സാധാരണമെന്നോ സ്വാഭാവികമെന്നോ ഒക്കെ നമുക്ക് തോന്നുമെങ്കിലും വളരെ ഗൗരവത്തോടെ എടുക്കേണ്ട ഒരു വിഷയമാണിത്. അടുത്തിടെ ക്രഡിറ്റ് റേറ്റിങ് ഏജന്‍സിയായ കെയര്‍ എഡ്ജ് പുറത്തുവിട്ട റിപ്പോര്‍ട്ട് പ്രകാരം ഇന്ത്യയിലെ ഭൂരിഭാഗം കുടുംബങ്ങളും കടക്കെണിയില്‍ മുങ്ങിയിരിക്കുന്നു എന്നാണ്. ബാങ്കുകളും ധനകാര്യസ്ഥാപനങ്ങളും ലോണ്‍ വ്യവസ്ഥകള്‍ ഉദാരമാക്കിയതും ലോണ്‍ ആപ്പുകളുടെ അതിപ്രസരവുമാണ് മിക്കവാറും പേരെ കടക്കാരാക്കിയിരിക്കുന്നത്. കാര്യമായ വരുമാനരേഖകള്‍ ഇല്ലാത്തവര്‍ക്കുപോലും ചെറുതോ വലുതോ ആയ തുകകള്‍ പല ധനകാര്യസ്ഥാപനങ്ങളും വന്‍പലിശ ഈടാക്കി വായ്പ നല്‍കുന്നുണ്ട്. സാധാരണക്കാരന്റെപോലും നിത്യചെലവുകള്‍ വര്‍ധിച്ചതും അത്തരം ചെലവുകള്‍ നിര്‍വഹിക്കാനുള്ള വരുമാനം ലഭിക്കാതെ വരുന്നതുമാണ് പലരെയും പേഴ്സണല്‍ ലോണിലേക്കോ കണ്‍സ്യൂമര്‍ ലോണിലേക്കോ തള്ളിവിടുന്നത്. പേഴ്സണല്‍ ലോണും കണ്‍സ്യൂമര്‍ ലോണും ക്രഡിറ്റ് കാര്‍ഡുകളും ഭവനവായ്പകളുമാണ് ഇന്ത്യയിലെ സാധാരണക്കാരെ കൂടുതലായി കടക്കെണിയില്‍ പെടുത്തിയിരിക്കുന്നത്.
ഭവന വായ്പകളും ഈടില്ലാത്ത വായ്പകളും നല്കാന് ധനകാര്യസ്ഥാപനങ്ങള്‍ മത്സരിക്കുന്ന കാഴ്ചയാണ് നമുക്ക് ചുറ്റും. 2022-23 സാമ്പത്തിക വര്‍ഷത്തെ കണക്കുപ്രകാരം ജിഡിപിയുടെ 38 ശതമാനമാണ് ഇന്ത്യയിലെ കുടുംബങ്ങളുടെ കടം. ഇത് ലോകത്തെ മറ്റു മുന്‍നിര വികസ്വര രാജ്യങ്ങളായ ബ്രസീല്‍, ദക്ഷിണാഫ്രിക്ക എന്നിവിടങ്ങളിലേതിനേക്കാള്‍ കൂടുതലാണെന്നും റേറ്റിങ് ഏജന്‍സിയായ കെയര്‍ എഡ്ജിന്റെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. 2023-24ന്റെ അവസാന പാദത്തോടെ ഇന്ത്യന്‍ കുടുംബങ്ങളുടെ കടം ജിഡിപിയുടെ 39.1 ശതമാനമായിട്ടുണ്ടെന്നാണ് അനുമാനം.
രാജ്യത്തെ റീട്ടെയ്ല്‍ വായ്പകളില്‍ 50 ശതമാനവും ഭവന വായ്പകളാണ്. ഈട് നല്‍കേണ്ടാത്ത വായ്പകളുടെ ലഭ്യത കൂടിയതും ഇന്ത്യന്‍ കുടുംബങ്ങളെ കടത്തിലേക്കു തള്ളിവിട്ടെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ക്രെഡിറ്റ് കാര്‍ഡ് എളുപ്പം ലഭ്യമാകുന്നതും നിയന്ത്രണമില്ലാത്ത ചെലവുകളും കടം ഉയര്‍ത്തി. എന്നാല്‍, കടബാധ്യതയുടെ സംഖ്യ വന്‍തോതില്‍ വളരാന്‍ മുഖ്യ കാരണമായത് ഭവന വായ്പകളുടെ എണ്ണം വര്‍ധിച്ചതാണെന്നും റിപ്പോര്‍ട്ട് പറയുന്നു.
സ്വന്തമായി ഒരു വീട് എന്നത് ചിലര്‍ക്കെങ്കിലും ഒരു സ്റ്റാറ്റസ് ഇഷ്യു ആയി മാറുകയാണെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. അതുകൊണ്ടുതന്നെ ഭവനവായ്പ എടുത്ത് വീട് നിര്‍മിക്കാനാണ് പലരും ശ്രമിക്കുന്നത്. നിലവില്‍ ലഭിക്കുന്ന പ്രതിമാസ വരുമാനത്തിന്റെ ഒഴുക്ക് ഭാവിയില്‍ എത്രനാളത്തേക്ക് ഉണ്ടാകുമെന്നുപോലും ചിന്തിക്കാതെ ദീര്‍ഘകാലത്തേക്ക് എടുക്കുന്ന ഭവനവായ്പകള്‍ പലര്‍ക്കും കെണി ആയി മാറുന്നുവെന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു.
ക്രെഡിറ്റ് കാര്‍ഡുകളുടെ അമിതമായ ഉപയോഗമാണ് മറ്റൊരു വില്ലന്‍. യാതൊരു വരുമാനവും ഇല്ലാത്തവര്‍ക്കുപോലും ബാങ്കുകളും എന്‍ബിഎഫ്സികളും ക്രഡിറ്റ് കാര്‍ഡ് നിര്‍ബന്ധിച്ച് അടിച്ചേല്‍പ്പിക്കുന്ന പ്രവണത രാജ്യത്ത് വര്‍ധിച്ചുവരുന്നു. നമുക്കറിയാം, നമ്മുടെ ഫോണുകളിലേക്ക് എത്രയോ ലോണ്‍ എസ്എംഎസുകളും ക്രഡിറ്റ് കാര്‍ഡ് മെസേജുകളുമാണ് ദിനംപ്രതി എത്തുന്നത്. മാളുകളിലും പ്രധാനപ്പെട്ട നഗരങ്ങളിലെ പൊതുവഴികളില്‍പോലും ക്രഡിറ്റ് കാര്‍ഡ് ഏജന്റുമാര്‍ വലവിരിച്ചു കാത്തുനില്‍ക്കുന്നത് നമ്മള് പലയിടങ്ങളിലും കണ്ടിട്ടുണ്ടാകും. കോവിഡിനുശേഷമാണ് ക്രഡിറ്റ് കാര്‍ഡുകളുടെ വിതരണം ഇന്ത്യയില്‍ സജീവമായത്. തീര്‍ത്തും സാധാരണക്കാരാണ് ക്രഡിറ്റ് കാര്‍ഡുകളിലൂടെ കടക്കാരായി മാറിയിരിക്കുന്നത്. കോവിഡിന് മുന്‍പ് ക്രഡിറ്റ് കാര്‍ഡുകള്‍ ലഭിക്കാന്‍ അത്ര എളുപ്പമല്ലായിരുന്നുവെങ്കിലും കോവിഡിനുശേഷം എന്‍ബിഎഫ്സികള്‍ വ്യാപകമായി ക്രഡിറ്റ് കാര്‍ഡുകള്‍ നല്കാന് മത്സരിക്കുന്ന കാഴ്ചയാണിപ്പോള്‍. അതുകൊണ്ടു തന്നെ കഴിഞ്ഞ മൂന്നുവര്‍ഷത്തിനിടെ രാജ്യത്തെ ക്രഡിറ്റ് കാര്‍ഡ് വായ്പാ ബാധ്യത 21ശതമാനമായി വര്‍ധിച്ചുവെന്നും സാമ്പത്തിക വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.