യു.പി.ഐ ഇടപാടുകളില്‍ ഇടിവ്

കഴിഞ്ഞമാസങ്ങളില്‍ മികച്ച വര്‍ദ്ധന നേടിയ യു.പി.ഐ പേമെന്റ് ഇടപാട് മൂല്യം കഴിഞ്ഞമാസം കുറഞ്ഞു. 11.90 ലക്ഷം കോടി രൂപയുടെ ഇടപാടുകളാണ് കഴിഞ്ഞമാസം നടന്നതെന്ന് നാഷണല്‍ പേമെന്റ്സ് കോര്‍പ്പറേഷന്‍ ഒഫ് ഇന്ത്യ (എന്‍.പി.സി.ഐ) വ്യക്തമാക്കി. ഒക്ടോബറില്‍ ഇടപാട് മൂല്യം 12.11 ലക്ഷം കോടി രൂപയായിരുന്നു; കഴിഞ്ഞമാസം ഇടിവ് 1.7 ശതമാനം. മൊത്തം ഇടപാടുകളുടെ എണ്ണം ഒക്ടോബറിലെ 730.5 കോടിയില്‍ നിന്ന് 730.9 കോടിയിലെത്തി. 2021 നവംബറിനെ അപേക്ഷിച്ച് കഴിഞ്ഞമാസത്തെ ഇടപാട് മൂല്യത്തില്‍ 55 ശതമാനം വര്‍ദ്ധനയുണ്ട്.  

ഡിജിറ്റല്‍ കറന്‍സി; ഇ- റുപ്പിയുടെ പരീക്ഷണ ഇടപാട് ഇന്ന്

റിസര്‍വ് ബാങ്കിന്റെ ഡിജിറ്റല്‍ കറന്‍സിയായ ‘ഇ-റുപ്പി’യുടെ ആദ്യ പരീക്ഷണ ഇടപാട് ഇന്ന്. ബാങ്കുകള്‍ അടക്കമുള്ള സാമ്പത്തിക സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട ഹോള്‍സെയില്‍ ഇടപാടുകളില്‍ മാത്രമാണ് ഇന്നു പരീക്ഷണം. പൊതുജനങ്ങള്‍ക്കുള്ള റീട്ടെയ്ല്‍ ഇ-റുപ്പിയുടെ പരീക്ഷണ ഇടപാട് ഒരു മാസത്തിനകം നടക്കും. നിലവിലുള്ള കറന്‍സിയുടെ ഡിജിറ്റല്‍ രൂപമാണ് സെന്‍ട്രല്‍ ബാങ്ക് ഡിജിറ്റല്‍ കറന്‍സി (സിബിഡിസി). ഇതിലൂടെ കറന്‍സിയുടെ അച്ചടി, വിതരണം, സൂക്ഷിക്കല്‍ എന്നിവയിലുള്ള ചെലവു ലാഭിക്കാം. സര്‍ക്കാര്‍ കടപ്പത്ര ഇടപാടുകളിലായിരിക്കും ഇ-റുപ്പി ഇന്നു പരീക്ഷിക്കുക. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ബാങ്ക് ഓഫ് ബറോഡ, യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ അടക്കം 9 ബാങ്കുകള്‍ ഇതില്‍ പങ്കാളികളാണ്.

എയര്‍ടെല്‍ 5ജി 8 നഗരങ്ങളില്‍

ഭാരതി എയര്‍ടെലിന്റെ 5ജി സേവനം എട്ടു നഗരങ്ങളില്‍ ആരംഭിച്ചു. ഡല്‍ഹി, മുംബൈ, ചെന്നൈ, ബെംഗളൂരു, ഹൈദരാബാദ്, സിലിഗുരി, നാഗ്പുര്‍, വാരാണസി എന്നിവിടങ്ങളിലാണ് സേവനം ലഭ്യമാക്കുന്നത്. 5ജി സേവനം ആവശ്യമുള്ള ഉപയോക്താക്കള്‍ക്ക് നിലവിലുള്ള 4ജി പ്ലാനിന് അനുസരിച്ചുള്ള നിരക്കാകും നല്‍കേണ്ടത്.