കേരള ബാങ്ക് ഐ.ടി സംയോജനം ഡിസംബറില്‍ പൂര്‍ത്തിയാകും: ഗോപി കോട്ടമുറിക്കല്‍

കേരള ബാങ്കിന്റെ ഐ.ടി സംയോജനം ഡിസംബറില്‍ പൂര്‍ത്തിയാകുമെന്ന് പ്രസിഡന്റ് ഗോപി കോട്ടമുറിക്കല്‍ പറഞ്ഞു. ഇതിന്റെ സുപ്രധാന കടമ്പകള്‍ പൂര്‍ത്തിയായി. വിരല്‍ത്തുമ്പില്‍ എല്ലാസൗകര്യങ്ങളും ലഭ്യമാകുന്നവിധം കേരള ബാങ്ക് മാറുകയാണെന്നും അദ്ദേഹം പറഞ്ഞു. ബാങ്കിന്റെ നാലാം വാര്‍ഷികത്തോടനുബന്ധിച്ച് എറണാകുളത്ത് നടന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ക്യൂ.ആര്‍ കോഡ് ഉപയോഗിച്ച് മൊബൈലില്‍ ഓരോ മാസത്തെയും വിശേഷദിനങ്ങളും പ്രത്യേകതകളും ബാങ്കിന്റെ പദ്ധതികളും മനസിലാക്കാന്‍ കഴിയുന്ന 2023 വര്‍ഷത്തെ കലണ്ടര്‍ ചടങ്ങില്‍ പ്രകാശനം ചെയ്തു. കാക്കനാട് ക്രെഡിറ്റ് പ്രോസസിംഗ് സെന്ററില്‍ രാവിലെ അദ്ദേഹം പതാക ഉയര്‍ത്തി. ബാങ്ക് ഭരണ സമിതിഅംഗം അഡ്വ.പുഷ്പദാസ്, ബോര്‍ഡ് ഒഫ് മാനേജ്മെന്റ് അംഗം അഡ്വ.മാണി വിതയത്തില്‍, ചീഫ് ജനറല്‍ മാനേജര്‍ എ.ആര്‍.രാജേഷ്, ജനറല്‍ മാനേജര്‍ ഡോ.എന്‍.അനില്‍കുമാര്‍, ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ ഷാജു പി.ജോര്‍ജ് എന്നിവര്‍ പങ്കെടുത്തു.  

ഒന്നാമതാകാന്‍ കേരള ബാങ്ക്

105 വര്‍ഷത്തെ ചരിത്രമുള്ള കേരള സംസ്ഥാന സഹകരണ ബാങ്ക് കേരള ബാങ്കായി മാറിയത് 2019 നവംബര്‍ 29നാണ്. മൂന്നുവര്‍ഷം പൂര്‍ത്തിയാകുന്ന വേളയില്‍ ഏഷ്യയിലെ ആദ്യ ഐടി ഇന്റഗ്രേറ്റഡ് സഹകരണ ബാങ്ക് എന്ന ചരിത്ര നേട്ടത്തിലേക്ക് അടുക്കുകയാണ് കേരള ബാങ്ക്. രൂപീകരണ ശേഷം നടന്ന ആദ്യ തെരഞ്ഞെടുപ്പിലൂടെ പ്രസിഡന്റ് പദത്തിലേക്കെത്തിയ ഗോപി കോട്ടമുറിക്കല്‍ കേരള ബാങ്കിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ചും ഭാവി പദ്ധതികളെ കുറിച്ചും സംസാരിക്കുന്നു. നഷ്ടത്തില്‍ നിന്നും ലാഭത്തിലേക്ക് കേരളത്തിലെ ഒന്നാമത്തെ ബാങ്കായി കേരള ബാങ്കിനെ മാറ്റുകയെന്ന ലക്ഷ്യത്തോടെയാണ് നിലവിലെ ഭരണസമിതി അധികാരത്തിലെത്തിയത്. മലപ്പുറം ഒഴികെ മറ്റ് പതിമൂന്ന് ജില്ലാ സഹകരണ ബാങ്കുകളെ സംയോജിപ്പിച്ചാണ് കേരള ബാങ്ക് രൂപീകരിച്ചത്. കേരള ബാങ്ക് രൂപം കൊള്ളുമ്പോള്‍ 1381.62 കോടി രൂപയുടെ നഷ്ടമായിരുന്നു ഉണ്ടായിരുന്നത്. തിരുവന്തപുരം ജില്ലാസഹകരണ ബാങ്കിന് മാത്രം 700 കോടി രൂപ നഷ്ടമുണ്ടായിരുന്നു. നാമമാത്രമായ ലാഭത്തിലുണ്ടായിരുന്നത് കോഴിക്കോട്, എറണാകുളം ജില്ലാ…