കൊപ്ര വില ഇടിയുന്നു

കേരളത്തിലെയും തമിഴ്‌നാട്ടിലെയും കര്‍ഷകരില്‍ നിന്നു നാഷനല്‍ അഗ്രികള്‍ചറല്‍ കോഓപ്പറേറ്റീവ് മാര്‍ക്കറ്റിങ് ഫെഡറേഷന്‍ (നാഫെഡ്) സംഭരിച്ച 40855 ടണ്‍ കൊപ്ര പൊതുവിപണിയില്‍ വില്‍ക്കുന്നു. ഇതിനുള്ള ഓണ്‍ലൈന്‍ ലേലം ആരംഭിച്ചതോടെ കേരളത്തില്‍ കൊപ്രവില ഇടിഞ്ഞു തുടങ്ങി. കുറഞ്ഞ വിലയ്ക്കു നാഫെഡില്‍ നിന്നു കൊപ്ര ലഭിക്കുമെന്നതിനാല്‍ വെളിച്ചെണ്ണ ഉല്‍പാദന കമ്പനികള്‍ കേരളത്തിലെ മൊത്തവ്യാപാരികളില്‍ നിന്നു കൊപ്ര വാങ്ങുന്നതു കുറച്ചതാണു കാരണം. ആവശ്യത്തിനു സംഭരണ കേന്ദ്രങ്ങളില്ലാത്തതിനാല്‍, കേന്ദ്ര സര്‍ക്കാര്‍ നാഫെഡ് വഴി നടത്തിയ കൊപ്രസംഭരണത്തിന്റെ ഗുണം കേരളത്തിലെ കര്‍ഷകര്‍ക്കു ലഭിച്ചിരുന്നില്ല. തമിഴ്‌നാട്ടില്‍ നിന്നു 40600 ടണ്‍ സംഭരിച്ചപ്പോള്‍ കേരളത്തില്‍ നിന്നു സംഭരിച്ചത് 255 ടണ്‍ മാത്രമാണ്. തമിഴ്‌നാട്ടില്‍ നിന്നു സംഭരിച്ച കൊപ്രയുള്‍പ്പെടെ പൊതുവിപണിയില്‍ വില്‍ക്കാനുള്ള തീരുമാനം കേരളത്തിലെ കര്‍ഷകര്‍ക്കു വീണ്ടും തിരിച്ചടിയായി. ദേശീയതലത്തില്‍ നടത്തുന്ന ഓണ്‍ലൈന്‍ ലേലം വഴിയാണു നാഫെഡ് കൊപ്ര വിറ്റഴിക്കുന്നത്. ഇത്രയും വലിയ അളവില്‍ കൊപ്ര ഒരുമിച്ചു വിപണിയിലെത്തുന്നതോടെ കേരളത്തില്‍…

സര്‍ക്കാരിന് ലാഭവിഹിതം കൈമാറി കേരഫെഡ്

പൊതുമേഖലാ സ്ഥാപനമായ കേരഫെഡ് ലാഭവിഹിതമായി 1.80 കോടി രൂപ സംസ്ഥാന സര്‍ക്കാരിന് കൈമാറി. മന്ത്രി പി.പ്രസാദ്, കേരഫെഡ് ചെയര്‍മാന്‍ വി.ചാമുണ്ണി, വൈസ് ചെയര്‍മാന്‍ കെ.ശ്രീധരന്‍, മാനേജിംഗ് ഡയറക്ടര്‍ അശോക് എന്നിവര്‍ ചേര്‍ന്നാണ് ലാഭവിഹിതം മുഖ്യമന്ത്രി പിണറായി വിജയന് കൈമാറിയത്. 2019-20 സാമ്പത്തികവര്‍ഷം കേരഫെഡ് ഉത്പന്നങ്ങളുടെ വിപണനത്തിലൂടെ 288.93കോടി രൂപയും മറ്റിനങ്ങളില്‍ നിന്നുള്ള 24.64 കോടി രൂപയും ഉള്‍പ്പെടെ 313.57കോടി രൂപ വരവും 289.70കോടിയുടെ ചെലവും 23.87കോടി രൂപ മൊത്ത ലാഭവും കുറിച്ചിരുന്നു. ആകെ 6.58 കോടി രൂപയായിരുന്നു അറ്റലാഭം. സര്‍ക്കാരിന് കേരഫെഡിലുള്ള ഓഹരി മൂലധനത്തിന്റെ 5 ശതമാനം തുകയായ 1.80 കോടി രൂപയാണ് ലാഭവിഹിതമായി നല്‍കിയത്. നാഷണല്‍ കോ-ഓപ്പറേറ്റീവ് ഡെവലപ്മെന്റ് കോര്‍പ്പറേഷന് കേരഫെഡിലെ ഓഹരി മൂലധനമായ 86.4 ലക്ഷം രൂപയും ലാഭവിഹിതമായി നല്‍കും.