ട്. റീട്ടെയില്‍ ബ്രാന്‍ഡുകള്‍ക്ക് വരുന്ന മാറ്റം കസ്റ്റമര്‍ക്ക് കൂടി ഗുണം ചെയ്യും. കാരണം മെയിന്റനന്‍സ് കോസ്റ്റ്, സ്റ്റാഫുകളുടെ സാലറി എന്നിവയില്‍ വരുന്ന കുറവ് കസ്റ്റമര്‍ക്ക് കൈമാറാന്‍ റീട്ടെയില്‍ ബ്രാന്‍ഡുകള്‍ ശ്രമിക്കും. ഏറ്റവും ഡിസ്‌ക്കൗണ്ട് റേറ്റില്‍ മികച്ച പ്രൊഡക്ടുകള്‍ ഇതുവഴി കസ്റ്റമര്‍ക്ക് ലഭിക്കും. ഇതിലൂടെ ഓണ്‍ലൈന്‍ ഷോപ്പിങ് പ്ലാറ്റ്‌ഫോമുകളോട് മത്സരിക്കാനുള്ള ഊര്‍ജ്ജം ഒരു പരിധി വരെ ആര്‍ജിക്കാന്‍ റീട്ടെയില്‍ ബ്രാന്‍ഡിന് കഴിയുമെന്നും ഗോപു നന്തിലത്ത് പറയുന്നു.

റീട്ടെയില്‍ മേഖലയിലെ മാറ്റം സ്വാഭാവികം

രണ്ടുവര്‍ഷം മുമ്പാണ് നന്തിലത്ത് ജിമാര്‍ട്ട് ഓണ്‍ലൈന്‍ സെക്ഷന്‍ ആരംഭിച്ചത്. ഈ ഓണത്തിന് ഓണ്‍ലൈന്‍ വഴി മികച്ച സെയില്‍സാണ് തങ്ങള്‍ നേടിയെടുത്തതെന്ന് ഗോപു നന്തിലത്ത് പറയുന്നു. എന്നാലും മലയാളി ഇന്നും കടകളില്‍ ചെന്ന് പ്രൊഡക്റ്റ് നേരിട്ട് കണ്ട് വാങ്ങാന്‍ ഇഷ്ടപ്പെടുന്നവരാണ്. ലോകം മുഴുവന്‍ ഫാസ്റ്റാകുമ്പോള്‍ മലയാളിക്കും മാറ്റം ഉണ്ടാകുന്നത് സ്വാഭാവികം. 5ജിയുടെ വരവ് ഇലക്ട്രോണിക്ക്- ഗാഡ്ജറ്റ് മേഖലയില്‍ വരുത്താന്‍ പോകുന്ന മാറ്റം പ്രവചനാതീതമായിരിക്കും. അത് റീട്ടെയില്‍ ബിസിനസില്‍ തീര്‍ച്ചയായും പ്രതിഫലിക്കും.

കസ്റ്റമര്‍ പൂര്‍ണ്ണമായും അകന്നു പോകില്ല

റിട്ടെയില്‍ മേഖലയില്‍ ഉണ്ടാകുന്ന കടുത്ത മത്സരവും വെല്ലുവിളികളും പറഞ്ഞുവെക്കുമ്പോഴും പുതുസംരംഭകരെ ഈ രംഗത്തേക്ക് സ്വാഗതം ചെയ്യുകയാണ് ഗോപു നന്തിലത്ത്. നല്ല പെരുമാറ്റം, നല്ല സര്‍വീസ്, കൃത്യ സമയത്തുള്ള ഇന്‍സ്റ്റലേഷന്‍ എന്നിവ റിട്ടെയില്‍ ബിസിനസിന്റെ വിജയ രഹസ്യമാണ്. വിലക്കുറവും മികച്ച വില്‍പനാന്തര സേവനവും കൂടിയാകുമ്പോള്‍ കസ്റ്റമര്‍ റിട്ടെയില്‍ ഷോപ്പുകളില്‍ നിന്നും പൂര്‍ണമായും അകന്നു പോകില്ല. നന്തിലത്ത് ജിമാര്‍ട്ട് ഹെല്‍പ്പ് പീപ്പിള്‍ ടു ബി മോര്‍ കംഫേര്‍ട്ടബിള്‍ ഇന്‍ ദേര്‍ ലൈഫ് – ഗോപു നന്തിലത്ത് ആത്മവിശ്വാസത്തോടെ കൂട്ടിച്ചേര്‍ക്കുന്നു. നിലവില്‍ ഇരുന്നൂറിലധികം ബ്രാന്‍ഡുകളുടെ ഉത്പന്നങ്ങള്‍ നന്തിലത്ത് ജി മാര്‍ട്ടിലുണ്ട്. ജിഎസ്ടി നിലവില്‍ വന്നതിന് ശേഷം സ്റ്റോക്കും സെയില്‍സും വളരെ കുറഞ്ഞ സമയംകൊണ്ട് കൃത്യമായി വിലയിരുത്താന്‍ സാധിക്കുന്നുണ്ട്. 2023 ജനുവരിയോടു കൂടി ഷോറുമുകളുടെ എണ്ണം അന്‍പതായി ഉയരുമെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

 

Related posts