മലയാളി വനിതാ സംരംഭകര്‍ക്ക് കരുത്തും ആത്മവിശ്വാസവും നല്‍കുന്ന വ്യക്തിത്വം. തന്റെ നിലപാടുകളും അഭിപ്രായങ്ങളും തുറന്നു പറയാനുള്ള ആര്‍ജവമാണ് മറ്റ് സംരംഭകരില്‍ നിന്ന് ഷീലയെ വ്യത്യസ്തമാക്കുന്നത്. നൂറ്റിഇരുപത്തിയഞ്ചു കോടിയിലധികം വിറ്റുവരവുള്ള വിസ്റ്റാര്‍ ക്രിയേഷന്‍സിന്റെ സ്ഥാപകയും മാനേജിങ് ഡയറക്ടറുമായ ഷീല കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളി, അതിസമ്പന്നരായ 100 ഇന്ത്യന്‍ വനിതകളുടെ പട്ടികയിലും ഇടം പിടിച്ച സംരംഭകകൂടിയാണ്.
ജനസംഖ്യയുടെ 52.2 ശതമാനം സ്ത്രീകളായിട്ടും വളരെ കുറച്ചു സ്ത്രീ സംരംഭകരാണ് കേരളത്തിലുള്ളത്. അതില്‍ തന്നെ വളരെ ചെറിയ ശതമാനം മാത്രമാണ് വിജയിച്ചിട്ടുള്ളത്. എന്താണ് കേരളത്തില്‍ സ്ത്രീകളെ സംരംഭകരാകുന്നതില്‍ നിന്നും തടയുന്നത് ? ഇരുപത്തിയേഴു വര്‍ഷത്തെ സംരംഭക അനുഭവങ്ങളുടെ പശ്ചാത്തലത്തില്‍ കേരളത്തിന്റെ സംരംഭകകാലവസ്ഥയെ കുറിച്ച് പ്രതികരിക്കുകയാണ് ഷീല കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളി.
രാഷ്ട്രീയ അതിപ്രസരമെന്ന ശാപം
വ്യവസായ സൗഹൃദ സംസ്ഥാനമെന്ന് പത്രങ്ങളിലോ ചാനലുകളിലോ പരസ്യം ചെയ്തത് കൊണ്ടുമാത്രം ഒരു സംസ്ഥാനവും വ്യവസായ സൗഹൃദമാകില്ലെന്ന് ഷീല കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളി പറയുന്നു. വന്‍ വ്യവസായങ്ങള്‍ സുഗമമായി നടക്കുന്ന സംസ്ഥാനങ്ങള്‍ തങ്ങള്‍ വ്യവസായ സൗഹൃദമാണെന്ന് പറയേണ്ടി വരാറില്ലെന്നതാണ് യാഥാര്‍ത്ഥ്യം. കേരളത്തില്‍ നിക്ഷേപം നടത്താന്‍ വ്യവസായികള്‍ക്ക് ഭയമാണ്. ഇവിടെ നിക്ഷേപം നടത്തിയവര്‍ കടന്നു പോകുന്ന പ്രതിസന്ധികള്‍ മനസിലാക്കുന്ന ഒരാള്‍ സ്വന്തം പൈസ കേരളത്തില്‍ നിക്ഷേപിക്കാന്‍ താല്‍പ്പര്യപ്പെടില്ല.
സംരംഭം തുടങ്ങാന്‍ സ്ഥലം ലീസിനോ വാടകയ്‌ക്കോ എടുത്ത് ആദ്യ മെഷിനറി ഇറക്കുമ്പോള്‍ തന്നെ നോക്കുകൂലിയും ഗുണ്ടായിസവും ആരംഭിക്കും. നോക്കുകൂലി നിയമംമൂലം നിരോധിച്ചെങ്കിലും ഇപ്പോഴും സജീവമായി തന്നെ നിലനില്‍ക്കുന്നുണ്ട്. വ്യവസായങ്ങളുമായി ബന്ധപ്പെട്ട അനുമതി ലഭിക്കാന്‍ ഓഫീസുകള്‍ കയറി ഇറങ്ങി കൈക്കൂലിയും നല്‍കി വര്‍ഷങ്ങളോളം കാത്തിരിക്കേണ്ട ഗതികേടാണ്. ഇത്രയും ബുദ്ധിമുട്ട് സഹിച്ച് വ്യവസായം ആരംഭിക്കാന്‍ ആരെങ്കിലും ഇഷ്ടപ്പെടുമോയെന്ന് ഷീല ചോദിക്കുന്നു. കുട്ടികള്‍ ഹയര്‍ സ്റ്റഡീസിനും ജോലിക്കുമായി കേരളം വിടുകയാണ്. കാരണം ഇവിടെ ആവശ്യത്തിന് തൊഴിലും ജീവിതസാഹചര്യവുമില്ല. രാഷ്ട്രീയ അതിപ്രസരമാണ് കേരളത്തിന്റെ എറ്റവും വലിയ ശാപം. രാഷ്ട്രീയക്കാരാണ് ഇവിടെ കാര്യങ്ങള്‍ നിയന്ത്രിക്കുന്നത്.
വനിതാ സംരംഭകരും കേരളവും
കഴിഞ്ഞ ഒരു ദശാബ്ദത്തിനിടയില്‍ കേരളത്തിന്റെ വ്യവസായ വളര്‍ച്ചയില്‍ സ്ത്രീകള്‍ വഹിച്ച പങ്ക് ചെറുതല്ല. എന്നിരുന്നാലും കേരളത്തിന്റെ സാമൂഹ്യ-സാംസ്‌കാരിക- വിദ്യാഭ്യാസ രംഗത്തെ വനിതാ മുന്നേറ്റം പരിഗണിക്കുമ്പോള്‍ സംരംഭകത്വ മേഖലയിലേക്ക് ഇനിയുമേറെ പേര്‍ കടന്നുവരേണ്ടിയിരിക്കുന്നു. ഇവിടെ കഴിവുള്ള ധാരാളം സ്ത്രീകളുണ്ട്. സംരംഭങ്ങള്‍ ആരംഭിക്കാനും അത് വിജയിപ്പിക്കാനും സാധിക്കുന്നവര്‍. അവര്‍ക്ക് പുതിയ സംരംഭങ്ങള്‍ ആരംഭിക്കാനും വിജയിപ്പിക്കാനുമുള്ള സാമൂഹികവും സാമ്പത്തികവുമായ സാഹചര്യങ്ങള്‍ ഒരുക്കാന്‍ സാധിച്ചാല്‍ നല്ല റിസള്‍ട്ടുണ്ടാക്കാന്‍ സാധിക്കും. കുടുംബത്തിന്റെ ഉത്തരവാദിത്തം കാരണം നാടുവിട്ട് ജോലി ചെയ്യാനുള്ള സാഹചര്യവും സ്ത്രീകളെ സംബന്ധിച്ച് കുറവാണ്. സ്ത്രീകള്‍ക്ക് വളരാനുള്ള സാഹചര്യം ഒരുക്കിയാല്‍ തീര്‍ച്ചയായും പുതിയ സംരംഭങ്ങളുമായി മുന്നോട്ടു വരാന്‍ അവര്‍ക്കു സാധിക്കുമെന്നും ഷീല കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളി വ്യക്തമാക്കുന്നു.
നിയമങ്ങള്‍ കാലഹരണപ്പെട്ടത്
വ്യവസായങ്ങളുമായി ബന്ധപ്പെട്ട പല നിയമങ്ങളും കാലഹരണപ്പെട്ടതാണ്. അവയൊക്കെ പൊളിച്ചെഴുതേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. നല്ല നാടിനായി നിയമങ്ങള്‍ ആവശ്യമാണ്. പക്ഷെ അത് വ്യവസായികളെ ബുദ്ധിമുട്ടിക്കാന്‍ വേണ്ടി മാത്രമാകരുത്. എന്തെങ്കിലും നിസ്സാരകാര്യം പറഞ്ഞ് വ്യവസായങ്ങളെ പൂട്ടിക്കാനാണ് ശ്രമിക്കുന്നത്. സ്വന്തം പണം മുടക്കി ഒരു സംരംഭം തുടങ്ങുന്നവര്‍ക്ക്, സര്‍ക്കാര്‍ ഓഫീസുകള്‍ കയറിയിറങ്ങാന്‍ മാത്രം രണ്ട് പേരെ നിയമിക്കേണ്ട ഗതികേടാണ്. മറ്റു സംസ്ഥാനങ്ങളില്‍ സംരംഭങ്ങള്‍ ആരംഭിക്കാന്‍ പദ്ധതിയുണ്ടെന്നറിഞ്ഞാല്‍ മന്ത്രിമാരടക്കം ഇങ്ങോട്ട് തേടിവരും. ഇവിടെ ഒരു ക്ലര്‍ക്കിനെ കാണാന്‍ പോലും മണിക്കൂറുകള്‍ കാത്തിരിക്കേണ്ട അവസ്ഥയാണ്. സത്യം പറയുമ്പോള്‍ സംസ്ഥാനത്തെ കുറച്ചുകാണിക്കുന്നതായി തോന്നും. എന്നു കരുതി സത്യം പറയാതിരിക്കാന്‍ പറ്റില്ലല്ലോ, ഷീല കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളി കൂട്ടിച്ചേര്‍ക്കുന്നു.
തൊഴിലാളികളും വര്‍ക്ക് കള്‍ച്ചറും
വിസ്റ്റാറിന് തമിഴ്‌നാട്ടിലും കേരളത്തിലും യൂണിറ്റുകളുണ്ട്. രണ്ടിടങ്ങളിലുമുള്ള തൊഴിലാളികളുടെ തൊഴിലിനോടും സ്ഥാപനത്തോടുമുള്ള സമീപനം തികച്ചും വ്യത്യസ്തമാണ്. തൊഴിലാളികളുടെ വര്‍ക്ക് കള്‍ച്ചര്‍ തന്നെ കേരളത്തില്‍ വ്യത്യസ്തമാണ്. മറ്റ് സംസ്ഥാനങ്ങളിലുള്ളവര്‍ക്ക് തൊഴില്‍ എന്നാല്‍ ദൈവമാണ്. തൊഴില്‍ നല്‍കുന്നവരോട് സ്‌നേഹവും ബഹുമാനവുമാണ്. ഇവിടെ തൊഴിലാളികളുടെ രക്തത്തില്‍ തന്നെ തൊഴില്‍ദാതാവിനോടുള്ള എതിര്‍പ്പ് അലിഞ്ഞ് ചേര്‍ന്നതാണ്. വ്യവസായികളെ കുറ്റവാളികളായാണ് കേരളത്തില്‍ കാണുന്നത്. തങ്ങള്‍ ജോലി ചെയ്യുന്ന സ്ഥാപനത്തെ വളര്‍ത്താന്‍ ആത്മാര്‍ത്ഥമായ ശ്രമം നമ്മുടെ തൊഴിലാളികളില്‍ നിന്നും പലപ്പോഴും ഉണ്ടാകുന്നില്ലെന്നും ഷീല കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളി ചൂണ്ടികാട്ടുന്നു. ജോലിചെയ്യാതെ എങ്ങനെ ജീവിക്കാമെന്നാണ് മാറി വരുന്ന സര്‍ക്കാരുകള്‍ കാണിച്ചുകൊടുക്കുന്നത്. തൊഴിലില്ലായ്മാ വേതനവും അനര്‍ഹര്‍മായ പെന്‍ഷനും റേഷനും നല്‍കി മലയാളിയെ മടിയന്‍മാരാക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത്. എന്നാല്‍ ഇവിടെയുള്ള തൊഴില്‍ ചെയ്യാന്‍ തമിഴന്മാരും ബംഗാളികളും വരേണ്ട സ്ഥിതിയാണ് ഇന്നുള്ളതെന്നും ഷീല കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളി പറഞ്ഞു നിര്‍ത്തുന്നു.