ഏറെക്കാലമായി നേരിടുന്ന പ്രവര്‍ത്തനനഷ്ടം നികത്തി ലാഭട്രാക്കിലേക്ക് തിരിച്ചുകയറാനായി സിമന്റ് വില വര്‍ദ്ധിപ്പിക്കാന്‍ സിമന്റ് നിര്‍മ്മാണക്കമ്പനികള്‍ ഒരുങ്ങുന്നു. വിപണിയിലെ വിലത്തകര്‍ച്ച, അസംസ്‌കൃതവസ്തുക്കളുടെ വിലവര്‍ദ്ധനമൂലമുള്ള ഉയര്‍ന്ന ഉത്പാദനച്ചെലവ്, നാണയപ്പെരുപ്പം എന്നിവയാണ് കമ്പനികളുടെ ലാഭത്തെ ബാധിച്ചത്.
ലാഭത്തിലേക്ക് തിരിച്ചുവരാനായി നടപ്പുവര്‍ഷം തന്നെ കമ്പനികള്‍ 3.5 മുതല്‍ 4 ശതമാനം വരെ വിലവര്‍ദ്ധിപ്പിച്ചേക്കുമെന്ന് കെയര്‍എഡ്ജ് റേറ്റിംഗ്സിന്റെ റിപ്പോര്‍ട്ട് വ്യക്തമാക്കി. ടണ്ണിന് 300-330 രൂപയുടെ വര്‍ദ്ധനയാണ് പ്രതീക്ഷിക്കുന്നത്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് നടപ്പുവര്‍ഷം സിമന്റ് ഡിമാന്‍ഡില്‍ 8-9 ശതമാനം വര്‍ദ്ധനയും കമ്പനികള്‍ പ്രതീക്ഷിക്കുന്നുണ്ട്.
ബാഗിന് 25-30 രൂപവരെ വിലവര്‍ദ്ധന നടപ്പുവര്‍ഷമുണ്ടാകും. 2020-21വര്‍ഷത്തെ ലാഭത്തിലേക്ക് തിരിച്ചെത്താനായി ബാഗിന് 45-50 രൂപയുടെ അധിക വിലവര്‍ദ്ധനകൂടി നടപ്പാക്കിയേക്കുമെന്നും റിപ്പോര്‍ട്ടിലുണ്ട്.
കഴിഞ്ഞപാദത്തില്‍ അംബുജ സിമന്റ്സിന്റെ ലാഭമാര്‍ജിന്‍ 8.3 ശതമാനത്തിലേക്കും എ.സി.സിയുടേത് 0.4 ശതമാനത്തിലേക്കും കുറഞ്ഞിരുന്നു. അള്‍ട്രാടെക്കിന്റേത് 13.4 ശതമാനത്തില്‍ നിന്ന് 9.2 ശതമാനത്തിലേക്കും ശ്രീസിമെന്റ്സിന്റേത് 15.1 ശതമാനത്തില്‍ നിന്ന് 13.8 ശതമാനത്തിലേക്കും താഴ്ന്നിരുന്നു.