ലോകം ഗാഡ്ജറ്റുകളിലേക്ക് ചുരുങ്ങിപ്പോയ കാലത്ത് മാര്‍ക്കറ്റിങില്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള്‍ക്ക് വഹിക്കാന്‍ കഴിയുന്ന പങ്ക് വളരെ വലുതാണ്. മണിക്കൂറുകള്‍ നീളുന്ന സോഷ്യല്‍ മീഡിയ ഉപയോഗം മറ്റു പാരമ്പര്യ മാധ്യമങ്ങളില്‍ നിന്നും ആളുകളെ ഒരു പരിധിവരെ അകറ്റി നിര്‍ത്തുന്നുണ്ട്. ഏറ്റവും പുതിയ മാര്‍ക്കറ്റിങ് തന്ത്രങ്ങളെല്ലാം സോഷ്യല്‍ മീഡിയ അടിസ്ഥാനമാക്കിയുള്ളതാണ്. അതില്‍ തന്നെ വളരെ വ്യത്യസ്തമായ പരസ്യ പ്രചാരണ തന്ത്രമാണ് ഇന്‍ഫ്ളുവന്‍സര്‍ മാര്‍ക്കറ്റിങ്. 2022ല്‍ ഇന്‍ഫ്ളുവന്‍സര്‍ മാര്‍ക്കറ്റിംഗ് വ്യവസായം 16.5 ബില്യണ്‍ ഡോളര്‍ കവിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ആഗോള തലത്തില്‍ സോഷ്യല്‍ മീഡിയ ഇന്‍ഫ്ളുവന്‍സര്‍മാര്‍ ചുവടുറപ്പിച്ചിട്ട് പത്തുവര്‍ഷത്തോളമായി. കേരളത്തില്‍ ആരംഭിച്ചിട്ട് മൂന്നുവര്‍ഷമേ ആയിട്ടുള്ളൂ. പരമ്പരാഗത മാര്‍ക്കറ്റിംഗ് തന്ത്രങ്ങളായ ടെലിവിഷന്‍-പത്ര പരസ്യങ്ങളില്‍ നിന്നും വ്യത്യസ്തമായി ഇന്‍ഫ്ളുവന്‍സര്‍ മാര്‍ക്കറ്റിങ് ചെലവ് കുറഞ്ഞതും ടാര്‍ഗറ്റഡുമാണ്. ടാര്‍ഗറ്റഡ് ഓഡിയന്‍സിലേക്ക് പ്ലാന്‍ ചെയ്ത കണ്ടെന്റിന് എത്ര വ്യൂ ലഭിച്ചുവെന്ന് വിലയിരുത്തല്‍ സാധിക്കുന്നതും ഇതിന്റെ മേന്മയാണ്. ഫേസ്ബുക്ക്, യൂട്യൂബ്, ഇന്‍സ്റ്റഗ്രാം എന്നിവയാണ് ഇന്ത്യയില്‍ ഏറ്റവും പ്രചാരമുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള്‍. ഇരുപതു വയസിനു താഴെയുള്ളവര്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്നത് ഇന്‍സ്റ്റഗ്രാമാണ്. അതിനു മുകളില്‍ പ്രായമുള്ളവര്‍ക്ക് പ്രിയം ഫേസ്ബുക്കിനോടാണ്. കാണുന്ന സമയം കണക്കിലെടുത്താല്‍ ഏറ്റവും ആദ്യസ്ഥാനത്ത് വരുന്നത് യൂട്യൂബാണ്.
ആരാണ് ഇന്‍ഫ്ളുവന്‍സര്‍ ?
സോഷ്യല്‍ മീഡിയയിലൂടെ ജനങ്ങളെ അല്ലെങ്കില്‍ സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്ന ആളുകളെ പ്രത്യക്ഷമായോ പരോക്ഷമായോ സ്വാധീനിക്കാന്‍ കഴിവുള്ള വ്യക്തികളെയാണ് സോഷ്യല്‍ മീഡിയ ഇന്‍ഫ്ളുവന്‍സര്‍ എന്ന് പറയാറുള്ളത്. സോഷ്യല്‍ മീഡിയകളുടെ ഓരോ പ്ലാറ്റ്ഫോമുകളും വളരെ വിദഗ്ധമായി ഇവര്‍ ഉപയോഗിക്കുന്നു. പ്രതിഫലം വാങ്ങി ബ്രാന്‍ഡ് അല്ലെങ്കില്‍ പ്രോഡക്റ്റ് പ്രൊമോഷന്‍ ചെയ്യുക എന്നതാണ് ഏറ്റവും ലളിതമായി പറഞ്ഞാല്‍ സോഷ്യല്‍ മീഡിയ ഇന്‍ഫ്ളുവന്‍സറുടെ ജോലി. ഫോളോവേഴ്സിനെ സ്വാധീനിക്കുന്ന തരത്തിലുള്ള മാര്‍ക്കറ്റിങ് കണ്ടെന്റുകള്‍ ഉണ്ടാക്കുക, അവയിലൂടെ ഒരു കമ്മ്യൂണിറ്റിയെ സ്ഥിരമായി സ്വാധീനിക്കുക എന്നതാണ് ഇന്‍ഫ്ളുവന്‍സര്‍ ചെയ്യുന്നത്. ഇന്‍ഫ്ളുവന്‍സിങ് അല്ലെങ്കില്‍ മാര്‍ക്കറ്റിങ് കണ്ടെന്റുകള്‍ നിര്‍മ്മിക്കുന്നതിനും അത് തങ്ങളുടെ പേജ് വഴി പ്രദര്‍ശിപ്പിക്കുന്നതിനും ഇന്‍ഫ്ളുവന്‍സര്‍ പ്രതിഫലം കൈപ്പറ്റും.
ഇന്‍ഫ്ളുവന്‍സറെ കണ്ടെത്താം
ഓരോസംരംഭകനും തങ്ങളുടെ ബ്രാന്‍ഡിനും പ്രോഡക്ടിനും അനുയോജ്യമായ ഇന്‍ഫ്ളുവന്‍സറെ തെരഞ്ഞടുക്കുക എന്നതാണ് പ്രധാനം. ബ്യൂട്ടി പ്രോഡക്ട്, ഗാഡ്ജറ്റ്സ്, ട്രാവല്‍ ഡെസ്റ്റിനേഷന്‍, ഫുഡ്, ടെക്നോളജി തുടങ്ങി വിവിധ വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന ഇന്‍ഫ്ളുവന്‍സര്‍മാരുണ്ട്. ഇതില്‍ നമ്മുടെ ബ്രാന്‍ഡ് അല്ലെങ്കില്‍ പ്രോഡക്റ്റ് പ്രമോട്ട് ചെയ്യാന്‍ സാധിക്കുന്ന ഇന്‍ഫ്ളുവന്‍സറെ വേണം കണ്ടെത്താന്‍. ഈ തെരഞ്ഞെടുപ്പ് കൃത്യമായിരിക്കാന്‍ സംരംഭകന്‍ പ്രത്യേകം ശ്രദ്ധിക്കണം. ഇന്‍ഫ്ളുവന്‍സറുടെ വിവിധ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലുള്ള റീച്ചും സബ്സ്‌ക്രബേഴ്സിന്റെ എണ്ണവും കണ്ടെന്റിന്റെ ക്വാളിറ്റിയും വിലയിരുത്തണം. പിന്നെ ഏറ്റവും പ്രധാനമായുള്ളത് ഇന്‍ഫ്ളുവന്‍സറുടെ വിശ്വാസ്യതയാണ്. ഇന്‍ഫ്ളുവന്‍സറുടെ വിശ്വാസ്യത ബ്രാന്‍ഡിന്റെ വിശ്വാസ്യതയും ജനപ്രീതിയും വര്‍ധിപ്പിക്കാന്‍ സഹായിക്കും. പിന്നെ, ഒരു കണ്ടന്റ് ഇവര്‍ കൈകാര്യംചെയ്യുന്ന രീതിക്കും വളരെയധികം പ്രാധാന്യമുണ്ട്.
ഇന്‍ഫ്ളുവന്‍സിങ് പ്ലാന്‍ വേണം
സംരംഭകന്‍ തന്റെ പ്രോഡക്റ്റ് മാര്‍ക്കറ്റ് ചെയ്യാന്‍ സമീപിക്കുന്ന ഇന്‍ഫ്ളുവന്‍സറോട് നേരിട്ട് സംസാരിച്ച് സബ്ജക്റ്റ് പ്ലാന്‍ ചെയ്യുന്നത് വളരെയധികം ഗുണം ചെയ്യും. തന്റെ പ്രോഡക്റ്റിന് ഏത് രീതിയിയിലുള്ള പ്രമോഷനാണ് വേണ്ടതെന്നും ഏത് ക്വാളിറ്റിയാണ് ഹൈലൈറ്റ് ചെയ്യപ്പെടേണ്ടതെന്നും വ്യക്തമായി പറയണം. സാധാരണയായി സമയദൈര്‍ഘ്യം കൂടുതലുള്ള കണ്ടെന്റെുകള്‍ക്ക് യുട്യൂബിനെയാണ് ആശ്രയിക്കുന്നത്. ചെറിയ വീഡിയോ ഫോര്‍മാറ്റുകളായ ഫേസ്ബുക്ക് ഷോര്‍ട്ട്, ഇന്‍സ്റ്റഗ്രാം റീല്‍സ് എന്നിവയിലൂടെയുള്ള പ്രോഡക്റ്റ് റിവ്യൂവിനും കാഴ്ചക്കാരേറെയാണ്.
ഇന്‍ഫ്ളുവന്‍സറും കണ്ടന്റും
മാര്‍ക്കറ്റ് ചെയ്യുന്നതിനായി തങ്ങളെ സമീപിച്ച പ്രോഡക്റ്റിനെ കുറിച്ച് വിശദമായി പഠിച്ചശേഷമാണ് ഇന്‍ഫ്ളുവന്‍സര്‍മാര്‍ കണ്ടെന്റുകള്‍ തയ്യാറാക്കുന്നത്. കൂടാതെ മാര്‍ക്കറ്റില്‍ നിലവിലുള്ള പ്രോഡക്റ്റാണെങ്കില്‍ കസ്റ്റമര്‍ റിവ്യൂകൂടി മനസ്സിലാക്കും. തങ്ങളുടെ വിശ്വാസ്യതയ്ക്ക് കോട്ടം തട്ടുന്ന പ്രോഡക്റ്റുകള്‍ ഇന്‍ഫ്ളുവന്‍സര്‍ പരമാവധി മാര്‍ക്കറ്റ് ചെയ്യാറില്ല. അത് അവരുടെ പേജിനെ ബാധിക്കും. തങ്ങളുടെ ഫോളോവേഴ്സിന്റെ താത്പര്യം കൂടി പരിഗണിച്ചാണ് ഇന്‍ഫ്ളുവന്‍സര്‍ പ്രോഡക്റ്റുമായി കരാറിലെത്തുന്നത്. പുതിയതായി പുറത്തിറങ്ങുന്ന ഗാഡ്ജറ്റുകള്‍ പരിചയപ്പെടുത്തുന്ന ഒരു ഇന്‍ഫ്ളുവന്‍സര്‍ ഒരു ബ്യൂട്ടി പ്രോഡക്റ്റ് പ്രമോട്ടു ചെയ്താല്‍ അത് ഒരിക്കലും ഇന്‍ഫ്ളുവന്‍സര്‍ക്കോ പ്രോഡക്റ്റിനോ ഗുണകരമാകില്ല. കാരണം പ്രസ്തുത ഇന്‍ഫ്ളുവന്‍സറുടെ ഫോളോവേഴ്സ് ഇത്തരം ഒരു വീഡിയോ കാണാന്‍ താത്പര്യപ്പെടുകില്ല. അത് പേജിന്റെ മൊത്തം റീച്ചിനെയും ബാധിക്കും.
ഇന്‍ഫ്ളുവന്‍സര്‍ മാര്‍ക്കറ്റിങിന്റെ ഗുണങ്ങള്‍
ഇന്‍ഫ്ളുവന്‍സര്‍മാരെ പ്രമോഷനായി ഉപയോഗപ്പെടുത്താന്‍ സംരംഭകന് കൂടുതല്‍ ഏളുപ്പമാണ്. ടെലിവിഷന്‍-പത്ര പരസ്യങ്ങള്‍ തയ്യാറാക്കാന്‍ കൂടുതല്‍ പണവും അധ്വാനവും ആവശ്യമാണ്. മാത്രമല്ല അത്തരം പരസ്യങ്ങളിലുടെ പ്രോഡക്റ്റിന്റെ മുഴുവന്‍ ക്വാളിറ്റിയും പരിചയപ്പെടുത്താന്‍ സാധിക്കുകയുമില്ല. അതേസമയം ഇന്‍ഫ്ളുവന്‍സര്‍ മാര്‍ക്കറ്റിങിലൂടെ തങ്ങളുടെ പ്രോഡക്റ്റിന്റെ കണ്ടന്റ് വിഡിയോയ്ക്ക് എത്ര കാഴ്ചക്കാര്‍ ഉണ്ടായെന്ന് കൃത്യമായി മനസ്സിലാക്കാന്‍ സംരംഭകന് സാധിക്കും. വീഡിയോയുടെ താഴെ വരുന്ന കമന്റ് ഇന്‍ട്രാക്ഷനിലൂടെ പ്രോഡക്റ്റിന് ഉണ്ടാകേണ്ട മാറ്റങ്ങളെ കുറിച്ച് അറിയാനും കഴിയും. മറ്റു പരസ്യ രീതികളില്‍ നിന്നും വ്യത്യസ്തമായി, ഏത് സമയത്തും എവിടെയിരുന്നും തങ്ങള്‍ക്കാവശ്യമുള്ള പ്രോഡക്റ്റിനെ കുറിച്ച് മനസ്സിലാക്കാന്‍ സോഷ്യല്‍ മീഡിയ യൂസര്‍ക്ക് കഴിയും. ഹാഷ് ഉപയോഗപ്പെടുത്തി വീഡിയോകള്‍ അപ്ലോഡ് ചെയ്യുന്നതിനാല്‍ എത്ര കാലം കഴിഞ്ഞാലും ആവശ്യമുള്ളവര്‍ക്ക് കാണാനും പ്രോഡക്റ്റിനെ വിലയിരുത്താനും സാധിക്കുകയും ചെയ്യും. മറ്റുപരസ്യ തന്ത്രങ്ങളെ അപേക്ഷിച്ച് പ്രദേശത്തിന്റെയോ ഭാഷയുടെയോ അതിര്‍വരമ്പുകളില്ലാതെ തങ്ങളുടെ ബ്രാന്‍ഡിനെ പരിചയപ്പെടുത്താമെന്നതും ഇന്‍ഫ്ളുവന്‍സര്‍ മാര്‍ക്കറ്റിങിനെ കൂടുതല്‍ ജനകീയമാക്കുന്നു.
(പ്രശസ്ത സോഷ്യല്‍ മീഡിയ ഇന്‍ഫ്ളുവന്‍സറും ഡിജിറ്റല്‍ മീഡിയ കണ്‍സള്‍ട്ടന്റുമായ ഇബാദു റഹ്‌മാനാണ് ലേഖകന്‍).