തെലുങ്കാനയില്‍ മൂവായിരം കോടി രൂപയിലധികം മുടക്കി കിറ്റെക്‌സ് ഗ്രൂപ്പ് ആരംഭിക്കുന്ന ഫാക്ടറികളില്‍ ആദ്യത്തേത് വരുന്ന ജനുവരിയില്‍ പ്രവര്‍ത്തന സജ്ജമാകും. തെലുങ്കാനയിലെ വാറങ്കലിലും ഹൈദരാബാദിലും സര്‍ക്കാര്‍ അനുവദിച്ച 460 ഏക്കര്‍ സ്ഥലത്താണ് കിറ്റെക്‌സിന്റെ ലോകോത്തര നിലവാരത്തിലുള്ള ഫാക്ടറികള്‍ ഉയരുന്നത്. നേരത്തെ അയ്യായിരം പേര്‍ക്ക് തൊഴില്‍ ലഭ്യമാക്കുന്ന ഫാക്ടറി കേരളത്തില്‍ സ്ഥാപിക്കാനായിരുന്നു കിറ്റെക്‌സ് ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ സാബു ജേക്കബ് ആഗ്രഹിച്ചിരുന്നത്. എന്നാല്‍ ചില രാഷ്ട്രീയ സംരംഭക സാമൂഹിക വിവാദങ്ങള്‍ക്കൊടുവില്‍ ഫാക്ടറി തെലുങ്കാനയിലേക്ക് പറിച്ചു നടപ്പെടുകയായിരുന്നു. നിലവിലെ സാഹചര്യത്തില്‍ കേരളത്തിലെ സംരംഭക സാഹചര്യങ്ങളെക്കുറിച്ച് വ്യക്തമായ അഭിപ്രായം രേഖപ്പെടുത്തുകയാണ് സാബു ജേക്കബ്.
വ്യവസായ സൗഹൃദമെന്നത് പിആര്‍ വര്‍ക്ക്
കേരളത്തില്‍ വ്യവസായങ്ങളോടുള്ള പരമ്പരാഗത കാഴ്ചപ്പാടില്‍ മാറ്റം വന്നതായി തോന്നിയിട്ടില്ല. അതുപോലെ സംരംഭക കാലാവസ്ഥയില്‍ എന്തെങ്കിലും പുരോഗതി വന്നതായും അനുഭവപ്പെട്ടിട്ടില്ല. ഇന്ത്യയിലെ വ്യവസായ സൗഹൃദ സംസ്ഥാനങ്ങളുടെ പട്ടികയില്‍ കേരളം ഇരുപത്തിയെട്ടില്‍ നിന്ന് പതിനഞ്ചാം സ്ഥാനത്തേക്ക് എത്തി എന്നാണ് അവകാശപ്പെടുന്നത്. ഇത്രയധികം മെച്ചപ്പെട്ടെങ്കില്‍ നൂറുകണക്കിന് സംരംഭങ്ങള്‍ കേരളത്തില്‍ ഉണ്ടാകുമായിരുന്നു. ഏതെങ്കിലും റെപ്പ്യൂട്ടഡ് ആയ ഇന്‍ഡസ്ട്രി കേരളത്തില്‍ ആരംഭിച്ചതായി അറിവില്ല. ഇത് ഒരു പിആര്‍ വര്‍ക്ക് മാത്രമായാണ് താന്‍ കരുതുന്നതെന്നും സാബു ജേക്കബ് പറയുന്നു. രാഷ്ട്രീയ നേതാക്കള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും ഇന്‍ഡസ്ട്രിയുമായി ബന്ധപ്പെട്ട കാര്യങ്ങളെക്കുറിച്ച് യാതൊരു ധാരണയുമില്ല. തൊഴിലാളി യൂണിയനുകളും നേതാക്കന്‍മാരും ഒരു വ്യവസായത്തെ എങ്ങനെ തകര്‍ക്കാമെന്നാണ് നോക്കുന്നത്. കേരളത്തിലെ രാഷ്ട്രീയക്കാര്‍ക്ക് ഡിസ്ട്രക്ടീവ് മെന്റാലിറ്റിയാണ്. കണ്‍സ്ട്രക്റ്റീവായി അവര്‍ ചിന്തിക്കുന്നേയില്ല. ഇവിടെ നിക്ഷേപം നടത്തിയെന്ന് പറയുന്ന സ്ഥാപനങ്ങളെല്ലാം റീട്ടെയ്ല്‍ മേഖലയില്‍ നിന്നുള്ളതാണ്. കേരളം ഒരു കണ്‍സ്യൂമര്‍ സ്റ്റേറ്റായി മാറിക്കൊണ്ടിരിക്കുകയാണ്. മാനുഫാക്ചറിങ് ഇന്‍ഡസ്ട്രികള്‍ തുടങ്ങാനുള്ള സാഹചര്യം കേരളത്തില്‍ ഇല്ല. ഇവിടെ മാള്‍ തുടങ്ങുന്നതാണ് പലപ്പോഴും ഇന്‍വെസ്റ്റ്‌മെന്റായി കണക്കാക്കുന്നത്. ആ മാളില്‍ വില്‍ക്കുന്ന എത്ര പ്രൊഡക്റ്റുകള്‍ ഇവിടെ ഉത്പാദിപ്പിക്കപ്പെടുന്നുണ്ടെന്
അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതില്‍ പരാജയം
വ്യവസായങ്ങള്‍ക്കാവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതില്‍ കേരളം പരാജയമാണ്. കേരളത്തിന് ആവശ്യമായ റിസോഴ്‌സുകളെല്ലാമുണ്ട്. എന്നാല്‍ കൃത്യമായി ഉപയോഗിക്കാനുള്ള കാഴ്ചപ്പാടില്ല. ഏറ്റവും കൂടുതല്‍ മഴ ലഭിക്കുന്ന സംസ്ഥാനമാണ്. കുറഞ്ഞ ചെലവില്‍ ഹൈഡ്രോ ഇലക്ട്രിസിറ്റി പോലും ഉത്പാദിപ്പിക്കാന്‍ സാധിക്കുന്നില്ല. ലഭിക്കുന്ന ജലത്തിന്റെ തൊണ്ണൂറു ശതമാനവും വെറുതെ ഒഴുകി പോവുകയാണ്. തെലുങ്കാന പോലുള്ള സംസ്ഥാനത്തില്‍ കുറഞ്ഞ ചെലവിലുള്ള ഹൈഡ്രോ ഇലക്ട്രിസിറ്റി പ്രോഡ്യൂസ് ചെയ്യാനുള്ള സാധ്യതകളില്ല. തെര്‍മല്‍ എനര്‍ജിയിലൂടെ അവര്‍ അതിനെയെല്ലാം മറികടക്കുകയാണ്. വൈദ്യുതിക്ഷാമം തീരെ ഇല്ലാത്ത സംസ്ഥാനമാണ് തെലുങ്കാന.
ജനസാന്ദ്രതയും സ്ഥല ലഭ്യത കുറവും
വന്‍ വ്യവസായങ്ങള്‍ തുടങ്ങാനുള്ള സ്ഥലത്തിന്റെ ലഭ്യത കേരളത്തില്‍ കുറവാണ് എന്ന് പറയുന്നതില്‍ കാര്യമില്ല. കൃത്യമായ ആസൂത്രണവും ദീര്‍ഘവീക്ഷണവുമുണ്ടെങ്കില്‍ ഇന്‍ഡസ്ട്രികള്‍ ആരംഭിക്കാന്‍ സ്ഥല ലഭ്യത പ്രശ്‌നമാകില്ല. ലോകത്തില്‍ ഏറ്റവും കൂടുതല്‍ ഇന്‍ഡസ്ട്രികള്‍ ഉള്ള സ്ഥലമാണ് ഹോങ്കോങ്. സ്ഥല ലഭ്യത ഏറ്റവും കുറവുള്ള രാജ്യവും. എന്നിട്ടും ഇന്‍ഡസ്ട്രികളുടെ കാര്യത്തില്‍ അവര്‍ ഏറെ മുന്നിലാണ്. സിറ്റികളില്‍ നിന്നും മാറി നൂറുകണക്കിന് ഏക്കര്‍ ഭൂമിയാണ് സംസ്ഥാനത്ത് വെറുതെയിട്ടിരിക്കുന്നത്. സര്‍ക്കാര്‍ പല പ്രോജക്റ്റുകള്‍ പറഞ്ഞ് ഏറ്റെടുത്ത ഭൂമി പോലും പലയിടങ്ങളിലും ഉപയോഗശൂന്യമാണ്. അതുപോലെ വ്യവസായ പാര്‍ക്കുകളില്‍ പോലും ഭൂമി പ്രോപ്പറായി ഉപയോഗപ്പെടുത്താന്‍ സാധിക്കുന്നില്ലെന്നും സാബു ജേക്കബ് കൂട്ടിച്ചേര്‍ക്കുന്നു.
മാറേണ്ടത് ഭരണകര്‍ത്താക്കളുടെ ആറ്റിറ്റിയൂഡ്
ഭരിക്കുന്നവരുടെ ആറ്റിറ്റിയൂഡ് മാറിയാല്‍ തന്നെ കേരളം രക്ഷപ്പെടും. ജയലളിത മുഖ്യമന്ത്രിയായി വരുന്നതുവരെ തമിഴ്‌നാടിന് വ്യവസായങ്ങളോട് വല്യ താല്‍പര്യം ഇല്ലായിരുന്നു. ജയലളിത വന്നതോടെ തമിഴ്‌നാടിന്റെ ഇന്‍ഡസ്ട്രി കള്‍ച്ചര്‍ തന്നെ മാറി. അതൊടെ നെഗറ്റിവായിനിന്ന ഉദ്യോഗസ്ഥരുടെ മനോഭാവവും മാറി. ഒപ്പം ജനങ്ങളുടേയും. തുടര്‍ന്നാണ് സൗത്ത് ഇന്ത്യയിലെ ഏറ്റവും കൂടുതല്‍ ഇന്‍വെസ്റ്റ്‌മെന്റ് ഉള്ള സംസ്ഥാനമായി തമിഴ്‌നാട് മാറിയത്. തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനും പിന്‍തുടരുന്നത് ഇതേ സിസ്റ്റമാണ്. ഇരുപത്തിയഞ്ചു വര്‍ഷത്തിനുള്ളില്‍ കേരളം വൃദ്ധന്മാരുടെ നാടായി മാറും. ചെറുപ്പക്കാര്‍ മുഴുവന്‍ മികച്ച ജീവിത സാഹചര്യങ്ങള്‍ക്കായി കേരളം വിട്ടുപോവുകയാണ്. തെലുങ്കാനയില്‍ നിരവധി മലയാളികളാണ് മാനുഫാക്ച്ചറിങ് ഇന്‍ഡസ്ട്രികള്‍ നടത്തുന്നത്. മലയാളികള്‍ക്ക് മാത്രമായിരിക്കും സ്വന്തം നാട്ടില്‍ വ്യവസായം ആരംഭിക്കാന്‍ സാധിക്കാത്ത ഗതികേടുള്ളതെന്നും സാബു ജേക്കബ് പറയുന്നു.