ആദ്യ ഹീറോ വിഡ പുറത്തിറക്കി

കാത്തിരിപ്പിനൊടുവില്‍ ഹീറോ മോട്ടോകോര്‍പ്പിന്റെ പുതിയ ഇലക്ട്രിക് സ്‌കൂട്ടര്‍ പുറത്തിറക്കി. ലോകത്തിലെ ഏറ്റവും വലിയ ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ ഹീറോ മോട്ടോകോര്‍പ്പിന്റെ പുതിയ സബ് ബ്രാന്‍ഡായ വിഡയ്ക്ക് കീഴിലാണ് സ്‌കൂട്ടര്‍ പുറത്തിറക്കിയത്. ഹീറോ വിഡ വി1 എന്നാണ് സ്‌കൂട്ടറിന്റെ പേര്. പുതിയ വിഡ വി1 ഇലക്ട്രിക് സ്‌കൂട്ടര്‍ വി1 പ്ലസ്, വി1 പ്രോ എന്നിങ്ങനെ രണ്ട് വേരിയന്റുകളില്‍ ലഭ്യമാണ്. ഇവയ്ക്ക് യഥാക്രമം 1.45 ലക്ഷം രൂപയും 1.59 ലക്ഷം രൂപയുമാണ് വില. പുതിയ ഹീറോ വിഡ വി1 ഇ-സ്‌കൂട്ടര്‍ കമ്പനി ഘട്ടം ഘട്ടമായി പുറത്തിറക്കും. ആദ്യം ബാംഗ്ലൂര്‍, ദില്ലി, ജയ്പൂര്‍ എന്നിവിടങ്ങളില്‍ വില്‍പ്പനയ്ക്കെത്തും. താല്‍പ്പര്യമുള്ള ഉപഭോക്താക്കള്‍ക്ക് ഒക്ടോബര്‍ 10 മുതല്‍ 2,499 രൂപ ടോക്കണ്‍ തുക നല്‍കി സ്‌കൂട്ടര്‍ ഓണ്‍ലൈനായി ബുക്ക് ചെയ്യാം.

ഹീറോയുടെ ആദ്യ ഇലക്ട്രിക് സ്‌കൂട്ടര്‍ നാളെ പുറത്തിറങ്ങും

ഹീറോ മോട്ടോകോര്‍പ്പിന്റെ ആദ്യത്തെ ഇലക്ട്രിക് സ്‌കൂട്ടര്‍ നാളെ അവതരിപ്പിക്കും. ഹീറോയുടെ പുതിയ സബ് ബ്രാന്‍ഡായ വിഡയ്ക്ക് കീഴിലാണ് പുതിയ സ്‌കൂട്ടര്‍ പുറത്തിറക്കുന്നത്. കഴിഞ്ഞ ജൂലൈയില്‍ പുറത്തിറക്കാനാണ് ആദ്യം പദ്ധതിയിട്ടിരുന്നത്. എന്നാല്‍ പലതവണ വൈകി. സ്വാപ്പ് ചെയ്യാവുന്ന ബാറ്ററി സാങ്കേതികവിദ്യയോടെയാണ് വിഡ ഇലക്ട്രിക് സ്‌കൂട്ടര്‍ വരുന്നതെന്ന് കമ്പനി പറയുന്നു. ഹീറോ മോട്ടോകോര്‍പ്പിന് തായ്വാന്‍ ആസ്ഥാനമായുള്ള ബാറ്ററി സ്വാപ്പിംഗ് ഇന്‍ഫ്രാസ്ട്രക്ചര്‍ പ്രൊവൈഡറായ ഗോഗോറോയുമായി പങ്കാളിത്തമുണ്ട്. ഇന്ത്യയ്ക്കും ആഗോള വിപണികള്‍ക്കുമായി ഇലക്ട്രിക് സ്‌കൂട്ടര്‍ വികസിപ്പിക്കാന്‍ രണ്ട് ബ്രാന്‍ഡുകളും പദ്ധതിയിടുന്നു.