ഊരാളുങ്കല്‍ മാതൃക അനുകരണീയമോ?

മനോജ് കെ. പുതിയവിള അടുത്തകാലത്ത് കെഎസ്ആര്‍റ്റിസിയെ രക്ഷിക്കുന്നതു സംബന്ധിച്ചു സമൂഹമാദ്ധ്യമങ്ങളില്‍ നടന്ന ചര്‍ച്ചകളില്‍ പലപ്പോഴും കേട്ടു ആ സ്ഥാപനത്തെ തൊഴിലാളികളുടെ സഹകരണസംഘം ആക്കി മാറ്റണം എന്ന്. പലരും അതിനു പറ്റിയ വിജയമാതൃകയായി ചൂണ്ടിക്കാട്ടിയത് ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്റ്റ് കോപ്പറേറ്റീവ് സൊസൈറ്റി(യുഎല്‍സിസിഎസ്)യെ ആണ്. എഎസ്ആര്‍റ്റിസിയടക്കം പല സ്ഥാപനങ്ങളുടെയും മികച്ച നടത്തിപ്പിനും പുരോഗതിക്കും സഹകരണമാതൃക സമുചിതമാണ് എന്നതാണു വസ്തുത. പക്ഷെ, സഹകരണസ്ഥാപനങ്ങള്‍ എങ്ങനെ നടത്തണം എന്ന കാര്യത്തില്‍ വ്യക്തമായ ധാരണ ഉണ്ടാകണം. തീര്‍ച്ചയായും അതിനു പഠിക്കാന്‍ പറ്റിയ മാതൃകതന്നെയാണ് നിര്‍മ്മാണരംഗത്തു വിജയമാതൃകയായി ലോകം കാണുന്ന ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റി. നൂറ്റാണ്ടോളം പ്രായമുള്ള ആ സൊസൈറ്റിയെപ്പറ്റി കാല്‍ നൂറ്റാണ്ടു മുമ്പ് 1996-ല്‍ അറിയുകയും ’99-ല്‍ ആ നാട്ടില്‍ പോയി അതിനെപ്പറ്റി പഠിച്ച് അന്നു ജോലി ചെയ്തിരുന്ന ‘സമകാലികമലയാളം’ വാരികയില്‍ വിശദമായി എഴുതുകയും തുടര്‍ന്നിങ്ങോട്ട് അതിന്റെ വളര്‍ച്ചയെ സാകൂതംനിരീക്ഷിക്കുകയും ചെയ്ത ഒരാളെന്ന നിലയിലും…