ഇന്ത്യന്‍ വിപണിയില്‍ ബില്യണ്‍ ഡോളര്‍ ബ്രാന്‍ഡായി സ്‌പ്രൈറ്റ്

ഇന്ത്യന്‍ വിപണിയില്‍ ബില്യണ്‍ ഡോളര്‍ ബ്രാന്‍ഡായി ഉയര്‍ന്ന് ശീതള പാനീയമായ സ്‌പ്രൈറ്റ്. സ്‌പ്രൈറ്റിന്റെ വളര്‍ച്ച മാതൃസ്ഥാപനമായ കൊക്കകോളയാണ് പുറത്ത് വിട്ടത്. 2022 സാമ്പത്തിക വര്‍ഷത്തിലെ മൂന്നാം പാദത്തിലെ കണക്കുകള്‍ കമ്പനി പുറത്തുവിട്ടു. കൊക്കകോളയുടെ അറ്റാദായം വര്‍ദ്ധിക്കാന്‍ സ്‌പ്രൈറ്റും ഫ്രൂട്ട് ഡ്രിങ്ക് ബ്രാന്‍ഡായ മാസയും സഹായിച്ചു ഇന്ത്യന്‍ വിപണിയിലെ കമ്പനിയുടെ വളര്‍ച്ചയെ അതിവേഗമായിരുന്നു എന്നും ഉത്പാദനവും വിതരണവും വിപണിയിലെ സാധ്യതകളെ അടിസ്ഥാനമാക്കി ഫലപ്രദമായി നടത്തിയതിനാല്‍ കമ്പനിക്ക് ശക്തമായ വളര്‍ച്ച കൈവരിക്കാനായി എന്ന് കൊക്ക കോള കമ്പനി ചെയര്‍മാനും സിഇഒയുമായ ജെയിംസ് ക്വിന്‍സി പറഞ്ഞു. തിരിച്ചു നല്‍കേണ്ട ഗ്ലാസ് ബോട്ടിലുകളുടെയും, ഒറ്റ തവണ ഉപയോഗിക്കാന്‍ കഴിയുന്ന പ്ലാസ്റ്റിക്ക് ബോട്ടിലുകളുടെയും വിതരണം ഉയര്‍ന്നുവെന്നും ഇന്ത്യയില്‍ 2.5 ബില്യണ്‍ ഇടപാടുകള്‍ നടത്തിയതായും ജെയിംസ് ക്വിന്‍സി പറഞ്ഞു. ആഗോളതലത്തില്‍ കൊക്കകോളയുടെ അഞ്ചാമത്തെ വലിയ വിപണിയാണ് ഇന്ത്യ.