മനോജ് കെ. പുതിയവിള
ശാരീരികമോ മാനസികമോ ആയ വെല്ലുവിളികൾ നേരിടുന്നവർ ഉള്ള കുടുംബങ്ങളിലെ സ്ഥിതി എത്രപേർക്ക് അറിയാം? ഇവരിൽ പലർക്കും എപ്പോഴും ഒരാളുടെ നോട്ടം വേണം. ഇന്നത്തെ ന്യൂക്ലിയർ കുടുംബങ്ങളിൽ ഇതു വലിയ പ്രശ്നമാണ്. ഒരംഗം തൊഴിൽ ഉപേക്ഷിച്ചു വീട്ടിൽ ഇരിക്കണം. മൂത്രമൊഴിക്കാൻ പോകണമെങ്കിൽപ്പോലും അവരെ മുറിയിലിട്ടു പൂട്ടിയിട്ടോ കെട്ടിയിട്ടിട്ടോ പോകേണ്ട സ്ഥിതി. ഒന്നിച്ചു പോകേണ്ട വിവാഹമോ മരണമോ പോലുള്ള കാര്യങ്ങൾക്കൊന്നും പോകാൻകഴിയില്ല. ഒരാൾ ആശുപത്രിയിലെങ്ങാനും ആയാൽ അയൽപ്പക്കക്കാരെയോ ബന്ധുക്കളെയോ ആശ്രയിക്കണം. അതുതന്നെയും മിക്കപ്പോഴും അപ്രായോഗികം.
അവർക്കൊരു പകൽവീട് ഒരുക്കിയാലോ? എന്തൊരു ആശ്വാസം! ഭിന്നശേഷിക്കാർ എന്ന് ആധുനികലോകം വിളിക്കുന്ന ഇക്കൂട്ടരിൽ ഉള്ള ശേഷികൾ കണ്ടെത്തി വികസിപ്പിക്കാൻ കഴിഞ്ഞാലോ? ശാസ്ത്രീയമായ പരിശീലനങ്ങളിലൂടെ ഇതു സാദ്ധ്യമാണ്.
കോഴിക്കോട്ട് ഇത്തരക്കാർക്കു പകൽവീട് ഒരുക്കിയും നൈപുണ്യപരിശീലനം നൽകിയും നൂറോളം പേർക്കു വിവിധ സ്വകാര്യസ്ഥാപനങ്ങളിൽ ജോലി നേടിക്കൊടുത്തിരിക്കുന്നു എന്നു കേട്ടാലോ? മാത്രമല്ല, ഇവരിൽ കരകൗശലവൈഭവം ഉള്ളവരെ അതു പരിശീലിപ്പിച്ച് അസംസ്കൃതവസ്തുക്കൾ നൽകി കരകൗശലവസ്തുക്കൾ ഉത്പാദിപ്പിക്കുകയും അവ വിൽക്കാൻ കോഴിക്കോടുനഗരത്തിൽ മനോഹരമായൊരു ഷോറൂം തുടങ്ങുകയും അവരിൽത്തന്നെ ചിലരെ അവിടെ ജീവനക്കാരാക്കുകയും ചെയ്താലോ? അങ്ങനെ തുറന്ന ഷോറൂമാണ് നടക്കാവിലുള്ള ‘സർഗ്ഗശേഷി’. ഇതിൻ്റെ കൂടുതൽ വിശേഷങ്ങൾ പിന്നാലെ പറയാം.
ഇത്തരം എന്തെന്തെല്ലാം ഉദ്യമങ്ങൾക്കു നമ്മുടെ നാട്ടിൽ സാദ്ധ്യതയുണ്ട് എന്ന് ഒരുനിമിഷം ആലോചിക്കൂ! ശാരീരികമോ മാനസികമോ മാത്രമല്ല, സാമൂഹികമോ സാമ്പത്തികമോ ഉപജീവനപരമോ തൊഴിൽപരമോ വിദ്യാഭ്യാസപരമോ മറ്റുതരത്തിലുള്ളതോ ആയ വെല്ലുവിളികളോ പിന്നാക്കാവസ്ഥയോ നേരിടുന്ന എത്രയോ വിഭാഗങ്ങൾ കേരളത്തിലുണ്ട്. അവരെയൊക്കെ അതിജീവനത്തിനു സഹായിക്കുന്ന എത്രയോ സംരംഭങ്ങൾ നമുക്ക് ആവശ്യമുണ്ട്. അത്തരം സംരംഭങ്ങളാണു സാമൂഹിക സംരംഭങ്ങൾ.
സാധാരണ സംരംഭങ്ങൾ
സംരംഭകത്വം എന്നത് ഒരാൾക്കോ വിരലിൽ എണ്ണാവുന്ന ആളുകളുടെ കൂട്ടായ്മയ്ക്കോ പണം ഉണ്ടാക്കാനുള്ള ഒരു പ്രവർത്തനം എന്നാണു പ്രാഥമികമായി നാം കാണുന്നത്. സംരംഭം തുടങ്ങാൻ ഒരാൾ ആലോചിക്കുന്നതും ആ താത്പര്യത്തിലാണ്. പക്ഷേ, ആ സംരംഭം വേറെ കുറച്ചുപേർക്കുകൂടി തൊഴിൽ നൽകിയേക്കാം. ഒപ്പം അതു സമൂഹത്തിനു പ്രയോജനകരമായ ഉത്പന്നങ്ങളോ സേവനങ്ങളോ ഉത്പാദിപ്പിക്കുകയോ വിതരണം ചെയ്യുകയോകൂടി ചെയ്യുന്നു. അപ്പോഴും, നടത്തുന്നവരുടെ ഊന്നൽ അതിൽനിന്നുള്ള വരുമാനത്തിലാണ്. അതുകൊണ്ടാണല്ലോ ഉത്പന്നത്തിൽ മായം ചേർക്കലും അമിതവിലയും കള്ളപ്പരസ്യങ്ങളും തൊഴിലാളിചൂഷണവും വ്യാജവാഗ്ദാനങ്ങളും ഒക്കെ ഉണ്ടാകുന്നത്. കാരണം, തൊഴിൽസൃഷ്ടി, സമൂഹത്തിനായുള്ള ഉത്പാദനം, സേവനം തുടങ്ങിയവയെ സംരംഭകത്ത്വത്തിൻ്റെ വലിയ സാമൂഹികധർമ്മങ്ങളായി നാം കാണുന്നില്ല.
ആദ്യം ഉത്പന്നം വികസിപ്പിക്കുകയും പിന്നെ അതിന് ആവശ്യക്കാരെ കണ്ടെത്തി അവരെ പ്രോത്സാഹിപ്പിച്ച് അതു വങ്ങിപ്പിക്കുകയും ചെയ്യുക എന്ന തന്ത്രം വ്യവസായരംഗത്തു വളർന്നത് മുതലാളിത്തത്തിൻ്റെ, അഥവാ മൂലധനത്തിൻ്റെ, ‘എങ്ങനെയും ലാഭം’ എന്ന ത്വരയിൽനിന്നാണ്. ‘ഡിമാൻഡ് ക്രിയേഷൻ’ എന്നത് ശവപ്പെട്ടിക്കാരുടേതെന്നു പണ്ടുമുതലേ പറയുന്ന മനോഭാവത്തിൻ്റെ ആധുനികപ്രയോഗമാണ്.
ഒരു മരുന്നുണ്ടാക്കുന്ന കമ്പനിക്കു വില്പന കൂടാൻ ആ രോഗം കൂടുതൽപേർക്കു വരണം. കോടികൾ മുടക്കി കൂറ്റൻ ആശുപത്രിയും അത്യാധുനികയന്ത്രങ്ങളും ഒരുക്കുന്ന സംരംഭകർക്ക് മുടക്കുമുതൽ മുതലാക്കാനും പരമാവധി ലാഭം ഉണ്ടാക്കാനും അവയെല്ലാം രോഗിക്ക് ആവശ്യമില്ലെങ്കിലും പരമാവധി അടിച്ചേല്പിക്കേണ്ടിവരും. ടൂത്ത് പേസ്റ്റിൻ്റെ വില്പന കൂട്ടാൻ റ്റ്യൂബിൻ്റെ വാവട്ടം വലുതാക്കിയതുപോലുള്ള വിപണനതന്ത്രങ്ങൾ ഉണ്ടാകുന്നത് അങ്ങനെയാണ്. വിദ്യാഭ്യാസമടക്കം കച്ചവടമാകുന്നതും ഇങ്ങനെയാണ്. ഇലക്ട്രോണിക് ഉപകരണങ്ങൾ വളരെവേഗം കേടോ ഔട്ട്ഡേറ്റഡോ ആകാനും ബാറ്ററിപോലെ ഒരു ചെറുഘടകം കേടായാലും അതു മാത്രം മാറ്റാൻ കഴിയാതെ പുതിയ ഉപകരണംതന്നെ വാങ്ങിപ്പിക്കാനും ഉള്ള സൂത്രങ്ങളും വില്പന വർദ്ധിപ്പിക്കാൻതന്നെ. ഉത്പന്നത്തിൻ്റെയോ സേവനത്തിൻ്റെയോ ഉപഭോക്താവ് ഉത്പാദകരുടെ ലാഭദുർമ്മോഹത്തിൻ്റെ ഇരയാകുന്ന ഈ സാഹചര്യമാണു പല സംരംഭങ്ങളുടെയും കാര്യത്തിൽ ഉള്ളത്.
പല കോർപ്പറേറ്റുകളുടെയും സാമൂഹികസേവനംപോലുള്ള പ്രതിച്ഛായകളൊക്കെ പരസ്യ-ബ്രാൻഡിങ് കമ്പനികൾ ചമച്ചുണ്ടാക്കുന്നവയാണ്. അല്ലെങ്കിൽ, കോർപ്പറേറ്റ് സാമൂഹിക ഉത്തരവാദിത്വം (CSR) എന്നൊന്നു പ്രത്യേകമായി ഉണ്ടാകേണ്ട സാഹചര്യം ഇല്ലല്ലോ.
സാമൂഹിക സംരംഭകത്വം
സംരംഭകത്വം എന്നത് സമൂഹത്തിന്റെ ആവശ്യങ്ങൾ കണ്ടറിഞ്ഞ് അവ നിറവേറ്റാനുള്ള സാധനങ്ങളോ സേവനങ്ങളോ ആവിഷ്ക്കരിച്ച് ആവശ്യക്കാർക്കു സ്വീകാര്യമായ വിലയ്ക്ക് ഉത്തരവാദിത്വപൂർവം ലഭ്യമാക്കുക എന്നതാകണം. അതിനുമപ്പുറമുള്ള ഒരു സവിശേഷധർമ്മംകൂടി അതിൽ ഉൾച്ചേർത്താൽ അതു സാമൂഹിക സംരംഭമാകും. ആ ഉത്പന്നമോ സേവനമോ പ്രദാനം ചെയ്യുന്നത് ഏതു സമൂഹത്തിനാണോ ആ സമൂഹംതന്നെ സേവനദാതാവും ആകുക എന്നതാണത്. അത്തരമൊരു സംരംഭം സ്വന്തം ഉത്പന്നമോ സേവനമോ എന്തായിരിക്കണം എന്നു തീരുമാനിക്കുന്നത് ആ സമൂഹത്തിൻ്റെ പ്രശ്നങ്ങൾകൂടി പരിഗണിച്ച് ആയാൽ അതു മഹത്തരവും ആകും.
അത്തരം ഒന്നാണ് തുടക്കത്തിൽ പരിചയപ്പെടുത്തിയത്. അതുപക്ഷെ, ആദായകരമായ സംരംഭമാതൃകയല്ല. പുറത്തുനിന്നുള്ള ധനസഹായം അതിനു വേണം. കോഴിക്കോട്ടെ സംവിധാനം പ്രവർത്തിപ്പിക്കുന്നത് യുഎൽ ഫൗണ്ടേഷൻ എന്ന സ്ഥാപനമാണ്. അതിനു തുടർച്ചയായ ഫണ്ടു നൽകുന്നത് ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് കോപ്പറേറ്റീവ് സൊസൈറ്റിയാണ്. അവരുടെ സാമൂഹികസേവനവിഭാഗമാണ് യുഎൽ ഫൗണ്ടേഷൻ എന്നു ചുരുക്കിവിളിക്കുന്ന യുഎൽസിസിഎസ് ചാരിറ്റബിള് ആൻഡ് വെൽഫെയർ ഫൗണ്ടേഷന്. ഊരാളുങ്കൽ സൊസൈറ്റി ഇരിങ്ങലിൽ നടത്തുന്ന സർഗ്ഗാലയ ആർട്സ് ആൻഡ് ക്രാഫ്റ്റ്സ് വില്ലേജാണ് ഇവരെ കരകൗശലം അഭ്യസിപ്പിക്കുന്നതും. ഡൗൺസിൻഡ്രോം ട്രസ്റ്റു(DoST)മായി ചേർന്ന് ഇവരുടെ കലാകായികവികസനത്തിനുള്ള പരിപാടികളും നടപ്പാക്കുന്നുണ്ട്. ഇവിടത്തെ കുട്ടികൾ സിനിമയിൽ അഭിനയിക്കുകവരെ ചെയ്തു!
ഇത്തരത്തിൽ നിരന്തരമായ ധനസഹായം ഇത്തരം സംരംഭങ്ങൾക്കു സാധാരണനിലയിൽ സാധ്യമല്ല. പക്ഷേ, നല്ല പ്രൊജക്റ്റ് തയ്യാറാക്കിയാൽ ആദ്യവർഷങ്ങളിൽ വിദേശത്തുനിന്നടക്കം സഹായം നേടാനാകും. അത് ഉപയോഗിച്ചു സ്വന്തം കാലിൽ നിൽക്കുകയും വളരുകയും ചെയ്യാവുന്ന ബിസിനസ്മാതൃക ആവിഷ്ക്കരിക്കുകയാണു വേണ്ടത്.
അല്പമൊന്ന് ആലോചിച്ചാൽ അതിനു വഴി കാണാം. ഈ ഉദാഹരണത്തിൽത്തന്നെ, അവർ നിർമ്മിക്കുന്ന കരകൗശലയുത്പന്നങ്ങൾ പ്രത്യേകം ബ്രാൻഡ് ചെയ്താൽ പുറംനാടുകളിലടക്കം വിപണി കണ്ടെത്താൻ ബുദ്ധിമുട്ടുണ്ടാവില്ല. പിറന്നാളിനും വിവാഹത്തിനുംതൊട്ട് ജോലി കിട്ടിയാലും സ്ഥാനക്കയറ്റം കിട്ടിയാലും സ്ഥലംമാറ്റം ആയാലും വിരമിച്ചാലും വിജയങ്ങൾ നേടിയാലും കുഞ്ഞു പിറന്നാലും അതിനു പേരിട്ടാലും, എന്തിന് ഒരു മീറ്റിങ്ങിലെ അതിഥികൾക്കുപ്പോലും സ്നേഹോപഹാരം സമ്മാനിക്കുന്ന നമുക്ക് അത്തരം സമ്മാനങ്ങൾ ഇത്തരം ഉത്പന്നങ്ങളാക്കണം എന്നൊരു ക്യാമ്പയിൻ സംഘടിപ്പിച്ചാൽത്തന്നെ എത്രവലിയ ബിസിനസാണു കിട്ടുക! കേരളത്തിൽ എവിടെയും എത്തിച്ചുകൊടുക്കാനും ഓൺലൈനിൽ ഓർഡർ നൽകാനും സൗകര്യം ഒരുക്കുകയേ വേണ്ടൂ. കേരളത്തിനു പുറത്തേക്കും ഇതു ക്രമേണ വ്യാപിപ്പിക്കാം.
ഇതുമായി ബന്ധപ്പെടുത്തി മറ്റൊരു ബിസിനസ് ആരംഭിച്ച് അതിലൂടെയും ഇത്തരം സംരംഭങ്ങൾക്കു ധനം കണ്ടെത്താം. ഇത്തരം സാമൂഹികലക്ഷ്യങ്ങളെ പിൻതുണയ്ക്കാൻ ആണെന്നു പ്രഖ്യാപിച്ചാൽത്തന്നെ ആ സംരംഭത്തിൻ്റെ ഉത്പന്നങ്ങളോ സേവനങ്ങളോ വാങ്ങാൻ തയ്യാറാകുന്നവരുടെ എണ്ണം സമൂഹത്തിൽ കൂടിവരികയാണ്. ഇതിൽ സാമൂഹികസംരംഭം ലാഭേച്ഛയില്ലാത്ത സംഘടനയായി രജിസ്റ്റർ ചെയ്താലും ധനം ഉണ്ടാക്കാനുള്ള സഹോദരസംരംഭം ലാഭം നേടാവുന്ന ബിസിനസായി നടത്താനാകും. ഇത്തരം പല മാതൃകകൾ സാമൂഹികസംരംഭങ്ങളുടെ നടത്തിപ്പിനു സ്വീകരിക്കാം. അതേപ്പറ്റി വിവരങ്ങൾ നൽകുന്ന വെബ്സൈറ്റുകളും അക്കാദമികവും അല്ലാത്തതുമായ വിവരങ്ങളും ഇൻ്റർനെറ്റിൽ ലഭ്യമാണ്.
‘കാന്താരി’ കടിക്കാത്ത കേരളം
സാമൂഹിക സംരംഭകത്വം പരിശീലിപ്പിക്കുന്ന ലോകത്തേതന്നെ മികച്ച സ്ഥാപനം നമ്മുടെ സംസ്ഥാനത്താണെങ്കിലും നമ്മിൽ പലർക്കും അതേപ്പറ്റി അറിയുകതന്നെയില്ല! തിരുവനന്തപുരം വെള്ളായണിയിൽ പ്രവർത്തിക്കുന്ന ‘കാന്താരി’ എന്ന സ്ഥാപനം പലനിലയ്ക്കും സവിശേഷവും കൗതുകകരവുമാണ്.
അന്ധയായ സെബ്രിയെ ടെൻബേർക്കെൻ എന്ന ജർമ്മൻവനിത സ്ഥാപിച്ച ‘ബ്രയിൽ വിത്തൗട്ട് ബോർഡേഴ്സ്’ എന്ന സംഘടന നടത്തുന്ന ഈ സ്ഥാപനത്തിൽ പരിശീലനത്തിനു തെരഞ്ഞെടുക്കുന്നതുതന്നെ പലതരം വൈകല്യങ്ങൾ ഉള്ളവർ, പല കാരണങ്ങളാൽ സമൂഹം മറ്റിനിർത്തുന്നവർ, യുദ്ധങ്ങളുടെയും എച്ച്ഐവിയുടെയും ജാതിയുടെയും വർണവിവേചനത്തിന്റെയും ഇരകൾ, പഠിത്തം ഉപേക്ഷിച്ചവർ, തടവുകാരുടെ മക്കൾ എന്നിവരെയൊക്കെ ആണ്. ഇവർ അതതു വിഭാഗങ്ങൾക്കുവേണ്ടിയും ഒറ്റപ്പെട്ടവർ, ദുരിതം അനുഭവിക്കുന്നവർ, ദുരന്തങ്ങളുടെയും മഹാരോഗങ്ങളുടെയും ഇരകൾ എന്നിവർക്കൊക്കെ വേണ്ടിയും വിവിധ സാമൂഹികപ്രശ്നങ്ങൾക്കുള്ള പരിഹാരങ്ങളായും സാമൂഹിക സംരംഭങ്ങൾ വികസിപ്പിക്കുന്നു.
പഠിത്തം പാതിവഴിക്ക് ഉപേക്ഷിച്ചു ചാടിപ്പോന്നവരാണെങ്കിൽ വളരെ നല്ലത്. അവർസാമ്പ്രദായികതയുടെ ചട്ടക്കൂട്ടിൽ ഒതുങ്ങാത്ത മൗലികപ്രതിഭകൾ ആയിരിക്കുമെന്നാണ് ഇവരുടെ പക്ഷം. വിദ്യാഭ്യാസം വേണമെന്നേ ഇല്ല. വേണ്ടത് സമൂഹത്തിനുവേണ്ടി നല്ലതു ചെയ്യാനുള്ള ആഗ്രഹം; പുതിയ ആശയങ്ങൾ രൂപപ്പെടുത്താനുള്ള സ്വപ്നത്വം; പിന്നെ, അത്യാവശ്യം ആശയവിനിമയത്തിനുവേണ്ട കമ്പ്യൂട്ടർസൗഹൃദവും. അവിടത്തെ സംരംഭകപരിശീലനവും അതിന്റെ സമ്പ്രദായവുമെല്ലാം സവിശേഷമാണ്. ഇതിനകം 50 രാജ്യങ്ങളിലെ ഇരുന്നൂറ്റിയമ്പതോളംപേർ പരിശീലനം നേടി. അവർ ലോകത്തിൻ്റെ നാനാഭാഗത്തും സാമൂഹികസംരംഭങ്ങൾ നന്നായി നടത്തുന്നു. ഒരു വ്യാഴവട്ടത്തിൽ ഏറെയായി ഈ അന്താരാഷ്ട്രസ്ഥാപനം കേരളത്തിൽ പ്രവർത്തിച്ചിട്ടും കേരളീയർ ആരെങ്കിലും അവിടെ ചേർന്നതായി അറിയില്ല.
വിജയസാദ്ധ്യത ഏറെ
ഇതൊക്കെ കേട്ടാൽ സാമൂഹികസംരംഭകത്വം എന്നതു വെറും ജനസേവനപരിപാടി മാത്രമാണെന്നും നടത്തിക്കൊണ്ടുപോകാൻ പ്രയാസമാണെന്നും ലാഭസാദ്ധ്യത ഇല്ലെന്നും ഒക്കെ തോന്നിയെങ്കിൽ തെറ്റി. നാം പുച്ഛിച്ചിരുന്ന ആക്രി വ്യാപാരം കോടികൾ ലാഭമുണ്ടാക്കാവുന്ന ഒന്നാണെന്നു തിരിച്ചറിഞ്ഞത് എന്നാണ്? വേസ്റ്റ് എന്നു നാം വിളിക്കുന്ന സാധനങ്ങളുടെ സംഭരണവും സംസ്ക്കരണവും എത്ര വലിയ ബിസിനസ് സാധ്യത ഉള്ളതാണെന്നു നാം മനസിലാക്കിയത് എന്നാണ്? അതുപോലെതന്നെയാണ് ഇതും. ആദായകരമായ തൊഴിലായിക്കൂടി സാമൂഹികസേവനത്തെ പരിവർത്തിപ്പിക്കുന്ന ഇടമാണു സാമൂഹിക സംരംഭകത്വം.
ഇന്ത്യയിലും ലത്തീൻ അമേരിക്കയിലുമൊക്കെ വിജയപ്രദമായ സാമൂഹിക സംരംഭങ്ങൾ സഹകരണ സ്ഥാപനങ്ങളാണ്. വികസിതലോകത്തും ബൃഹത്തും മികച്ചതുമായ സഹകരണ സ്ഥാപനങ്ങൾ ധാരാളം ഉണ്ടെങ്കിലും സാമൂഹികവികസനത്തിലെ പങ്കു വ്യത്യസ്തമാണ്.
യൂറോപ്പിൽ നമ്മുടെ എൽ&ടിയെയും ടാറ്റയെയുമൊക്കെ വെല്ലുന്ന നിർമ്മാണസ്ഥാപനങ്ങളും കാറും ബസും ഇലക്ട്രോണിക്സ് ഉപകരണങ്ങളും റോബോട്ടും വരെയുള്ള അനവധി സാധനങ്ങൾ ഉത്പാദിപ്പിക്കുന്ന വ്യവസായങ്ങളും ഒക്കെ സഹകരണമേഖലയിൽ ഉണ്ട്. വമ്പൻ സഹകരണസ്ഥാപനങ്ങൾ!
ഉദാഹരണത്തിന്, സ്പെയിനിലെ മോൺട്രഗൺ കോർപ്പറേഷൻ എന്ന അപ്പെക്സ് സ്ഥാപനത്തിനു കീഴിൽ 80,000 അംഗങ്ങളുള്ള, 95 കോപ്പറേറ്റീവുകളുണ്ട്. അവയിൽ 12 ലക്ഷം ഇടപാടുകാരുള്ള ബാങ്കിങ് സംഘവും വിവിധ രാജ്യങ്ങളിൽ പ്രവർത്തിക്കുന്ന ചില്ലറവ്യാപാരസംഘവും വിജ്ഞാനസംരംഭങ്ങളും ഓട്ടോമൊബൈൽ ഭാഗങ്ങൾ വികസിപ്പിക്കുകയും ഉത്പാദിപ്പിക്കുകയും ചെയ്യുന്ന എൻജിനീയറിങ് സ്ഥാപനവും ഒക്കെ ഉൾപ്പെടുന്നു. മോൺട്രഗൺ കോർപ്പറേറ്റിനു 14 ഗവേഷണ-വികസനകേന്ദ്രങ്ങളും 150ൽപ്പരം രാജ്യങ്ങളിൽ വിപണിയുമുണ്ട്. ഒട്ടനവധി സാമൂഹിക സേവന ഫൗണ്ടേഷനുകളും അതിനുകീഴിൽ പ്രവർത്തിക്കുന്നു. https://www.mondragon-corporation.com/en/ എന്ന ലിങ്കിലുള്ള വെബ്സൈറ്റിലെ അവരുടെ സംഘങ്ങളുടെ വിവരങ്ങൾ നമ്മെ അത്ഭുതപ്പെടുത്തും. ലോകം 2007ലെ സാമ്പത്തികമാന്ദ്യത്തിൽ അമർന്നപ്പോഴും സ്പെയിൻ വളർച്ച കാട്ടിയത് സഹകരണമേഖലയുടെ വിജയം ആയിരുന്നു.
ലത്തീൻ അമേരിക്കയിലെ സഹകരണസംഘങ്ങൾ ഏറെ പഠനത്തിനു വിധേയമായവയാണ്.
സഹകരണമേഖല പാലും കാപ്പിയും മറ്റു കൃഷിവിഭവങ്ങളും തദ്ദേശീയോത്പന്നങ്ങളും ഒക്കെ ഉത്പാദിപ്പിക്കുന്നവർ നേരിട്ടിരുന്ന വിലത്തകർച്ചയും വിപണനപ്രശ്നങ്ങളും ചൂഷണവുമൊക്കെ പരിഹരിക്കുകയും ഭക്ഷ്യസംസ്ക്കരണവും ആധുനികവിപണനതന്ത്രങ്ങളും വൈവിദ്ധ്യവത്ക്കരണവും ഒക്കെ വഴി വിദേശത്തേക്കടക്കം ഉത്പന്നങ്ങൾ കയറ്റുമതി ചെയ്യുന്ന നിലയിലേക്കു വളരുകയും ചെയ്തു. സാമൂഹികസേവനമേഖലകളിൽ അടക്കം ശക്തമായ പ്രവർത്തനമാണ് അവിടെ സഹകരണസ്ഥാപനങ്ങൾ നടത്തുന്നത്. ഓരോ സമൂഹത്തിൻ്റെയും ആവശ്യങ്ങൾ തിട്ടപ്പെടുത്തി അതിനനുസരിച്ചു നടത്തുന്ന ആവശ്യാധിഷ്ഠിത ഉത്പാദനം എന്ന സ്വാശ്രയത്വസമീപനം പരീക്ഷിച്ചതും ലോകം ശ്രദ്ധിച്ചു. വീണ്ടുവിചാരമില്ലാതെ സഹകരണമേഖലയെ തകർക്കാൻ നടക്കുന്ന രാഷ്ട്രീയക്കാരും മാദ്ധ്യമങ്ങളും അവിടെയൊന്നും ഇല്ലാത്തത് അവരുടെ ഭാഗ്യം.
ഇന്ത്യയിൽത്തന്നെ അമുൽ ഉത്പാദകരായ ആനന്ദ് സൊസൈറ്റിയും ഇൻഡ്യൻ കോഫീ ഹൗസും ലിജ്ജത് പപ്പടം ഉത്പാദിപ്പിക്കുന്ന വനിതാസംഘവും മുതൽ ഇഫ്കോ പോലെ രാസവളവും കാർഷികയന്ത്രോപകരണങ്ങളും ഒക്കെ നിർമ്മിക്കുന്ന എത്രയോ കോപ്പറേറ്റീവുകൾ വിജയഗാഥകൾ പാടി മുന്നേറുകയായിരുന്നു. സമീപകാലത്തായി അവയുടെ നടത്തിപ്പിലെല്ലാം നിക്ഷിപ്തതാത്പര്യക്കാർ ഇടപെടുകയും കയ്യടക്കാൻ ശ്രമിക്കുകയും ചെയ്തത് അവയുടെ പ്രവർത്തനത്തെ ബാധിക്കുന്നതായാണു റിപ്പോർട്ടുകൾ. ബാങ്കിങ്, ഇൻഷ്വറൻസ് മേഖലകളിലെ സ്വകാര്യക്കമ്പനികളെ സഹായിക്കാൻ റിസർവ് ബാങ്ക് അടക്കം കൊണ്ടുവരുന്ന നിയന്ത്രണങ്ങളും രാജ്യത്തെ സഹകരണമേഖലയ്ക്കു വെല്ലുവിളി ഉയർത്തുന്നു.
കേരളത്തിൽ
കേരളത്തിലെ ഏറ്റവും മികച്ച സാമൂഹികസംരംഭം തുടക്കത്തിൽ പരാമർശിച്ച ഊരാളുങ്കൽ ലേബർ സൊസൈറ്റിയാണ്. തൊഴിലില്ലായ്മ ഉയർത്തിയ വെല്ലുവിളി മറികടക്കാൻ പിറവികൊണ്ട ആ സംഘം അയ്യായിരത്തോളം പ്രൊഫഷണലുകളുടെയും 13,000-ൽപ്പരം തൊഴിലാളികളുടെയും അടക്കം 18,000 കുടുംബങ്ങൾക്ക് അത്താണിയാകുന്നതിൻ്റെ കഥ കഴിഞ്ഞ ലക്കത്തിൽ വിവരിച്ചതിനാൽ ആവർത്തിക്കുന്നില്ല.
മിൽമയും റബ്കോയും ഹാൻടെക്സും ദിനേശ് ബീഡി സംഘവും വിവിധ ലേബർ കോപ്പറേറ്റീവ് സൊസൈറ്റികളും മുതൽ നാടൊട്ടുക്കുമുള്ള ഒട്ടനവധി കാർഷികസംഘങ്ങളും കശുവണ്ടി, കയർ, കൈത്തറി സംഘങ്ങളും മിൽമയ്ക്കുകീഴിൽ ഗ്രാമഗ്രാമാന്തരങ്ങളിൽ പ്രവർത്തിക്കുന്ന ക്ഷീരസംഘങ്ങളും ഒക്കെ സഹകരണമേഖലയിലെ പെട്ടെന്ന് ഓർക്കാവുന്ന ഉദാഹരണങ്ങളാണ്. ബീഡിവ്യവസായം തളർച്ചയിലായപ്പോൾ മറ്റു മേഖലകളിലേക്കു വൈവിദ്ധ്യവത്ക്കരിച്ചു ദിനേശ് സംഘം നേടുന്ന വളർച്ചയും വഴികാട്ടിയാണ്.
ഇവയെക്കാളൊക്കെ വിപുലവും വേഗം വളരുന്നതും പുതിയപുതിയമേഖലകളിലേക്കു സംരംഭങ്ങൾ വികസിപ്പിക്കുന്നതും ഒട്ടേറെ നൂതനാശയങ്ങൾ ആവിഷ്ക്കരിക്കുന്നതും ഒക്കെയായ സാമൂഹികസംരംഭമാണ് കുടുംബശ്രീ. ലോകോത്തരമായ സാമൂഹികസംരംഭം എന്നു കണക്കാക്കുന്ന ബംഗ്ലാദേശിലെ ‘ഗ്രാമീൺ ബാങ്ക്’ മുന്നോട്ടുവച്ച മൈക്രോഫിനാൻസ് സംവിധാനത്തിൻ്റെ ഏറ്റവും വിജയിച്ച ജനകീയസംരംഭമാതൃകയാണു കുടുംബശ്രീ. കുടുംബശ്രീ ഉൾപ്പെടെയുള്ള സാമൂഹികസംരംഭങ്ങളും കൈത്തറിയും കയറും പോലുള്ള സഹകരണംസംഘങ്ങളുമൊക്കെ സംസ്ഥാനത്തിനകത്ത് ഉത്പാദിപ്പിക്കുന്ന ഉപഭോഗാസ്തുക്കളുടെ വിപണനത്തിനു തനിമയാർന്ന ഒരു ശൃംഖല ഹോം ഡെലിവറി സൗകര്യത്തോടെ കേരളത്തിലെ മുഴുവൻ പട്ടണങ്ങളിലും തുറക്കാൻ കഴിഞ്ഞാൽ അതു മറ്റൊരു മികച്ച സാമൂഹികസംരംഭമാകും.
നമ്മുടെ സ്റ്റാർട്ടപ് രംഗത്ത് ഏറെ ശ്രദ്ധിക്കപ്പെട്ട ജെൻ റോബോട്ടിക്സ് വികസിപ്പിച്ച, സ്വീവേജ് ടണൽ വൃത്തിയാക്കാൻ കുഴിയിൽ ഇറങ്ങുന്ന, ആൾനൂഴി റോബോട്ട് മികച്ച ഒരു സാമൂഹികസംരംഭ ഗവേഷണമാണ്. ഗൗരവമുള്ള ഒരു സാമൂഹികപ്രശ്നത്തിനുള്ള പരിഹാരം കണ്ടെത്തുകയാണ് ആ യുവാക്കൾ ചെയ്തത്. മാലിന്യ ടണൽ വൃത്തിയാക്കുന്ന തൊഴിൽ ചെയ്തുവന്നവരുടെ തൊഴിൽ നഷ്ടമാകാതെ അവരെത്തന്നെ ഈ റോബോട്ട് പ്രവർത്തിപ്പിക്കാൻ പഠിപ്പിക്കുകകൂടി ചെയ്തപ്പോൾ അതു ലക്ഷണമൊത്ത സാമൂഹികസംരംഭമായി. എന്നാൽ, കേരളസമൂഹവും സർക്കാരിൻ്റെ ബന്ധപ്പെട്ട വകുപ്പുകളും ഇക്കാര്യത്തിൽ അക്ഷന്തവ്യമായ അലംഭാവമാണു കാട്ടിയത്. ഇവിടെ അത് ഒരു സാമൂഹികപരിഷ്ക്കരണപ്രസ്ഥാനമായി വളർത്തിയെടുത്തിരുന്നെങ്കിൽ മറ്റു സംസ്ഥാനങ്ങളിലും രാജ്യങ്ങളിലും ധാരാളം ഓർഡർ നേടാനും വളരാനും ആ സ്ഥാപനത്തിനു കഴിഞ്ഞേനെ. അതു രാജ്യമാകെ ഒരു പ്രസ്ഥാനമായി വളർത്തിയെടുക്കാനുള്ള അവസരം ഇനിയും നഷ്ടമായിട്ടില്ല.
നാം ചെയ്യേണ്ടത്
അന്ധർ ഊന്നിനടക്കുന്ന പ്രത്യേകതരം വടിയും സഞ്ചാരശേഷി ഇല്ലാത്തവർക്കുള്ള യന്ത്രസൈക്കിളും മുതൽ തെങ്ങുകയറാനുള്ള സുരക്ഷിതമായ യന്ത്രം വരെ എത്രയോ സാമഗ്രികൾ കേരളത്തിലെ യുവ എൻജിനീയർമാർക്കു വികസിപ്പിക്കാൻ കഴിയും! അവയ്ക്കൊക്കെ വിപുലമായ ആഭ്യന്തര-ബാഹ്യവിപണികളും ഉണ്ടാകും. ഇത്തരം ഉത്പന്നങ്ങൾ ഏറ്റവും കുറഞ്ഞ വിലയ്ക്കു വിൽക്കാവുന്ന തരത്തിൽ വികസിപ്പിച്ചാൽ വികസ്വരരാജ്യങ്ങളിലാകെ വിപണി ലഭിക്കും.
കേരളത്തിൻ്റെ പൊതുവിലും വിവിധ വിഭാഗങ്ങളുടെ വിശേഷിച്ചും ആവശ്യങ്ങൾ കണ്ടത്താനുള്ള വിപുലമായ പഠനം നടത്താൻ സർക്കാർ തയ്യാറാകുകയാണ് ഇതിന് ആദ്യം വേണ്ടത്. ഓരോ പ്രശ്നത്തിനും പരിഹാരം കണ്ടെത്താനുള്ള ദൗത്യം മത്സരങ്ങൾ സംഘടിപ്പിച്ചോ മുൻഗണന നിർദേശിച്ചോ പ്രൊഫഷണലുകളെ ഏല്പിക്കണം. അവർ വികസിപ്പിക്കുന്ന പരിഹാരങ്ങൾ സ്വീകരിക്കാൻ അതതു സമൂഹത്തെ പ്രോത്സാഹിപ്പിക്കണം.
സാമൂഹികസംരംഭങ്ങൾക്കുള്ള ആശയങ്ങൾ ഒരു ജൂറിക്കുമുന്നിൽ അവതരിപ്പിക്കണം. ജൂറി അവ വിലയിരുത്തണം. ഏറ്റവും മികച്ച പ്രൊജക്ടുകൾക്കു ഗ്രാന്റു നൽകണം. രാജ്യാന്തര ഏജൻസികളുടെയടക്കം ധനസഹായങ്ങൾക്കും ആധാരമാകുന്നതരം വിലയിരുത്തൽ നടത്താൻ കഴിയുന്നതും സ്വീകാരമുള്ളതും ആകണം ജൂറി.
അർഹരായവർക്കെല്ലാം കേന്ദ്രീകൃതമായി ധനസഹായം ലഭ്യമാക്കാനുള്ള സംവിധാനവും സർക്കാർ ആവിഷ്ക്കരിക്കണം. മികച്ച പ്രൊജക്റ്റുകൾക്ക് കെപിഎംജിയും ലോയ്ഡ്സും പോലുള്ള അന്താരാഷ്ട്ര ഏജൻസികൾപോലും സഹായം നൽകാൻ സന്നദ്ധമായേക്കും. ഇതിൻ്റെ സാദ്ധ്യതകളും പരിശോധിക്കണം.
സാങ്കേതികോത്പന്നങ്ങളുടെ കാര്യത്തിൽ മാത്രമല്ല ഇതു വേണ്ടത്. കേരളത്തിൽ ജനങ്ങൾക്ക് ആവശ്യമുള്ള ഏതേതു സാധനങ്ങൾ ഇന്നുള്ളതിലും കുറഞ്ഞ ചെലവിലും ഗുണമേന്മയിലും ഉത്പാദിപ്പിക്കാനാകും എന്നതും പരിശോധിക്കണം. കേരളത്തിൻ്റെ സ്വന്തം കമ്പ്യൂട്ടറായ കൊക്കോണിക്സ് പോലെ അവ വികസിപ്പിക്കാനും വില്പന നടത്താനും പദ്ധതി ഉണ്ടാക്കണം. ലക്ഷ്യസമൂഹത്തെ നിശ്ചയിച്ച് അനുയോജ്യമായ ഉത്പന്നം വികസിപ്പിക്കുകയും പേരും വിലയും ഒക്കെ നിശ്ചയിച്ചു ബോധവത്ക്കരണപരിപാടി സംഘടിപ്പിച്ച് ആ ഉത്പന്നം സാമൂഹികമായി വിപണനം ചെയ്യുകയാണു വേണ്ടത്. ഇവയുടെ ഉത്പാദനത്തിൽ ഗുണഭോക്തൃസമൂഹത്തെ എത്രമാത്രം പങ്കാളികളാക്കാൻ കഴിയും എന്നതാണ് തൊഴിൽസൃഷ്ടിയിൽ പരിഗണിക്കേണ്ടത്. സാമൂഹികസംരംഭകർക്ക് ആശയവിനിമയം, മാദ്ധ്യസ്ഥ്യം, ഭിന്നതകൾ പരിഹരിക്കൽ, നേതൃത്വം എന്നിവയ്ക്കെല്ലാമുള്ള ശേഷി വികസിപ്പിക്കാനുള്ള പിന്തുണയും സർക്കാർ നൽകണം.
നമ്മുടെ യുവാക്കളും സർക്കാരും ഡിജിറ്റൽ സമ്പദ്ഘടനാനിർമ്മാനത്തിനിടെ ഈ വഴിക്കുകൂടി ശ്രദ്ധ ഊന്നുന്നത് പുതൊയൊരു കേരളബദലിനു രൂപം നൽകാൻതന്നെ വഴിതുറന്നേക്കാം. ഒരു സ്വാശ്രയത്വ, കുത്തകവിരുദ്ധ പ്രവർത്തനവും ആകും അത്.