പാല്‍വില വര്‍ധിപ്പിക്കും ; പഠിക്കാന്‍ മൂന്നംഗ സമിതി

മില്‍മ പാല്‍വില ലിറ്ററിന് അഞ്ചു രൂപയിലധികം കൂട്ടേണ്ടി വരുമെന്ന് മന്ത്രി ജെ ചിഞ്ചുറാണി. വില വര്‍ധന പരിശോധിക്കാന്‍ സമിതിയെ നിയോഗിച്ചു. കര്‍ഷകരുടെ ഉള്‍പ്പെടെ അഭിപ്രായം തേടി പരിശോധനകള്‍ പൂര്‍ത്തിയായ ശേഷമാകും വില വര്‍ധിപ്പിക്കുക. വിദഗ്ധസമിതിയുടെ റിപ്പോര്‍ട്ട് കൂടി ലഭിച്ചശേഷമാകും തീരുമാനമുണ്ടാകുകയെന്നും മന്ത്രി ചിഞ്ചുറാണി പറഞ്ഞു. ഉത്പാദനച്ചെലവ് വര്‍ധിച്ചതും ക്ഷീരകര്‍ഷകരുടെ ആവശ്യവും കണക്കിലെടുത്താണ് വില വര്‍ധനയെക്കുറിച്ച് ആലോചിക്കുന്നത്. പാല്‍ വില വര്‍ദ്ധിപ്പിക്കാതെ ഇനിയും മുന്നോട്ടുപോകാന്‍ കഴിയില്ലെന്ന് മില്‍മ സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ട്.കഴിഞ്ഞമാസം ചേര്‍ന്ന ബോര്‍ഡ് യോഗത്തില്‍ എറണാകുളം, തിരുവനന്തപുരം മേഖലാ യൂണിയനുകള്‍ വില വര്‍ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. 2019-ലാണ് ഇതിന് മുന്‍പ് മില്‍മ പാല്‍വില കൂട്ടിയത്. ലിറ്ററിന് നാലുരൂപയാണ് അന്ന് വര്‍ധിപ്പിച്ചത്. പുതിയ വില വര്‍ധന ജനുവരിയോടെ നടപ്പില്‍ വരുത്താനാണ് ആലോചിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.  

ലക്‌സ്, ലൈഫെബോയ്, ഡവ് സോപ്പുകളുടെ വില കുറയും; പുതിയ തീരുമാനവുമായി ഹിന്ദുസ്ഥാന്‍ യൂണിലിവര്‍

രാജ്യത്തെ ഏറ്റവും വലിയ ഫാസ്റ്റ് മൂവിംഗ് കണ്‍സ്യൂമര്‍ ഗുഡ്‌സ് (എഫ്എംസിജി) കമ്പനികളിലൊന്നായ ഹിന്ദുസ്ഥാന്‍ യുണിലിവര്‍, സോപ്പുകളുടെയും ഡിറ്റര്‍ജന്റുകളുടെയും വില കുറച്ചു. മുന്‍നിരയിലുള്ള സോപ്പുകളുടെ വില രണ്ട് മുതല്‍ പത്തൊന്‍പത് ശതമാനം വരെ കുറച്ചതായി കമ്പനിയുടെ വിതരണക്കാര്‍ അറിയിച്ചു. രണ്ട് വര്‍ഷത്തിന് ശേഷമാണ് ഹിന്ദുസ്ഥാന്‍ യുണിലിവര്‍ വില കുറയ്ക്കാന്‍ തയ്യാറായത്. കഴിഞ്ഞ വര്‍ഷങ്ങളില്‍ അസംസ്‌കൃത വസ്തുക്കളുടെ വിലയിലുണ്ടായ കുത്തനെ വര്‍ദ്ധനവിനെത്തുടര്‍ന്ന് കമ്പനി തങ്ങളുടെ ഉത്പന്നങ്ങളുടെ വില ഉയര്‍ത്തിയിരുന്നു. അസംസ്‌കൃത വസ്തുക്കളുടെ വില ജൂണില്‍ ഏറ്റവും ഉയര്‍ന്ന നിരക്കില്‍ ആയിരുന്നു ഉണ്ടായിരുന്നത്. അടുത്തിടെയാണ് അസംസ്‌കൃത വസ്തുക്കളുടെ വില കുറയാന്‍ തുടങ്ങിയത്. കഴിഞ്ഞ നാല് പാദങ്ങളില്‍, എഫ്എംസിജി കമ്പനികള്‍ 8 മുതല്‍ 15 ശതമാനം വിലവര്‍ദ്ധന വരുത്തിയതായി വിശകലന വിദഗ്ധര്‍ അഭിപ്രായപ്പെട്ടു. അതേസമയം വില കുറയ്ക്കുമ്പോഴും ഒരു വര്‍ഷം മുമ്പുള്ളതിനെ അപേക്ഷിച്ച് ഉല്‍പ്പന്ന വില ഉയര്‍ന്നു തന്നെയാണ് തുടരുന്നത്. സര്‍ഫ് എക്‌സല്‍…