പുഞ്ചിരി ഡയറീസിന്റെ സംരംഭകന് മെല്വിന് കെ. കുര്യച്ചന് ചിരിക്കുകയാണ്. പാല് വിപണന രംഗത്ത് താന്‍ ആരംഭിച്ച പുഞ്ചിരി ഡയറി പ്രൊഡക്ട്സ് എന്ന സംരംഭം മികച്ച വിജയത്തിലാണ് എന്നതുതന്നെയാണ് ഈ നിറപുഞ്ചിരിക്ക് കാരണം. കഠിനാധ്വാനത്തിന്റെയും ഇശ്ചാശക്തിയുടെയും പിന്‍ബലത്തില്‍ മെല്വിന് ആരംഭിച്ച പുഞ്ചിരി ഡയറീസ് ഇന്ന് പാലിനും പാല് ഉത്പന്നങ്ങള്‍ക്കുമുള്ള ജനങ്ങളുടെ വിശ്വസ്ത ബ്രാന്‍ഡായി മാറിക്കഴിഞ്ഞു.
കോട്ടയം സ്വദേശിയായ മെല്‍വിന്റെ വിജയം തെളിയിക്കുന്നത് സംരംഭം വിജയിക്കാന്‍ കുറുക്കുവഴികളൊന്നുമില്ല എന്നാണ്. പാലും പാല് ഉത്പന്നങ്ങളും ഏറ്റവും ഗുണമേന്മയോടെ വിപണിയിലെത്തിക്കുകയെന്ന ലക്ഷ്യത്തോടെ 2020 ഏപ്രിലില്‍ ആണ് മെല്വിന് ഈ സംരംഭത്തിലേക്ക് തിരിയുന്നത്. സുഗന്ധവ്യജ്ഞനങ്ങളുടെ കയറ്റുമതി ബിസിനസ് ചെയ്തിരുന്ന സുഹൃത്താണ് ഡയറി പ്രൊഡക്ട്സ് എന്ന ആശയം മെല്‍വിനുമായി പങ്കുവച്ചത്. വിപണിയില്‍ നൂറുകണക്കിന് പാലും പാല് ഉത്പന്നങ്ങളും ഉണ്ടെങ്കിലും ഏറ്റവും ഗുണമേന്മയോടെ അവ മറ്റൊരു പേരില്‍ ജനങ്ങളിലെത്തിച്ചാല്‍ വിജയിക്കാന്‍ കഴിയുമെന്ന് മെല്വിന് വിശ്വാസമുണ്ടായിരുന്നു. അങ്ങനെയാണ് ഒരുകൈ നോക്കാമെന്ന് തീരുമാനിച്ച് പാല് വിപണിയിലേക്കിറങ്ങിയത്.
തൃശൂരില്‍ നിന്നാണ് ആദ്യം ബിസിനസ് ആരംഭിച്ചത്. പാല്, നെയ്, വെണ്ണ, തൈര്, ലെസി എന്നിവ പുഞ്ചിരി ബ്രാന്‍ഡില്‍ വിപണിയില്‍ എത്തിച്ചു. ഇതിനിടെ കോവിഡ് വന്നത് തിരിച്ചടിയായി. ബിസിനസ് നിലച്ചു. എന്നാല്‍ മറ്റൊരു സംരംഭത്തെക്കുറിച്ച് മെല്വിന് ചിന്തിച്ചില്ല. നല്ല സമയത്തിനായി കാത്തിരുന്നു. പ്രതിസന്ധികള്‍ക്കൊടുവില്‍ 2022 ല്‍ വീണ്ടും പുഞ്ചിരി ഉത്പന്നങ്ങള്‍ വീണ്ടും വിപണിയിലെത്തി. തൃശൂരിലെ ഫാമില്‍ നിന്നും ആരംഭിച്ച ബിസിനസ് കോട്ടയത്തേക്ക്് പറിച്ചുനട്ടു. നിലവില്‍ കോട്ടയത്ത് പാട്ടത്തിനെടുത്ത സ്ഥലത്തുള്ള ഫാമില്‍ നിന്നാണ് ഉത്പന്നങ്ങള്‍ വിപണിയില്‍ എത്തിക്കുന്നത്. കോട്ടയം ജില്ലയില്‍ മാത്രമേ പുഞ്ചിരിയുടെ ഉത്പന്നങ്ങള്‍ നിലവില്‍ വിതരണം ചെയ്യുന്നുള്ളൂ. യാതൊരു മായവും ചേര്‍ക്കാത്ത ഉത്പന്നങ്ങള്‍ വിപണിയില്‍ എത്തിച്ചാണ് പുഞ്ചിരി കൂടുതല്‍ ആവശ്യക്കാരെയും വിപണിയും കണ്ടെത്തിയതെന്ന് മെല്വിന് പറയുന്നു.
മായംചേര്‍ക്കാത്ത, ഗുണമേന്മയുള്ള പാലും പാല് ഉല്‍പ്പന്നങ്ങളും എന്ന പേരെടുക്കാന്‍ ചുരുങ്ങിയ കാലത്തിനുള്ളില്‍ സാധിച്ച പുഞ്ചിരി ഡയറി പ്രൊഡക്ട്സ് ഇപ്പോള്‍ വിപുലീകരണത്തിന്റെ പാതയിലാണ്. അടുത്തമാസം മുതല്‍ എറണാകുളം, പത്തനംതിട്ട ജില്ലകളിലേക്കും വില്പന വ്യാപിപ്പിക്കാന്‍ ഒരുങ്ങുകയാണ് മെല്വിന്. നിലവില്‍ ചെറിയ തോതില്‍ പാലും മില്‍ക്ക് മെയ്ഡും വിദേശത്തേക്ക് കയറ്റി അയക്കുന്നുമുണ്ട്. ദുബായ്, ഖത്തര്‍, ബഹറിന്‍ എന്നിവിടങ്ങളില്‍ അടുത്ത മാസം മുതല്‍ കൂടുതല്‍ പാല് വിതരണം ചെയ്യാനുള്ള തയാറെടുപ്പിലാണ് പുഞ്ചിരി ഡയറി പ്രൊഡക്ട്സ്.
ബിസിനസ് വിപുലീകരിക്കുന്നതിന്റെ ഭാഗമായി പുഞ്ചിരി ഡയറീസ് തമിഴ്നാട്ടില്‍ ആരംഭിക്കുന്ന പ്ലാന്റിന്റെ നിര്‍മാണം അന്തിമഘട്ടത്തിലാണ്. 75,000 ലിറ്റര്‍ ശേഷിയുള്ള പ്ലാന്റാണ് നിര്‍മിക്കുന്നത്. അതിനൊപ്പം 5000 പശുക്കളെ പാര്‍പ്പിക്കാനുള്ള ഒരു ഫാം കൂടി ഉണ്ടാകും. നിര്‍മാണം പൂര്‍ത്തിയാകുന്നതോടെ തമിഴ്നാട്ടില്‍ നിന്നായിരിക്കും ഉത്പാദനവും വിതരണവുമെല്ലാം. വൈക്കം, ഭൂതത്താന്‍കെട്ട് എന്നിവിടങ്ങളിലെ ഫാമില്‍ നിന്നാണ് നിലവില്‍ വിതരണത്തിനുള്ള പാല് ശേഖരിക്കുന്നത്. അടുത്ത വര്‍ഷം ആദ്യം മുതല്‍ തമിഴ്നാട്ടിലെ പ്ലാന്റില്‍ നിന്നാകും ഉത്പന്നങ്ങള്‍ വിപണിയില്‍ എത്തുക. അതോടെ കേരളത്തിലൊട്ടാകെയും മറ്റു സംസ്ഥാനങ്ങളിലേക്കും പുഞ്ചിരി ഉത്പന്നങ്ങളുടെ വിതരണം വ്യാപിപ്പിക്കാനാണ് ശ്രമം. പാല്, പാല് ഇതര ഉത്പന്നങ്ങള്‍ക്ക് പുറമെ പുട്ട് പൊടി, അരിപ്പൊടി തുടങ്ങിയവയും പുഞ്ചിരി എന്ന ബ്രാന്‍ഡില്‍ വിപണിയില്‍ എത്തുന്നുണ്ട്. വെസ്റ്റ്മൗണ്ട് എന്ന പേരില്‍ കോഫി പൗഡറും പുഞ്ചിരി ബ്രാന്‍ഡില്‍ യു കെയില്‍ വിതരണം ചെയ്യുന്നു. പുഞ്ചിരി ഡയറി പ്രൊഡക്ട്സ് നല്കിയ വിജയത്തില്‍നിന്നു ലഭിച്ച ആത്മവിശ്വാസം നല്കിയ ഊര്‍ജം മറ്റു സംരംഭങ്ങള്‍ ആരംഭിക്കുന്നതിനും നിലവിലുള്ളവയെ കൂടുതല്‍ വിപുലീകരിക്കുന്നതിനും മെല്വിന് കരുത്തായിട്ടുണ്ട്. പുഞ്ചിരി ബ്രാന്‍ഡിന്റെ വിജയത്തിനൊപ്പം ചിരിച്ചുകൊണ്ട് മുന്നേറുകയാണ് മെല്‍വിനും.