കേരളത്തിലെ സ്റ്റാര്‍ട്ട്അപ്പ് മേഖലയില്‍ കൂടുതല്‍ ഉണര്‍വ് പ്രകടമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് സംരംഭകന്‍കൂടിയായ അനൂപ് അംബിക കേരള സ്റ്റാര്‍ട്ട്അപ്പ് മിഷന്റെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ പദവിയിലേക്ക് എത്തുന്നത്. സ്റ്റാര്‍ട്ട്അപ്പ് മിഷന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ചും ഭാവിപദ്ധതികളെക്കുറിച്ചും അദ്ദേഹം സംസാരിക്കുന്നു.
സംരംഭകരംഗത്തും സാങ്കേതികരംഗത്തുമായി രണ്ടര പതിറ്റാണ്ടിലധികം നീണ്ട അനുഭവപരിചയത്തിന്റെ കരുത്തുമായി കേരള സ്റ്റാര്‍ട്ട്അപ്പ് മിഷന്റെ സിഇഒ പദവിയിലേക്ക് അനൂപ് അംബിക എത്തുമ്പോള്‍ കേരളത്തിലെ സ്റ്റാര്‍ട്ട്അപ്പ് മേഖല ഒന്നാകെ മികച്ച പ്രതീക്ഷയിലാണ്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ഇന്റര്‍നാഷണല്‍ സെയില്‍സ് ആന്റ് മാര്‍ക്കറ്റിങ്, പോളിസി മേക്കിങ്, മെഷീന്‍ ലേണിങ്, ലൈഫ് സയന്‍സസ് മേഖലകളില്‍ പ്രവൃത്തിപരിചയമുള്ള അനൂപ് അംബിക ബയോടെക് സ്ഥാപനമായ ജെന്‍പ്രോ റിസര്‍ച്ചിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ പദവിയില്‍നിന്നാണ് കേരള സ്റ്റാര്‍ട്ട്അപ്പ് മിഷനെ നയിക്കാനെത്തുന്നത്.
ലോകത്തിലെ എറ്റവും മികച്ച സ്റ്റാര്‍ട്ട്അപ്പ് ഹബ്ബായി മാറാനുള്ള കേരളത്തിന്റെ ശ്രമങ്ങള്‍ക്ക് പരക്കെ അംഗീകാരം ലഭിച്ചുകൊണ്ടിരിക്കുന്ന സമയമാണിത്. ദേശീയ- അന്തര്‍ദേശിയ തലത്തില്‍ നിരവധി അംഗീകാരങ്ങളാണ് ഈ കാലയളവില്‍ സ്റ്റാര്‍ട്ട്അപ്പ് മിഷന് ലഭിച്ചത്. കേന്ദ്ര വ്യവസായവാണിജ്യ വകുപ്പും സ്റ്റാര്‍ട്ട്അപ്പ് ഇന്ത്യയും സംയുക്തമായി തയാറാക്കിയ രാജ്യത്തെ സ്റ്റാര്‍ട്ട്അപ്പ് റാങ്കിങ്ങില്‍ തുടര്‍ച്ചയായി മൂന്നാംതവണയും ടോപ്പ് പെര്‍ഫോമര്‍ പദവി കേരളം നേടിയിരിക്കുന്നു. കൂടാതെ അന്താരാഷ്ട്ര സ്ഥാപനങ്ങളായ സ്റ്റാര്‍ട്ട്അപ്പ് ജീനോമും ഗ്ലോബല്‍ എന്റര്‍പ്രണര്‍ഷിപ്പ് നെറ്റ്‌വര്‍ക്കും സംയുക്തമായി തയ്യാറാക്കിയ ഗ്ലോബല്‍ സ്റ്റാര്‍ട്ടഅപ്പ് ഇക്കോസിസ്റ്റം റിപ്പോര്‍ട്ട് പ്രകാരം അഫോര്‍ഡബിള്‍ ടാലന്റ് റാങ്കിങ്ങില്‍ ഏഷ്യയില്‍ ഒന്നാം സ്ഥാനവും വെഞ്ച്വര്‍ നിക്ഷേപ വിഭാഗത്തില്‍ ഏറ്റവും കൂടുതല്‍ നിക്ഷേപം ലഭിച്ച ആദ്യ മൂന്ന് സ്ഥാനങ്ങളും കേരളത്തിനാണ്.
പതിനയ്യായിരം സ്റ്റാര്‍ട്ട്അപ്പുകള്‍ എന്ന ലക്ഷ്യം
സ്റ്റാര്‍ട്ട്അപ്പുകള്‍ രൂപപ്പെടുന്നത് പലവിധ ഉറവിടങ്ങള്‍ വഴിയാണ്. അതെല്ലാം കൃത്യമായി ഐഡന്റിഫൈ ചെയ്ത് അവര്‍ക്കാവാശ്യമായ പിന്തുണ നല്‍കുകയാണ് സ്റ്റാര്‍ട്ട്അപ്പ് മിഷന്‍ ചെയ്യുന്നത്. യൂണിവേഴ്‌സിറ്റികള്‍, റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍, തണല്‍-പാലിയംഇന്ത്യ പോലെയുള്ള എന്‍ജിഒകള്‍, സര്‍ക്കാര്‍ ഇന്നോവഷന്‍ സോണുകള്‍ എന്നിവ പ്രധാന സോഴ്‌സുകളാണ്. കൂടാതെ ഗ്രാമങ്ങളില്‍ തങ്ങളുടെ ആശയങ്ങളെ ചെറു സംരംഭങ്ങളാക്കിയ നിരിവധി യുവജനങ്ങളുണ്ടാകും. അത്തരം ചെറുസംരംഭങ്ങള്‍ക്ക് ആവശ്യമായ പിന്തുണ ലഭിച്ചാല്‍ മികച്ച സ്റ്റാര്‍ട്ട്അപ്പുകളാക്കി മാറ്റാം. ഇതുപോലെയുള്ള സോഴ്‌സുകളെ ഒന്നിച്ചു കൊണ്ടുവന്ന് ഓരോ സോഴ്‌സുകള്‍ക്കുമായി പ്രത്യേകം പദ്ധതികള്‍ തയാറാക്കി അവര്‍ക്കാവശ്യമായ എല്ലാവിധ പിന്തുണയും നല്‍കി സ്റ്റാര്‍ട്ട്അപ്പ് എക്കോ സിസ്റ്റത്തില്‍ എത്തിക്കും. ഇത്തരത്തില്‍ നടപ്പാക്കുന്ന സ്റ്റാര്‍ട്ട്അപ്പ് മിഷന്‍ പ്രോഗ്രാമുകളിലൂടെ പതിനയ്യായിരം സ്റ്റാര്‍ട്ട്അപ്പുകള്‍ സൃഷ്ടിക്കാനാണ് ലക്ഷ്യമിടുന്നതെന്നു അനൂപ് അംബിക വ്യക്തമാക്കുന്നു.
സ്റ്റാര്‍ട്ട്അപ്പുകള്‍ സോഫ്റ്റ്‌വെയര്‍ മേഖലയില്‍ മാത്രമല്ല
സോഫ്റ്റ്‌വെയര്‍ മേഖലയില്‍ നിന്നും മാത്രമാണ് സ്റ്റാര്‍ട്ട്അപ്പുകള്‍ എന്നത് ഈ രംഗത്ത് നിലനില്‍ക്കുന്ന തെറ്റിദ്ധാരണയാണ്. ഏകദേശം ഇരുപത് ശതമാനം മാത്രമാണ് സോഫ്റ്റ്‌വെയര്‍ മേഖലയില്‍ നിന്നുമുള്ളത്. വിവരസാങ്കേതിക വിദ്യയ്ക്ക് മാത്രമല്ല സ്റ്റാര്‍ട്ട്അപ്പ് മിഷന്‍ പ്രാധാന്യം കൊടുക്കുന്നത്. മറിച്ച് ജനങ്ങളുടെ ദൈനംദിന ജീവിതത്തെ മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ നല്ല ആരോഗ്യം, ഭക്ഷണം, വെള്ളം, ഖരമാലിന്യ സംസ്‌കരണം, കൃഷി, മൂല്യ വര്‍ദ്ധിത ഉത്പന്നങ്ങള്‍ തുടങ്ങി എല്ലാ മേഖലകളിലും തുല്യ പ്രാധാന്യമാണ് കൊടുക്കുന്നത്. സ്റ്റാര്‍ട്ട്അപ്പുകളെ കുറിച്ച് അത്തരം ഒരു തെറ്റിദ്ധാരണ ജനങ്ങള്‍ക്കിടയില്‍ ഉണ്ടെങ്കില്‍ അത് മാറ്റിയെടുക്കാനുള്ള ശ്രമം ഉണ്ടാകുമെന്നും അനൂപ് അംബിക കൂട്ടിച്ചേര്‍ക്കുന്നു.
സ്റ്റാര്‍ട്ട്അപ്പ് മിഷന്റെ പ്രവര്‍ത്തന രീതി
സ്റ്റാര്‍ട്ട്അപ്പ് മിഷന്റെ പ്രവര്‍ത്തനങ്ങള്‍ അഞ്ചോളം മേഖലകളിലാണ് ഫോക്കസ് ചെയ്യുന്നത്. ഈ ഫോക്കസ്ഡ് മേഖലകളിലൂടെ സംരംഭങ്ങള്‍ക്കാവശ്യമായ എല്ലാ സഹായവും സമയബന്ധിതമായി ഉറപ്പുവരുത്താന്‍ സ്റ്റാര്‍ട്ട്അപ്പ് മിഷന്‍ പ്രതിജ്ഞാബദ്ധമാണ്.
* പൈപ്പ്‌ലൈന്‍ ക്രിയേഷന്‍ – അതായത് പുതിയ കമ്പനികളെ സ്റ്റാര്‍ട്ട്അപ്പ് എക്കോസിസ്റ്റത്തില്‍ കൊണ്ടുവരിക. അവയെ നല്ല സംരംഭങ്ങളാക്കി ഉയര്‍ത്തിയെടുക്കുക. അതുവഴി കൂടുതല്‍ ധനവും തൊഴിലവസരവും സംസ്ഥാനത്തിനുവേണ്ടി സൃഷ്ടിക്കുക.
* ഇന്‍ഫ്രാസ്ട്രക്ച്ചര്‍ സജ്ജീകരണം – വര്‍ക്ക് സ്‌പേസ്, സോഫ്റ്റ്വെയറുകള്‍, ടെസ്റ്റിങ് ലബോറട്ടറികള്‍ തുടങ്ങി ഒരു സംരംഭം തുടങ്ങാനും വിജയിപ്പിക്കാനുമാവശ്യമായ എല്ലാ ഘടകങ്ങളുമാണ് ഇന്‍ഫ്രാസ്ട്രക്ച്ചറിനു കീഴില്‍ വരുന്നത്.
* സ്റ്റാര്‍ട്ട്അപ്പുകള്‍ക്ക് ഏറ്റവും അടിസ്ഥാനപരമായി വേണ്ടതാണ് ക്യാപിറ്റല്‍ അഥവാ മൂലധനം. കേരള ബേസ്ഡ് ഹൈനെറ്റ്വര്‍ക്കിങ് ഇന്‍ഡിവിജ്വല്‍സ്, ഇന്‍സ്റ്റിറ്റിയൂഷനുകള്‍ വഴിയുള്ള ഏഞ്ചല്‍ ഇന്‍വെസ്റ്റേഴ്‌സ്, സര്‍ക്കാരിന്റെ സീഡ് ലോണുകള്‍, ഗ്രാന്‍ഡുകള്‍ എന്നിവയെല്ലാം കൂട്ടി യോജിപ്പിച്ചുകൊണ്ട് പ്രവര്‍ത്തനാവശ്യമായ ഫണ്ടുകള്‍ കണ്ടെത്തുന്നതില്‍ പ്രത്യേക ശ്രദ്ധയും സ്റ്റാര്‍ട്ട്അപ്പ് മിഷന്‍ നടത്തുന്നു.
* ശരിയായ മെന്ററിങ്ങിന്റ അഭാവം സ്റ്റാര്‍ട്ട്അപ്പ് രംഗം അനുഭവിക്കുന്നുണ്ട്. ആശയവുമായി വരുന്നവരെ പ്രോത്സാഹിപ്പിക്കാനും ശരിയായ രീതിയില്‍ മുന്നോട്ട് നയിക്കാനും പറ്റിയ മെന്റര്‍മാര്‍ നമുക്കിടയില്‍ വളരെ കുറവാണ്. ഇതിന് പരിഹാരമായി മെന്റര്‍ നെറ്റ്‌വര്‍ക്കിങ് കൂടുതല്‍ ശക്തമാക്കും. ഇതിന്റെ ഭാഗമായി ടെക്‌നിക്കല്‍ മെന്റര്‍ഷിപ്പ് പാനലിന്റെ രൂപീകരണവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളിലാണ് സ്റ്റാര്‍ട്ട്അപ്പ് മിഷന്‍.
* സംരംഭങ്ങള്‍ക്കാവശ്യമായ വിപണി കണ്ടെത്താനും അവ ശക്തമാക്കാനുമുള്ള ശ്രമവും നടക്കുന്നുണ്ട്. ഇതിനാവശ്യമായ വിവിധ പദ്ധതികള്‍ ഇതിനോടകം തന്നെ സ്റ്റാര്‍ട്ട്അപ്പ് മിഷന്‍ ഏറ്റെടുത്തു നടത്തുന്നുണ്ട്. സ്റ്റാര്‍ട്ട്അപ്പ് മിഷന്റെ ആരംഭം മുതലേ ഈ ഫോക്കസ്ഡ് ഏരിയകളില്‍ കേന്ദ്രീകരിച്ചു തന്നെയാണ് പ്രവര്‍ത്തിക്കുന്നത്. ഇനിയുള്ള വര്‍ഷങ്ങളില്‍ അവയ്ക്ക് കൂടുതല്‍ ഊന്നല്‍ നല്‍കുന്നുവെന്ന് മാത്രം.
വിദേശ കമ്പനികളില്‍ നിന്നും മൂലധന നിക്ഷേപം
ഇന്‍വെസ്റ്റ് ചെയ്യുന്ന കമ്പനിയുടെ ഭാവിയിലെ വിപണി സാധ്യതകള്‍ മുന്നില്‍ കണ്ടുകൊണ്ടാണ് വിദേശ കമ്പനികള്‍ നിക്ഷേപം നടത്തുന്നത്. സ്റ്റാര്‍ട്ട്അപ്പുകളില്‍ ഉത്പാദിപ്പിക്കുന്ന ഉത്പന്നങ്ങള്‍ക്ക് വരും കാലങ്ങളില്‍ വിപണിയില്‍ ഉണ്ടാകാന്‍ പോകുന്ന ഡിമാന്റും ഇവര്‍ മുന്‍കൂട്ടി കാണും. മാര്‍ക്കറ്റ് സര്‍വേ നടത്തുമ്പോള്‍ ലഭിക്കുന്ന ഡാറ്റ പ്രകാരമാണ് പല കമ്പനികളും ഇന്‍വെസ്റ്റ് ചെയ്യുന്നത്. ആശയങ്ങളിലെ പുതുമയും ഫണ്ട് ആകര്‍ഷിക്കുന്ന ഘടകമാണ്. ടീം മെമ്പേഴ്‌സിന്റെ എക്‌സ്പീരിയന്‍സും ഇന്‍വെസ്റ്റ്‌മെന്റിനെ സ്വാധീനിക്കാറുണ്ട്.
ലാഭസാധ്യതയുള്ള സ്റ്റാര്‍ട്ട്അപ്പുകള്‍
തുടങ്ങുന്ന എല്ലാ കമ്പനികളും വിജയിക്കണമെന്നാണ് എല്ലാവര്‍ക്കും ആഗ്രഹം. പക്ഷേ സംരംഭങ്ങള്‍ പരാജയപ്പെടുന്നത് അസാധാരണമല്ല. നമ്മള്‍ ആഘോഷിക്കേണ്ടത് സംരംഭകനെയാണ്, സംരംഭങ്ങളെയല്ല. എല്ലാ കാലത്തും എന്തെങ്കിലും തുടങ്ങണമെന്നും വിജയിപ്പിക്കണമെന്നുമുള്ള മനസ്സ് അവനുണ്ടാകും. അതിനെ പ്രമോട്ട് ചെയ്യുക എന്നാണ് ഒരു സംസ്ഥാനം എന്ന നിലയില്‍ നമ്മുടെ കര്‍ത്തവ്യം. ഇത് ജനങ്ങളുടെ കൂടി കര്‍ത്തവ്യമാണ്. ഒരു സംരംഭം ആരംഭിച്ച് പരാജയപ്പെട്ടാല്‍ ഒറ്റപ്പെടുത്തുന്ന പ്രവണതയില്‍ നിന്ന് സമൂഹം മാറി ചിന്തിക്കണം. പുതിയ സംരംഭങ്ങള്‍ തുടങ്ങാനുള്ള പ്രോത്സാഹനവും നല്‍കണം. ഫെയില്‍ഡ് എന്റര്‍പ്രണറിന് പോലും പ്രോത്സാഹനം കൊടുക്കുന്ന ഒരു സമൂഹമായി നമ്മള്‍ മാറണം. ലോകമെമ്പാടുമുള്ള ബിസിനസ് സ്റ്റാറ്റിസ്റ്റിക്‌സ് എടുത്താല്‍ നൂറില്‍ പത്തെണ്ണം മാത്രമേ സുസ്ഥിരമായ റവന്യൂ ഉള്ള ബിസിനസുകളായി മാറുകയുളളൂ. അക്കൂട്ടത്തില്‍ ഒരെണ്ണം വളരെ സക്‌സസ്ഫുള്‍ ആവുകയും ചെയ്യും.
പരാജയപ്പെടുന്ന സ്റ്റാര്‍ട്ട്അപ്പുകളെ സഹായിക്കാന്‍
ഇത്തരത്തിലുള്ള സംരംഭങ്ങളെ സഹായിക്കാനാണ് മാര്‍ക്കറ്റ് കണക്ട് പദ്ധതി നടപ്പിലാക്കുന്നത്. സംരംഭങ്ങളെ വിപണിയുമായി ബന്ധപ്പെടുത്തുന്ന പദ്ധതിയാണ്. ഇതിനായി ഇന്റര്‍നാഷണല്‍- നാഷണല്‍ കോണ്‍ഫറന്‍സുകള്‍ വഴിയും
കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രി (സിഐഎ) പോലുള്ള ഇന്‍ഡസ്ട്രിയല്‍ ഓര്‍ഗനൈസേഷനുകള്‍ വഴിയും പരമാവധി സംരംഭങ്ങള്‍ക്ക് സഹായമെത്തിക്കാന്‍ സ്റ്റാര്‍ട്ട്അപ്പ് മിഷന്‍ മുന്നിലുണ്ട്. ഏതെങ്കിലും കാരണത്താല്‍ സംരംഭങ്ങള്‍ അവസാനിപ്പിക്കുവാന്‍ തീരുമാനിക്കുന്നുണ്ടെങ്കിലും അത് വളരെ എളുപ്പത്തില്‍ പൂര്‍ത്തിയാക്കാനുള്ള സഹകരണവും ഉറപ്പുവരുത്തുന്നുണ്ട്.
അന്താരാഷ്ട്ര കമ്പനികള്‍ ശ്രദ്ധിക്കുന്നത്
ചെറിയ കമ്പനികളിലെ ഉത്പന്നത്തില്‍ ഒരു മള്‍ട്ടിനാഷണല്‍ കമ്പനിക്ക് താത്പര്യം തോന്നിയാല്‍ മെര്‍ജിങ്ങിനോ അക്വസിഷനോ അവര്‍ ശ്രമിക്കും. പിന്നെ വൈറ്റ് ലേബലിങിനുള്ള സാധ്യതയുമുണ്ട്. ചെറുകിട കമ്പനികളുടെ പ്രൊഡക്ടുകള്‍ ഏറ്റെടുത്ത് വന്‍കമ്പനികളുടെ ഉത്പന്നമായി ലേബല്‍ ചെയ്ത് വില്‍ക്കുന്നതാണ് വൈറ്റ് ലേബലിങ്. ചെറിയ സംരംഭങ്ങളില്‍ അന്താരാഷ്ട്ര കമ്പനികള്‍ നിക്ഷേപിക്കുന്നത് സംസ്ഥാനത്തിന് വളരെയേറെ ഗുണം ചെയ്യും. ഉദാഹരണത്തിന് ഐബിഎം ഏതെങ്കിലും സ്റ്റാര്‍ട്ട്അപ്പിലേക്ക് കടന്നു വരികയാണെങ്കില്‍ അവര്‍ കൂടുതല്‍ കമ്പനികളുമായി ധാരണയിലെത്താന്‍ ശ്രമിക്കും. അതിലൂടെ കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുകയും ചെയ്യും. മാത്രമല്ല വെല്‍ത്ത് ക്രിയേഷനും അവിടെ സാധ്യമാകും. ക്രിയേഷന്‍ ഓഫ് ഇക്യുറ്റി ട്രാന്‍സാക്ഷന്‍ വര്‍ധിക്കുകയും ചെയ്യും.
യൂണിവേഴ്‌സിറ്റി ഇന്‍ക്യുബേഷന്‍ ഹബ്
യൂണിവേഴ്‌സിറ്റികളിലെ ഇന്‍ക്യുബേഷന്‍ ഹബുകള്‍ യുവജനങ്ങള്‍ക്ക് പുതിയ സംരംഭം തുടങ്ങാനുള്ള ആവേശം നല്‍കും. പുതിയ ആശയങ്ങള്‍ പ്രാവര്‍ത്തികമാക്കാന്‍ സമൂഹത്തിന്റെയും കുടുംബത്തിന്റെയും പിന്‍ബലം പലപ്പോഴും ലഭിക്കാറില്ല. ഇത്തരത്തിലുള്ള ഒരു അവസ്ഥയില്‍ സംരംഭകര്‍ക്ക് കൂടുതല്‍ പിന്തുണ ആവശ്യമാണ്. ആ പിന്തുണയും മോട്ടിവേഷനും നല്‍കുന്ന സ്ഥാപനങ്ങളായും ഈ ഇന്‍ക്യൂബേഷന്‍ സെന്ററുകള്‍ പ്രവര്‍ത്തിക്കുന്നു. രാജ്യാന്തരതലത്തില്‍ എക്‌സ്‌പ്ലോഷര്‍ ലഭിക്കുന്ന സ്ഥാപനങ്ങളാണ് സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റികള്‍. സെന്‍ട്രല്‍ ഗവണ്‍മെന്റിന്റെ സ്‌കീമുകളുടെ സപ്പോര്‍ട്ടും ഉണ്ടാകും. അതിനാല്‍ സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റികളിലും ഇന്‍ക്യുബേഷന്‍ ഹബുകള്‍ ആരംഭിക്കും. കേരള യൂണിവേഴ്‌സിറ്റി, അഗ്രികള്‍ച്ചറല്‍ യൂണിവേഴ്‌സിറ്റി, വെറ്റിനറി യൂണിവേഴ്‌സിറ്റി എന്നിവിടങ്ങളിലെല്ലാം ഇന്‍ക്യുബേഷന്‍ സെന്ററുകള്‍ സ്ഥാപിക്കാനുള്ള പദ്ധതിയാണ് സ്റ്റാര്‍ട്ട്അപ്പ് മിഷനുള്ളതെന്നും സിഇഒ അനൂപ് അംബിക പറഞ്ഞു.