സാറ്റലൈറ്റ് അധിഷ്ഠിത ഇന്റര്‍നെറ്റ് സേവനം; അംബാനിയോട് മസ്‌ക് ഏറ്റുമുട്ടുമ്പോള്‍

അങ്ങനെ അത് സംഭവിച്ചിരിക്കുന്നു. ലോകത്തിലെ ഏറ്റവും സമ്പന്നന്‍ ഇന്ത്യയിലെ ഇന്റര്‍നെറ്റ് രംഗത്തെ മാറ്റിമറിക്കുന്നതിനായുള്ള ഔപചാരിക പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചിരിക്കുകയാണ്. സാറ്റലൈറ്റ് അധിഷ്ഠിത മൊബൈല്‍ കമ്യൂണിക്കേഷന്‍ ലൈസന്‍സിനായി ടെലികോം വകുപ്പില്‍ അപേക്ഷ സമര്‍പ്പിച്ചിരിക്കുകയാണ് സ്പേസ് എക്സിന്റെയും ടെസ് ലയുടെയുമെല്ലാം സാരഥി ഇലോണ്‍ മസ്‌ക്ക്. സ്പേസ് അധിഷ്ഠിത ബ്രോഡ്ബാന്‍ഡ് സേവനങ്ങള്‍ സ്റ്റാര്‍ലിങ്ക് എന്ന സംരംഭത്തിലൂടെ നല്‍കുകയാണ് മസ്‌ക്കിന്റെ ഉദ്ദേശ്യം. ഇത്തരം സേവനങ്ങള്‍ നല്‍കുന്നതിന് പരീക്ഷണാടിസ്ഥാനത്തില്‍ നേരത്തെ സ്പേസ് എക്സ് ഇന്ത്യയില്‍ അപേക്ഷ നല്‍കിയിരുന്നെങ്കിലും പിന്നീട് പിന്‍വലിച്ചിരുന്നു. പുതിയ നീക്കത്തോട് കൂടി ഇന്ത്യന്‍ ശതകോടീശ്വരനും റിലയന്‍സ് ഇന്‍ഡസ്ട്രീസ് അധിപനുമായ മുകേഷ് അംബാനിയുമായി നേരിട്ടുള്ള യുദ്ധത്തിനിറങ്ങുകയാണ് ഇലോണ്‍ മസ്‌ക്ക്. നിലവില്‍ സാറ്റലൈറ്റ് അധിഷ്ഠിത ഇന്റര്‍നെറ്റ് സേവനങ്ങള്‍ക്ക് രാജ്യത്ത് ലൈസന്‍സ് ലഭിച്ചിരിക്കുന്നത് റിലയന്‍സ് ജിയോ ഇന്‍ഫോകോമിനും ഭാരതി ഗ്രൂപ്പ് പിന്തുണയ്ക്കുന്ന വണ്‍വെബ്ബിനുമാണ്.

സാറ്റലൈറ്റ് വഴി ഇന്റര്‍നെറ്റ് നല്‍കാന്‍ സ്റ്റാര്‍ലിങ്ക് ഇന്ത്യയിലേക്ക്

5ജിയിലേക്ക് കുതിപ്പു തുടങ്ങിയ ഇന്ത്യയില്‍ സാറ്റലൈറ്റ് വഴി ഇന്റര്‍നെറ്റ് നല്‍കാന്‍ ലൈസന്‍സ് തേടി ഇലോണ്‍ മസ്‌ക്കിന്റെ സ്‌പെയ്‌സ്എക്‌സ് കമ്പനി. സ്റ്റാര്‍ലിങ്ക് എന്ന് പേരിട്ടിട്ടുള്ള പദ്ധതി നടപ്പിലാക്കാന്‍ ഗ്ലോബല്‍ മൊബൈല്‍ പഴ്‌സനല്‍ കമ്യൂണിക്കേഷന്‍ ബൈ സാറ്റലൈറ്റ് സര്‍വീസസ് (ജിഎംപിസിഎസ്) എന്ന ലൈസന്‍സ് ആവശ്യമാണ്. മുന്‍പ് സ്റ്റാര്‍ലിങ്ക് ഈ അപേക്ഷ നല്‍കിയിരുന്നെങ്കിലും പിന്‍വലിച്ചിരുന്നു. നിലവില്‍ ഭാരതി ഗ്രൂപ്പിന്റെ വണ്‍ വെബ്, റിലയന്‍സ് ജിയോ എന്നീ കമ്പനികള്‍ക്ക് ടെലികമ്മ്യൂണിക്കേഷന്‍സ് വകുപ്പിന്റെ ഈ ലൈസന്‍സുണ്ട്. ലൈസന്‍സ് ലഭിക്കുന്നതോടെ കമ്പനിക്ക് ബഹിരാകാശവകുപ്പില്‍ നിന്നുള്ള അനുമതിക്ക് അപേക്ഷിക്കാം. അതിനും ശേഷമാണ് സ്പെക്ട്രം വാങ്ങാനാകുക.

ടെലികോം മേഖലയില്‍ സജീവമാകാന്‍ അദാനി

തുറമുഖം, വ്യോമയാനം, വൈദ്യുതി വിതരണം, സിമെന്റ് തുടങ്ങിയ മേഖലകളിലേയ്ക്ക് പ്രവര്‍ത്തനം വ്യാപിപ്പിച്ചതിനു പിന്നാലെ ടെലികോം സേവനവും സജീവമാകാന്‍ അദാനി. അദാനി എന്റര്‍പ്രൈസസിന്റെ യൂണിറ്റായ അദാനി ഡാറ്റ നെറ്റ് വര്‍ക്ക്സ് ലിമിറ്റഡിന് രാജ്യമൊട്ടാകെ ടെലികോം സേവനം നല്‍കാനുള്ള ഏകീകൃത ലൈസന്‍സ് ലഭിച്ചു. അടുത്തയിടെ നടന്ന 5ജി ലേലത്തില്‍ സ്പെക്ട്രം വാങ്ങിയശേഷമാണ് പുതിയ നീക്കം. 212 കോടി രൂപ മുടക്കി 20 വര്‍ഷത്തേയ്ക്ക് 5ജി സ്പെക്ട്രം ഉപയോഗിക്കാനുള്ള അവകാശമാണ് അദാനി സ്വന്തമാക്കിയത്. രാജ്യത്തൊട്ടാകെ ടെലികോം സേവനം നല്‍കാന്‍ ലൈസന്‍സ് നേടിയതോടെ ജിയോ-എയര്‍ടെല്‍ എന്നിവയോട് മത്സരിക്കാനാണ് അദാനിയുടെ നീക്കമെന്ന് വ്യക്തമായി. ലൈസന്‍സ് സ്വന്തമാക്കിയത് സംബന്ധിച്ച് അദാനി ഗ്രൂപ്പ് ഇതുവരെ പ്രതികരിച്ചിട്ടില്ല.