വാള്‍മാര്‍ട്ടിന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഡിജിറ്റല്‍ പേയ്മെന്റ് സ്ഥാപനമായ ഫോണ്‍പേ ഇന്ത്യയില്‍ 200 മില്യണ്‍ ഡോളര്‍ നിക്ഷേപിക്കുന്നു. രാജ്യത്ത് ഡാറ്റാ സെന്ററുകള്‍ നിര്‍മ്മിക്കുന്നതിനായാണ് ഏകദേശം 1,661 കോടി രൂപ നിക്ഷേപിക്കാന്‍ ഫോണ്‍പേ തയ്യാറാകുന്നത്. സാമ്പത്തിക മേഖലയിലുള്ള ഒരു സ്ഥാപനം അതിന്റെ വിശദാംശങ്ങള്‍ ഉള്‍പ്പടെയുള്ള ഡാറ്റകള്‍ വിദേശത്ത് സൂക്ഷിക്കുന്നതിനെ റെഗുലേറ്ററി ബോര്‍ഡ് പ്രോത്സാഹിപ്പിക്കുന്നില്ല. ഡാറ്റ സൂക്ഷിക്കുന്നത് പ്രാദേശികമായിട്ടായിരിക്കണം എന്ന റെഗുലേറ്ററി നിര്‍ബന്ധമാണ് പുതിയ ഡാറ്റ സെന്റര്‍ ആരംഭിക്കാനുള്ള കാരണമെന്ന് കമ്പനിയുടെ സഹസ്ഥാപകനും ചീഫ് ടെക്നോളജി ഓഫീസറുമായ രാഹുല്‍ ചാരി പറഞ്ഞു. നവി മുംബൈയില്‍ പുതിയ ഡാറ്റ സെന്റര്‍ ആരംഭിച്ചിട്ടുണ്ട് ഫോണ്‍ പേ. ഇവിടെ 200 മില്യണ്‍ ഡോളര്‍ നിക്ഷേപം നടര്‍ത്തുമെന്ന് രാഹുല്‍ ചാരി പറഞ്ഞു. കമ്പനി ഇതിനകം 150 മില്യണ്‍ ഡോളര്‍ നിക്ഷേപിച്ചിട്ടുണ്ടെന്നും എന്നാല്‍ ബാക്കി 50 മില്യണ്‍ നിക്ഷേപിക്കുമെന്നും അദ്ദേഹം പറഞ്ഞു.