ഹേമ കമ്മീഷന് റിപ്പോര്‍ട്ട് പുറത്തു വന്നതിന്റെ ആഘാതം ഓണവിപണിയെയും ബാധിക്കുന്നതായി റിപ്പോര്‍ട്ട്. ആരോപണവിധേയരായ ചില സൂപ്പര്‍താരങ്ങളെ ഉള്‍പ്പെടുത്തി ഓണക്കാലം ലക്ഷ്യമിട്ട് ചിത്രീകരിച്ച പരസ്യങ്ങളും ഹോര്‍ഡിങ്സുകളും മിക്ക വ്യാപാരസ്ഥാപനങ്ങളും പിന്‍വലിച്ചു. മലയാളത്തിലെ മുന്‍നിര നടനെ ബ്രാന്‍ഡ് അംബാസിഡര്‍ ആക്കിയ തിരുവനന്തപുരത്തെ പ്രമുഖ സൂപ്പര്‍ മാര്‍ക്കറ്റ് അദ്ദേഹം ഉള്‍പ്പെട്ട ഓണപരസ്യം പുറത്തിറക്കേണ്ടെന്ന് ആഡ് ഏജന്‍സിക്ക് നിര്‍ദേശം നല്കി. തെക്കന്‍ കേരളത്തില്‍ കോടികള്‍ മുടക്കി ഹോര്‍ഡിങ്സുകളും തീയേറ്റര്‍ ആഡും ടെലിവിഷന്‍ ആഡും ചെയ്യുന്ന സ്ഥാപനമാണ് തത്കാലത്തേക്ക് ഈ താരത്തിന്റെ പരസ്യം പ്രദര്‍ശിപ്പിക്കേണ്ടെന്ന് തീരുമാനിച്ചത്.
ഇതിനുപുറമേ ആരോപണവിധേയരായ മറ്റുതാരങ്ങള്‍ അഭിനയിച്ച പരസ്യങ്ങള്‍ എല്ലാം ചാനലുകളില്‍നിന്നും ഒഴിവാക്കാനും ബന്ധപ്പെട്ട ബ്രാന്‍ഡുകള്‍ നിര്‍ദേശിച്ചിട്ടുണ്ട്. ആരോപണങ്ങളില്‍ ഉള്‍പ്പെട്ട താരങ്ങള്‍ ബ്രാന്‍ഡ് അംബാസിഡര്‍മാരായ ടെക്സ്റ്റൈല്‍ സ്ഥാപനങ്ങള്‍ ഉള്‍പ്പടെയുള്ള ബ്രാന്‍ഡുകളും പരസ്യങ്ങള്‍ പിന്‍വലിച്ചിട്ടുണ്ട്. ഓണവിപണി മുന്‍കൂട്ടികണ്ട് ഹോര്‍ഡിങ്സിനായി ഫോട്ടോഷൂട്ടുവരെ ചെയ്തവരാണ് ഈ ബ്രാന്‍ഡുകളില്‍ ചിലത്.
തമിഴ്നാട്ടിലും കേരളത്തിലും സജീവമായ മറ്റൊരു പ്രമുഖ ടെക്സ്റ്റൈല്‍ ഗ്രൂപ്പും ആരോപണവിധേയനായ ഒരുതാരത്തെ ബ്രാന്‍ഡ് അംബാസിഡര്‍ ആക്കി നിര്‍മിച്ച വീഡിയോ പരസ്യങ്ങളും ഹോര്‍ഡിങ്സുകളും ഔട്ട്ഡോര്‍ പരസ്യങ്ങളും പിന്‍വലിച്ചു തുടങ്ങിയിട്ടുണ്ട്. തിരുവനന്തപുരം മുതല്‍ എറണാകുളം വരെയുള്ള സിനിമാ തീയേറ്ററുകളില്‍ ഈ താരത്തെ ഉള്‍പ്പെടുത്തിയുള്ള പരസ്യം സ്ഥിരമായി പ്രദര്‍ശിപ്പിച്ചിരുന്നു. പരസ്യം പിന്‍വലിക്കാന്‍ ഈ ഗ്രൂപ്പ് നിര്‍ബന്ധിതമായതോടെ ലക്ഷങ്ങളുടെ നഷ്ടമാണ് ഇതുവഴി ബ്രാന്‍ഡിന് സംഭവിച്ചത്.
അതേസമയം ബ്രാന്‍ഡ് അംബാസിഡര്‍മാരായ വരുന്നവര്‍ വിവാദങ്ങളില്‍ അകപ്പെടുന്ന സംഭവങ്ങള്‍ മുമ്പും ഉണ്ടായിട്ടുണ്ട്. ഇത്തരം സന്ദര്‍ഭങ്ങളില്‍ ഇവരെ മാറ്റിനിര്‍ത്തുകയും പരസ്യങ്ങള്‍ പിന്‍വലിക്കുകയുമാണ് സാധാരണ ചെയ്യാറുള്ളത്.
ഓണം പടിവാതില്ക്കല് നില്‍ക്കേ താരങ്ങള്‍ വിവാദത്തില്‍ ഉള്‍പ്പെട്ടതോടെ ബ്രാന്‍ഡുകള്‍ക്കും പരസ്യ ഏജന്‍സികള്‍ക്കും തിരിച്ചടിയാകും. പൂര്‍ത്തിയാക്കിയ പരസ്യം റിലീസ് ചെയ്യാന്‍ പോലും പറ്റാത്ത അവസ്ഥയാണ് മിക്ക പരസ്യ ഏജന്‍സികള്‍ക്കും. വിവാദങ്ങള്‍ ബ്രാന്‍ഡുകളുടെ സല്‍പ്പേരിന് ദോഷം ചെയ്യുമെന്നതിനാല്‍ കമ്പനികള്‍ ഇക്കാര്യത്തില്‍ മുന്പത്തേക്കാള് ജാഗ്രത പുലര്‍ത്തുന്നുണ്ട്.
ആരോപണവിധേയരായ സിനിമ താരങ്ങളെ ഉള്‍പ്പടെ ഉദ്ദേശിച്ചുകൊണ്ട് ഓണവിപണി ലക്ഷ്യമിട്ട് ഉദ്ഘാടനത്തിനായി തയ്യാറാക്കിയ പ്ലാനുകളും വിവിധ ബ്രാന്‍ഡുകളും സ്ഥാപനങ്ങളും ഉപേക്ഷിച്ചിരിക്കുകയാണ്. സിനിമ താരങ്ങളെ ഉള്‍പ്പെടുത്തി തയാറാക്കിയ പ്രമുഖരായ പത്തോളം ബ്രാന്‍ഡുകളുടെ പരസ്യങ്ങളാണ് കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ഉപേക്ഷിച്ചത്. പല ഏജന്‍സികളും ഷൂട്ടിംഗ് പൂര്‍ത്തിയാക്കിയ പരസ്യങ്ങള്‍ക്കു പകരം പുതിയത് ചെയ്യുന്ന തിരക്കിലാണ്. എന്തായാലും ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന് പിന്നാലെ വന്ന ആരോപണങ്ങള്‍ ഓണക്കാല പരസ്യവിപണിയെയും കാര്യമായി ബാധിച്ചിട്ടുണ്ട്.