നികുതിവരുമാന വളര്‍ച്ച: കേരളത്തിന് രണ്ടാം സ്ഥാനം

നടപ്പുസാമ്പത്തിക വര്‍ഷം രാജ്യത്തെ സംസ്ഥാനനികുതി വരുമാനത്തിലെ വളര്‍ച്ചാനിരക്കില്‍ കേരളം രണ്ടാംസ്ഥാനത്ത്. 41 ശതമാനം വളര്‍ച്ചയോടെ ഏപ്രില്‍-സെപ്തംബറില്‍ കേരളം നേടിയത് 33,175 കോടി രൂപയാണ്. ദക്ഷിണേന്ത്യയില്‍ ഏറ്റവും ഉയര്‍ന്ന വളര്‍ച്ച കേരളത്തിന്റേതാണ്. രാജ്യത്ത് ഏറ്റവുമധികം നികുതിവരുമാനം നേടിയതും ഉയര്‍ന്ന വളര്‍ച്ചാനിരക്ക് കുറിച്ചതും മഹാരാഷ്ട്രയാണ്. 2021-22ലെ സമാനകാലത്തെ 81,395 കോടി രൂപയില്‍ നിന്ന് മഹാരാഷ്ട്രയുടെ നികുതിവരുമാനം 42 ശതമാനം ഉയര്‍ന്ന് 1.15 ലക്ഷം കോടി രൂപയായി. 29 ശതമാനം വളര്‍ച്ചയോടെ 1.02 ലക്ഷം കോടി രൂപ നേടി വരുമാനത്തില്‍ രണ്ടാംസ്ഥാനത്ത് ഉത്തര്‍പ്രദേശാണ്.

മൂന്നാംസ്ഥാനം കര്‍ണാടകയില്‍ നിന്ന് തമിഴ്നാട് പിടിച്ചെടുത്തു. 50,324 കോടി രൂപയില്‍ നിന്ന് തമിഴ്‌നാടിന്റെ വരുമാനം 68,638 കോടി രൂപയായി ഉയര്‍ന്നു. നാലാമതായ കര്‍ണാടകയുടെ വരുമാനം 53,566 കോടി രൂപയില്‍ നിന്ന് 66,158 കോടി രൂപയിലെത്തി. വരുമാനവളര്‍ച്ചയില്‍ ദക്ഷിണേന്ത്യയില്‍ ഏറ്റവും പിന്നില്‍ ആന്ധ്രാപ്രദേശാണ്; 9 ശതമാനം.

Related posts