ഇന്ത്യയില്‍ 2.6 ദശലക്ഷം അക്കൗണ്ടുകള്‍ നിരോധിച്ച് വാട്ട്സ്ആപ്പ്

ഇന്ത്യയിലെ 26 ലക്ഷത്തിലധികം വാട്ട്‌സ്ആപ്പ് അക്കൗണ്ടുകള്‍ നിരോധിച്ചു. മെറ്റായുടെ ഉടമസ്ഥതയിലുള്ള വാട്ട്സ്ആപ്പ് തന്നെയാണ് ഇക്കാര്യം അറിയിച്ചത്. സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള്‍ കൂടുതല്‍ കാര്യക്ഷമമാക്കാന്‍, ഭേദഗതി വരുത്തിയ 2021 ലെ പുതിയ ഐടി നിയമങ്ങള്‍ അനുസരിച്ചാണ് നിരോധനം. ലോകത്തിലെ ഏറ്റവും വലിയ മെസേജിംഗ് ആപ്പായ വാട്ട്‌സ്ആപ്പിന് രാജ്യത്ത് ഏകദേശം 500 ദശലക്ഷം ഉപയോക്താക്കളുണ്ട്. എന്നാല്‍ വാട്ട്‌സ്ആപ്പിന് എതിരെ സെപ്റ്റംബറില്‍ 666 പരാതികളാണ് ഉയര്‍ന്നു വന്നത്. ഇതില്‍ 23 കേസില്‍ വാട്ട്‌സ്ആപ് നടപടി സ്വീകരിക്കുകയും ചെയ്തു. ഐടി നിയമം 2021 അനുസരിച്ച് ഇതില്‍ കാര്യക്ഷമമായ നടപടിയാണ് വാട്ട്‌സ്ആപ് കൈക്കൊണ്ടത്. 2022 സെപ്തംബര്‍ മാസത്തെ വാട്ട്‌സ്ആപ്പിന്റെ റിപ്പോര്‍ട്ടില്‍ അനുസരിച്ച് ഉപയോക്തൃ പരാതികളുടെയും വാട്ട്സ്ആപ്പ് സ്വീകരിച്ച അനുബന്ധ നടപടികളുടെയും വിശദാംശങ്ങളും പ്രതിരോധ നടപടികളും എന്തെന്ന് ഉള്‍പ്പെടുത്തിയിരിക്കുന്നതായി മെറ്റയുടെ വക്താവ് അറിയിച്ചു. ഓഗസ്റ്റില്‍ ഇന്ത്യയില്‍ 23 ലക്ഷം അക്കൗണ്ടുകള്‍ വാട്ട്സ്ആപ്പ് നിരോധിച്ചിരുന്നു.