സുജന കെ സുബ്രഹ്മണ്യന്
സോഷ്യല്‍ മീഡിയയില്‍ കാണുന്ന ക്രിപ്റ്റോ, ഇതര ട്രേഡിങ്ങ് സ്പോണ്‍സേര്‍ഡ് പരസ്യങ്ങള്‍ കണ്ട് പണം മുടക്കുന്നവരാണോ നിങ്ങള്‍? എങ്കില്‍ നിങ്ങള്‍ മുടക്കുന്ന മുഴുവന്‍ പണവും ചെന്നുചേരുന്നത് തട്ടിപ്പുകാരുടെ കൈകളിലേക്കാണ്. കൂടുതല്‍ തുക വാഗ്ദാനം ചെയ്തുള്ള സോഷ്യല്‍ മീഡിയ പോസ്റ്റുകളിലൂടെയും യാതൊരു തിരിച്ചറിയല്‍ സൂചനകളോ മറ്റുവിവരങ്ങളോ പണം മുടക്കുന്നവര്‍ക്ക് നല്‍കാത്ത രീതിയിലുള്ള വെബ്സൈറ്റുകളും ആപ്പുകളും നിര്‍മിച്ച് പൊതുജനങ്ങളെ വലയിലാക്കി കോടികളാണ് ഇന്ത്യയില്‍ നിന്ന് തട്ടിയെടുക്കുന്നത്. പലവിധ സ്കീമുകള്‍ പരിചയപ്പെടുത്തി വിശ്വാസം നേടിയെടുക്കാന്‍ ഏജന്റുമാരും ഇവര്‍ക്കായി പല സ്ഥലങ്ങളില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. മണി ചെയിന്‍ മാതൃകയില്‍ സുഹൃത്തുക്കളെയും മറ്റുള്ളവരെയും ചേര്‍ക്കുന്നതിന് വന്‍തുകയാണ് കമ്മീഷനായി നല്‍കുമെന്ന് പറയാറുള്ളത്. ഏതെങ്കിലും വിദേശ രാജ്യത്ത് പ്രവര്‍ത്തിക്കുന്ന കമ്പനിയെന്ന രൂപത്തിലാണ് മിക്ക വെബ്സെറ്റുകളും ആപ്പുകളും പ്രവര്‍ത്തിക്കുന്നത്. യഥാര്‍ത്ഥത്തില്‍ പണം മുടക്കുന്ന ആളുകള്‍ക്ക് അവര്‍ക്കായി നല്കുന്ന ഡിജിറ്റല്‍ വാലറ്റില്‍ പണം ഇരട്ടിക്കുന്നതും കോയിന് കൂടുന്നതും കാണാമെങ്കിലും ഇതെല്ലാം പലപ്പോഴും വിശ്വാസം കൂട്ടുന്നതിനുവേണ്ടി തട്ടിപ്പുകാര്‍ ചെയ്യുന്നതാണ്. പണം മുടക്കുന്ന ആളുകള്‍ക്കും ചേര്‍ക്കുന്ന ആളുകള്‍ക്കും ഒരു രൂപ പോലും തിരികെ ലഭിക്കില്ല എന്നതാണ് സത്യം.
ഈ സംഘങ്ങള്‍ക്കെതിരെ പൊലീസില്‍ പരാതി ലഭിക്കുന്ന സാഹചര്യത്തില്‍ ഉടന്‍ തന്നെ വെബ്സൈറ്റുകളും ആപ്പുകളും അപ്രത്യക്ഷമാവുകയും പിന്നീട് മറ്റു പേരുകളില്‍ പ്രത്യക്ഷ്യപ്പെടുകയും ചെയ്യും. ഇതുമായി ബന്ധപ്പെട്ട് നിരവധി ക്രിമിനല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെങ്കിലും പല കേസുകളിലും പ്രതികളെ പിടികൂടാനോ നഷ്ടപ്പെട്ട തുക തിരികെ വീണ്ടെടുക്കാനോ സാധിച്ചിട്ടില്ല. പണം സ്വീകരിക്കുമ്പോള്‍ പാലിക്കേണ്ട മാനദണ്ഡങ്ങളോ നിയമങ്ങളോ പാലിക്കാതെ പ്രവര്‍ത്തിക്കുന്ന തട്ടിപ്പ് സംഘങ്ങള്‍ക്കെതിരെ നടപടി എടുക്കാന്‍ ബുദ്ധിമുട്ടുമുള്ളതായാണ് പൊലീസ് അടക്കമുള്ള അധികൃതരും പറയുന്നത്.
ഇന്‍സ്റ്റഗ്രാം, ഫേസ്ബുക്ക് മുതലായ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമിലും വ്യാജ ഐഡന്റിറ്റിയില്‍ ക്രിപ്റ്റോ ട്രേഡര്‍, കമ്പനിയുടെ പ്രതിനിധി എന്നെല്ലാം പറഞ്ഞ് സൗഹൃദം സ്ഥാപിച്ച് പണം തട്ടിയെടുക്കുന്ന രീതിയും വ്യാപകമായി കണ്ടുവരുന്നുണ്ട്. ഇവര്‍ അയക്കുന്ന ലിങ്കുകളില്‍ ക്ലിക്ക് ചെയ്യുന്നതോടുകൂടി പണം നഷ്ടപ്പെടുന്നത് കൂടാതെ സോഷ്യല്‍ മീഡിയ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെടുകയും പിന്നീട് ആ അക്കൗണ്ട് ഉപയോഗിച്ച് സുഹൃത്തുക്കളെ ബന്ധപ്പെട്ട് പണം മുടക്കാന്‍ നിര്‍ബന്ധിക്കുകയും അവരുടെയും പണവും അക്കൗണ്ടും തട്ടിയെടുക്കുകയും ചെയ്യും. ആയതിനാല്‍ സുഹൃത്തുക്കള്‍ അയക്കുന്ന ലിങ്കുകളാണെങ്കിലും ക്ലിക്ക് ചെയ്യുന്നതിനും പണം മുടക്കുന്നതിനും മുമ്പ് അവരെ വിളിച്ച് ചോദിക്കുകയോ വിശദമായ അന്വേഷണം നടത്തുകയോ ചെയ്തില്ലെങ്കില്‍ വലിയ നഷ്ടങ്ങളുണ്ടാകും. കേസില്‍ പ്രതിയാകാനുള്ള സാധ്യതയുമുണ്ട്.
പരസ്യത്തിലും മോഹന വാഗ്ദാനങ്ങളിലുംപെട്ട് എളുപ്പത്തില്‍ പണം മുടക്കുന്നവര്‍ എല്ലാം തന്നെ ഇത്തരം ചതിക്കുഴികളില്‍ വീണുപോകാറുണ്ട്. പരസ്യം കണ്ട് ഇനി പണം മുടക്കാന്‍ തയ്യാറെടുക്കുന്നവര്‍ ഒന്നോ രണ്ടോ തവണ ആലോചിച്ചതിനുശേഷം മാത്രം പണം മുടക്കുക. സ്വയം ഇത്തരത്തിലുള്ള ചതിക്കുഴികള്‍ മനസിലാക്കി ഒഴിഞ്ഞുമാറുക. മറ്റുള്ളവരെ ബോധവത്കരിക്കുക. സൈബര്‍ തട്ടിപ്പ് ഇരയാകുന്നവര്‍ക്ക് www.cybercrime.gov.in എന്ന വെബ്സെറ്റിലോ 1930 എന്ന ടോള്‍ഫ്രീ നമ്പറിലോ വിളിച്ച് പരാതി രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. പരാതിക്ക് രസീത് കിട്ടുന്നതിനോടൊപ്പം നിങ്ങളുടെ പരാതി അടുത്തുള്ള പൊലീസ് സ്റ്റേഷനിലേക്ക് അയക്കും. നടപടിയുടെ വിവരങ്ങളും ഓണ്‍ലൈന്‍ വഴി അറിയാനും സാധിക്കും.
(കൊച്ചി ആസ്ഥാനമായ സൈബര്‍ സുരക്ഷ ഫൗണ്ടേഷനില്‍ ട്രയിനറാണ് ലേഖിക)