ഗതാഗതരംഗത്തിന് പുത്തന്‍ ഉണര്‍വായി ഗതിശക്തി

കേന്ദ്രസര്‍ക്കാരിന്റെ പിഎം ഗതിശക്തി പദ്ധതി പ്രകാരം, ഇന്ത്യന്‍ റെയില്‍വേ ഇതുവരെ കമ്മീഷന്‍ ചെയ്തത് 15 കാര്‍ഗോ ടെര്‍മിനലുകള്‍. ഭാവിയില്‍ രാജ്യത്തെ 96ലധികം ലൊക്കേഷനുകളിലേയ്ക്ക് പദ്ധതി വ്യാപിപ്പിക്കും. അടുത്ത മൂന്നു വര്‍ഷത്തിനുള്ളില്‍ ടെര്‍മിനലുകളുടെ എണ്ണം നൂറായി വര്‍ദ്ധിപ്പിക്കും. കാര്‍ഗോ ടെര്‍മിനലുകളുടെ നിര്‍മ്മാണചുമതല സ്വകാര്യ ഏജന്‍സികള്‍ക്കായിരിക്കും. റെയില്‍വേയുടെ ഉടമസ്ഥതയിലല്ലാത്ത ഭൂമി, മുഴുവനായോ, ഭാഗികമായോ റെയില്‍വേ ഉടമസ്ഥതയിലുള്ള ഭൂമി എന്നിവിടങ്ങളില്‍ ടെര്‍മിനലുകള്‍ നിര്‍മ്മിക്കാന്‍ അനുമതിയുണ്ട്. റെയില്‍വേയുടെ ഉടമസ്ഥതയിലല്ലാത്ത ഭൂമി ഏറ്റെടുക്കുകയാണെങ്കില്‍, അത് കണ്ടെത്തേണ്ട പൂര്‍ണ്ണചുമതല ഓപ്പറേറ്റര്‍മാര്‍ക്കായിരിക്കും. മള്‍ട്ടിമോഡല്‍ കണക്റ്റിവിറ്റി ലക്ഷ്യമിട്ട് 2021 ആഗസ്റ്റ് 15നാണ് പ്രധാനമന്ത്രി നരേന്ദ്രമോദി പിഎം ഗതിശക്തി പദ്ധതിയ്ക്ക് തുടക്കമിട്ടത്. വിവിധ തരത്തിലുള്ള ഗതാഗത മാര്‍ഗങ്ങള്‍ ഉപയോഗപ്പെടുത്തി സാധനങ്ങളും, സേവനങ്ങളുമടക്കം കൈമാറ്റം ചെയ്യുന്നതാണ് മള്‍ട്ടിമോഡല്‍ കണക്റ്റിവിറ്റി.