ഓണ്‍ലൈന്‍ വിപണിയില്‍ വന്‍കിട കമ്പനികള്‍ ഉല്‍പന്നങ്ങള്‍ക്കും സേവനങ്ങള്‍ക്കും പരിധി വിട്ട ഡിസ്‌കൗണ്ട് നല്‍കുന്നതില്‍ ആശങ്ക രേഖപ്പെടുത്തി പാര്‍ലമെന്റിന്റെ സ്ഥിരം സമിതി. ചില ഉല്‍പന്നങ്ങളുടെ വില ഉല്‍പാദനച്ചെലവിനെക്കാള്‍ താഴേക്ക് ഇടിക്കാന്‍ ഇത്തരം പ്രവണതകള്‍ വഴിവയ്ക്കുന്നു. മറ്റ് ചെറുകിട സ്ഥാപനങ്ങള്‍ക്കും ഓണ്‍ലൈന്‍ കമ്പനികള്‍ക്കും വിപണിയില്‍ മത്സരിക്കാനുള്ള സാധ്യത പോലും ഇവയില്ലാതാക്കുന്നുവെന്ന് സമിതി വിലയിരുത്തി. ഫെയ്‌സ്ബുക്, ഗൂഗിള്‍ പോലെയുള്ള വന്‍കിട ടെക് കമ്പനികളുടെ പരസ്യ ബിസിനസ് കുത്തക ഭീഷണി സൃഷ്ടിക്കുന്നതാണ്. വിപണിയില്‍ വമ്പന്‍ ടെക് കമ്പനികളുടെ ആധിപത്യം നിയന്ത്രിക്കാനായി ഡിജിറ്റല്‍ കോംപറ്റീഷന്‍ നിയമം വേണമെന്നതടക്കമുള്ള ശുപാര്‍ശകളാണ് സമിതി മുന്നോട്ട് വച്ചിരിക്കുന്നത്. ജയന്ത് സിന്‍ഹ എംപി അധ്യക്ഷനായ സമിതിയുടേതാണ് ശുപാര്‍ശകള്‍. ഡിജിറ്റല്‍ മേഖലയില്‍ കുറഞ്ഞ സമയം കൊണ്ട് ഒന്നോ രണ്ടോ വമ്പന്‍ കമ്പനികള്‍ വിപണി കീഴടക്കുന്ന അവസ്ഥ തടയാനായി മുന്‍കൂര്‍ നടപടികള്‍ വേണം. നിലവില്‍ കമ്പനികള്‍ പടര്‍ന്ന് പന്തലിച്ച ശേഷമാണ് നിയന്ത്രണങ്ങള്‍ക്ക് ശ്രമിക്കുന്നത്.…