മെഡിക്കല്‍ ഉപകരണ വില്‍പനയ്ക്ക് റജിസ്‌ട്രേഷന്‍ നിര്‍ബന്ധമാക്കി

മെഡിക്കല്‍ ചികിത്സാ ഉപകരണ രംഗത്ത് കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതിന്റെ ഭാഗമായി ചെറുകിടക്കാരുള്‍പ്പെടെ ഇവ വില്‍ക്കുന്നവര്‍ക്കെല്ലാം കേന്ദ്ര സര്‍ക്കാര്‍ റജിസ്‌ട്രേഷന്‍ നിര്‍ബന്ധമാക്കി. നിലവില്‍ സാധാരണ സൂപ്പര്‍മാര്‍ക്കറ്റുകളിലും ചെറിയ കടകളിലുമൊക്കെ ലഭ്യമാകുന്ന മാസ്‌ക് ഉള്‍പ്പെടെയുള്ളവ റജിസ്‌ട്രേഷന്‍ ഉള്ള കടകളിലൂടെ മാത്രം വില്‍ക്കുന്ന രീതിയാണ്, മെഡിക്കല്‍ ഡിവൈസസ് ഭേദഗതി നിയമത്തിലൂടെ ആരോഗ്യമന്ത്രാലയം പ്രതീക്ഷിക്കുന്നത്. എന്നാല്‍, സാധാരണ കടകളില്‍ ഇവ കിട്ടാതെ വരുന്നതു ബുദ്ധിമുട്ടാകുമെന്ന ആശങ്ക ഉയര്‍ന്നിട്ടുണ്ട്. നേരത്തേ, മരുന്നുവിഭാഗത്തില്‍പെടുന്നവയ്ക്ക് മാത്രമായിരുന്നു റജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് വേണ്ടിയിരുന്നത്. പുതിയ ഭേദഗതിയോടെ, ഗ്ലൗസ്, റിഡീങ് ഗ്ലാസ്, കോണ്ടം, വാക്കറുകള്‍, വീല്‍ചെയറുകള്‍, പള്‍സ് ഓക്‌സിമീറ്റര്‍ തുടങ്ങിയവയുടെ വില്‍പനയെല്ലാം റജിസ്‌ട്രേഷനു കീഴില്‍ വരും. അല്ലാതെയുള്ള വില്‍പനയില്‍ നിയന്ത്രണം സാധ്യമാകില്ലെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടി.