കാബ്‌കോ കമ്പനി ജനുവരിയില്‍ ആരംഭിക്കും- മന്ത്രി പ്രസാദ്

കാര്‍ഷികോത്പന്നങ്ങള്‍ക്ക് മികച്ചവിപണി കണ്ടെത്താനുള്ള (കേരള അഗ്രികള്‍ച്ചറല്‍ ബിസിനസ് കമ്പനി (കാബ്കോ) ജനുവരിയില്‍ സജ്ജമാകുമെന്ന് മന്ത്രി പി.പ്രസാദ് പറഞ്ഞു. സിയാല്‍ മാതൃകയിലുള്ള കമ്പനിയില്‍ കര്‍ഷകര്‍ക്കും പങ്കാളിത്തമുണ്ടാകും. കര്‍ഷകരുടെ വരുമാനം, കാര്‍ഷികോത്പാദനക്ഷമത, സംഭരണം, വില, മൂല്യവര്‍ദ്ധിത വരുമാനം എന്നിവ വര്‍ദ്ധിപ്പിക്കുകയാണ് ലക്ഷ്യം. സംസ്ഥാനത്ത് 1,076 കൃഷിഭവനുകളുണ്ട്. ഓരോ കൃഷിഭവനും ഒരു മൂല്യവര്‍ദ്ധിത ഉത്പന്നമെങ്കിലും നിര്‍മ്മിക്കണം. കര്‍ഷകര്‍ വന്യമൃഗശല്യം മൂലം നേരിടുന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരം കണ്ടെത്താന്‍ ശ്രമിക്കും. വനംവകുപ്പുമായി ബന്ധപ്പെട്ട് സഹായമെത്തിക്കുമെന്നും മന്ത്രി പറഞ്ഞു.