നിക്ഷേപ സൗഹൃദ കേരളം
ഇന്ത്യയിൽ ഏറ്റവും മികച്ച നിക്ഷേപ സൗഹൃദാന്തരീക്ഷം നിലനിൽക്കുന്ന സംസ്ഥാനങ്ങളിലൊന്നാണ് കേരളം. നിക്ഷേപ സൗഹൃദ അന്തരീക്ഷം ബലപ്പെടുത്തുന്നതിനായി ഒന്നാം പിണറായി വിജയൻ സർക്കാർ തുടക്കമിട്ട നടപടികൾ കൂടുതൽ ശക്തമായി മുന്നോട്ട് കൊണ്ടുപോകാൻ ആദ്യ വർഷത്തിൽ തന്നെ വ്യവസായ വകുപ്പിനായി. 50 കോടി രൂപ വരെയുള്ള നിക്ഷേപങ്ങൾക്ക് കെ-സ്വിഫ്റ്റ് അക്‌നോളജ്‌മെന്റിലൂടെ അനുമതിയില്ലാതെ മൂന്നുവർഷം വരെ പ്രവർത്തനം സാധ്യമാക്കാൻ ഈ സർക്കാരിന് സാധിച്ചു. 50 കോടിയിലധികം മൂലധന നിക്ഷേപമുള്ള വ്യവസായങ്ങൾക്ക് മതിയായ രേഖകൾ സഹിതം അപേക്ഷിച്ചാൽ ഏഴു ദിവസത്തിനകം കോംപോസിറ്റ് ലൈസൻസ് നൽകാനുള്ള നിയമവും പാസാക്കി. അനാവശ്യ നടപടികൾ ഒഴിവാക്കുന്നതിനും അഴിമതി തടയുന്നതിനുമായി കെ-സിസ് പോർട്ടലിലൂടെ അഞ്ച് വകുപ്പുകളെ സംയോജിപ്പിച്ച് ഏകീകൃതാ പരിശോധനാ സംവിധാനം ആവിഷ്‌കരിച്ചു. മികച്ച പ്രതികരണം നേടിയെടുത്ത ഈ സംവിധാനത്തിന് കീഴിൽ ഇതിനോടകം അഞ്ചുലക്ഷത്തിലധികം സ്ഥാപനങ്ങൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. സംരംഭകരുടെ പരാതികൾ സമയബന്ധിതമായി പരിഹരിക്കുന്നതിന് ജില്ലാ – സംസ്ഥാന തലങ്ങളിൽ സിവിൽ കോടതി അധികാരത്തോടെ സ്റ്റാറ്റിയൂട്ടറി സമിതികൾ രൂപീകരിച്ചു. വ്യവസായ നടത്തിപ്പുമായി ബന്ധപ്പെട്ട കാലഹരണപ്പെട്ട നിയമങ്ങൾ പരിഷ്‌കരിക്കുന്നതിന് മൂന്നംഗ സമിതിയെ നിയോഗിക്കുകയും സമിതി റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തിലുള്ള തുടർ നടപടികൾ സ്വീകരിച്ചു വരികയാണ്. വ്യവസായ നടത്തിപ്പിനായി ഓഫീസുകൾ കയറിയിറങ്ങേണ്ടിവരുന്ന അവസ്ഥ പഴങ്കഥയായി മാറിക്കഴിഞ്ഞു. ഏറ്റവും എളുപ്പത്തിൽ സംരംഭകർക്ക് വ്യവസായം ആരംഭിക്കുന്നതിന് നിയമപരവും സാങ്കേതികവുമായ പിൻബലമൊരുക്കാൻ സർക്കാരിന് കഴിഞ്ഞു. ഇത് കൂടുതൽ സംരംഭകരെ സംസ്ഥാനത്തേക്ക് എത്തിക്കും.
ഒരു വർഷം ഒരുലക്ഷം സംരംഭങ്ങൾ; നാലുലക്ഷം പേർക്ക് തൊഴിൽ
2022-23 സംരംഭക വർഷമായി സർക്കാർ ആചരിക്കുകയാണ്. കഴിഞ്ഞ ആറുമാസത്തെ ആസൂത്രണത്തിനൊടുവിൽ മാർച്ച് 30ന് മുഖ്യമന്ത്രി പിണറായി വിജയൻ പദ്ധതി ഉദ്ഘാടനം ചെയ്തു. ഒരു വർഷം ഒരു ലക്ഷം സംരംഭങ്ങൾ ആരംഭിക്കാനും നാലുലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും പദ്ധതിയിലൂടെ ലക്ഷ്യമിടുന്നു. എംഎസ്എംഇ മേഖലയിൽ നിക്ഷേപങ്ങൾ വർധിക്കുമ്പോൾ ഇതുമായി ബന്ധപ്പെട്ട സംശയങ്ങളും ഉയർന്നുവരും. ഇത് പരിഹരിക്കുന്നതിനായി എല്ലാ ജില്ലകളിലും എംഎസ്എംഇ ക്ലിനിക്കുകൾ ആരംഭിച്ചിട്ടുണ്ട്. 168 വിദഗ്ധ പാനലിസ്റ്റുകളെ ഉൾക്കൊള്ളിച്ചുകൊണ്ട് ആരംഭിച്ച ക്ലിനിക്കുകളെ എന്ത് ആവശ്യത്തിനും സംരംഭകർക്ക് സമീപിക്കാവുന്നതാണ്.
നിക്ഷേപക പ്രശ്‌നപരിഹാരത്തിന് മീറ്റ് ദ മിനിസ്റ്റർ
മന്ത്രിയെന്ന നിലയിൽ കഴിഞ്ഞ ഒരു വർഷത്തിനിടയിൽ കേരളത്തിലെ വ്യവസായമേഖലയ്ക്ക് പുത്തനുണർവ് നൽകുന്ന നിരവധി ചുവടുവയ്പ്പുകൾക്ക് ചുക്കാൻ പിടിക്കാൻ സാധിച്ചതിലെ സന്തോഷം മറച്ചുവെക്കുന്നില്ല. സർക്കാർ അധികാരത്തിലെത്തി ആദ്യമാസങ്ങളിൽ തന്നെ നിക്ഷേപകരുടെ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനും സംരംഭകത്വവുമായി ബന്ധപ്പെട്ട പരാതികൾ നേരിൽ കേട്ട് നടപടികൾ കൈക്കൊള്ളുന്നതിനുമായി മീറ്റ് ദി മിനിസ്റ്റർ പരിപാടി ആസൂത്രണം ചെയ്യുകയും പന്ത്രണ്ട് ജില്ലകളിൽ പരിപാടി പൂർത്തീകരിക്കുകയും ചെയ്തു. ആയിരത്തിലധികം പരാതികളിൽ ഈ പരിപാടി വഴി തീർപ്പ് കൽപ്പിക്കാൻ സാധിച്ചു. കേരളത്തിന്റെ വ്യാവസായിക വളർച്ച ലക്ഷ്യമിട്ടുകൊണ്ട് നടപ്പിലാക്കിയ മീറ്റ് ദി ഇൻവസ്റ്റർ പരിപാടിയിലൂടെ 7000 കോടി രൂപയുടെ നിക്ഷേപ വാഗ്ദാനമാണ് ഒരു വർഷത്തിനുള്ളിൽ ലഭിച്ചത് എന്നത് മികവാർന്ന നേട്ടമാണ്. കഴക്കൂട്ടത്തെ കിൻഫ്ര പാർക്കിൽ 75 കോടി രൂപയുടെ നിക്ഷേപ പദ്ധതിക്ക് ഡിസൈന് ടെക്‌നോളജി രംഗത്തെ ലോകോത്തര സ്ഥാപനങ്ങളിലൊന്നായ ടാറ്റാ എലക്‌സിയുമായി കരാര് ഒപ്പുവെച്ചു. പദ്ധതിയിലൂടെ അഞ്ച് വര്ഷത്തിനുള്ളില് ആറായിരം തൊഴിലവസരങ്ങൾ സൃഷ്ടിക്കും. കാക്കനാട് കിൻഫ്ര ഇലക്ട്രോണിക് ആന്റ് മാനുഫാക്ചറിംഗ് ക്ലസ്റ്ററിൽ 1200 കോടി രൂപ ചിലവിൽ ഐടി, ഐടിഇഎസ്, ഡാറ്റ പ്രോസസിംഗ് ക്യാമ്പസ് ആരംഭിക്കുന്നതിനായി ടിസിഎസുമായി ധാരണാപത്രം ഒപ്പിട്ടു. പദ്ധതിയിലൂടെ 20,000 പേർക്ക് തൊഴിൽ ലഭിക്കും. സ്വകാര്യ വ്യവസായ പാർക്കുകൾക്ക് അനുമതി നൽകാനുള്ള തീരുമാനവും സർക്കാർ കൈക്കൊണ്ടിട്ടുണ്ട്. 10 ഏക്കറിലധികം ഭൂമിയുള്ള സ്വകാര്യവ്യക്തികൾക്ക് വ്യവസായ പാർക്കിനായി മൂന്നുകോടി രൂപ വരെ സംസ്ഥാന സർക്കാർ ധനസഹായം നൽകും. ദുബായ് എക്‌സ്‌പോയിൽ പങ്കെടുക്കുന്നതിനിടെ കേരളത്തിൽ ഫുഡ് പ്രൊസസിങ്ങ് പാർക്ക് ആരംഭിക്കാൻ യുഎഇ സർക്കാർ സന്നദ്ധത പ്രകടിപ്പിച്ചിരുന്നു. ഈ ചർച്ചകൾ പുരോഗമിക്കുന്നു. ദുബായ് ആസ്ഥാനമാക്കിയുള്ള ട്രൈസ്റ്റാർ ഗ്രൂപ്പ് കേരളത്തിൽ ബൃഹത് നിക്ഷേപപദ്ധതിക്കൊരുങ്ങുകയാണ്. ഇതിനോടകം പദ്ധതിയെക്കുറിച്ച് രണ്ടുഘട്ടങ്ങളിലായി സംസ്ഥാന സർക്കാരുമായി ചർച്ച നടത്തിക്കഴിഞ്ഞു.
ഉത്തരവാദിത്ത നിക്ഷേപം ഉത്തരവാദിത്ത വ്യവസായം
ഉത്തരവാദിത്ത നിക്ഷേപം ഉത്തരവാദിത്ത വ്യവസായം എന്ന നയം രാജ്യത്ത് ആദ്യമായി സ്വീകരിക്കുന്ന സംസ്ഥാനം കേരളമാണ്. ഗ്രീൻ ഇൻവസ്റ്റ്‌മെന്റിന് പറ്റിയ സ്ഥലമായും ആഗോളാടിസ്ഥാനത്തിൽ ഉത്തരവാദിത്ത നിക്ഷേപത്തിന്റെ കേന്ദ്രമായും കേരളം മാറുന്നത് നിക്ഷേപം ആകർഷിക്കാൻ സഹായകമാകും. ഈ സർക്കാരിന്റെ കാലത്ത് കൊണ്ടുവന്ന ഉത്തരവാദിത്ത നിക്ഷേപ നയം പരിസ്ഥിതിക്ക് അനുയോജ്യമായതും താരതമ്യേന മലിനീകരണം കുറഞ്ഞതുമായ വ്യവസായങ്ങളുടെ കേന്ദ്രമാക്കി കേരളത്തെ മാറ്റിത്തീർക്കും.
സംരംഭകർക്കായി എംഎസ്എംഇ ക്ലിനിക്
നിലവിൽ കേരളത്തിലുള്ള എംഎസ്എംഇ യൂണിറ്റുകളുടെ പ്രശ്‌നങ്ങൾ പരിഹരിച്ച് മികച്ച വളർച്ച ഉറപ്പ് വരുത്തുന്നതിനായി വിദഗ്ധരുടെ സേവനം ഉറപ്പ് വരുത്തുന്നതിനായി ഈ സർക്കാരിന്റെ കാലത്ത് ആരംഭിച്ച പദ്ധതിയാണ് എംഎസ്എംഇ ക്ലിനിക്കുകൾ. 14 ജില്ലകളിലായി 168 പേരടങ്ങിയ പാനലിന്റെ സഹായം ഏതൊരു സംരംഭകനും ലഭ്യമാകും. ഒരു ലക്ഷം സംരംഭങ്ങൾ ആരംഭിക്കുന്ന ഈ സംരംഭക വർഷത്തിൽ ഏറ്റവും ഉപകാരപ്രദമാകുന്ന നീക്കമാകും ഇപ്പോൾ ആരംഭിച്ചിരിക്കുന്ന എംഎസ്എംഇ ക്ലിനിക്കുകൾ. കേരളത്തിലെ മികച്ച ഉത്പന്നങ്ങൾക്ക് ബ്രാന്റിങ്ങ് നൽകാനുള്ള സർക്കാരിന്റെ ശ്രമങ്ങൾ നടന്നുവരികയാണ്. കേരള കൈത്തറി ഇതിന് ഒരു ഉദാഹരണമാണ്. സംസ്ഥാന സർക്കാർ നിഷ്‌കർഷിക്കുന്ന മാനദണ്ഡങ്ങൾ പാലിക്കുന്ന മികച്ച കൈത്തറി ഉത്പന്നങ്ങൾക്ക് കേരള കൈത്തറി ബ്രാന്റ് നൽകും. ഇതിനൊപ്പം മേഡ് ഇൻ കേരള എന്ന ബ്രാന്റ് നെയിമോടെ കേരളത്തിൽ നിർമ്മിക്കുന്ന ഗുണമേന്മയിൽ മികവ് പുലർത്തുന്ന ഉത്പന്നങ്ങൾ അന്താരാഷ്ട്ര മാർക്കറ്റിലടക്കം എത്തിക്കാനും ശ്രമം നടക്കുന്നു. ലോകബാങ്ക് പ്രതിനിധികളുമായി നടത്തിയ ചർച്ചയിൽ ഇക്കാര്യം വിശദമായി സൂചിപ്പിച്ചിട്ടുണ്ട്. ഇത്തരത്തിൽ ഗുണമേന്മയുള്ള ഉത്പന്നങ്ങൾ നിർമിക്കുന്നതിനായി വ്യവസായ സൗഹൃദ അന്തരീക്ഷമൊരുക്കുന്ന തദ്ദേശ സ്ഥാപനങ്ങൾക്ക് വ്യവസായ വകുപ്പ് പുരസ്‌കാരം ഏർപ്പെടുത്തിയിട്ടുണ്ട്. സൃഷ്ടിക്കപ്പെടുന്ന തൊഴിലവസരങ്ങൾ, പുതിയ വ്യവസായ സ്ഥാപനങ്ങളുടെ എണ്ണം, വ്യവസായ സ്ഥാപനങ്ങളിൽ നിന്നുള്ള തനതുവരുമാനത്തിലെ വർധനവ് എന്നിവ മാനദണ്ഡമാക്കിയാകും പുരസ്‌കാരവിതരണം. പരമ്പരാഗത വ്യവസായ യൂണിറ്റുകളിൽ നിന്ന് നിർമ്മിക്കുന്ന ഉൽപ്പന്നങ്ങൾക്ക് വിപണി ഉറപ്പ് വരുത്തുന്നതിനായി ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോം നിർമ്മാണത്തിന്റെ അവസാനഘട്ടത്തിലാണ്.
പദ്ധതി വിലയിരുത്താൻ പിഎംഎസ് പോർട്ടൽ
പദ്ധതികൾ നടപ്പിലാക്കുന്നതിലുള്ള കാലതാമസം ഒഴിവാക്കാനും പദ്ധതി പുരോഗതി തത്സമയം നിരീക്ഷിക്കാനും പദ്ധതിനിർവ്വഹണത്തിന്റെ കാര്യക്ഷമത വർധിപ്പിക്കാനുമായി ഈ സർക്കാർ കൊണ്ടുവന്ന പിഎംഎസ് പോർട്ടൽ മികവ് പുലർത്തി മുന്നോട്ടുപോവുകയാണ്. വകുപ്പിന് കീഴിലുള്ള വിവിധ സ്ഥാപനങ്ങൾ നടപ്പാക്കുന്ന പദ്ധതികൾ ഈ പ്രൊജക്ട് മാനേജ്‌മെന്റ് സംവിധാനത്തിന് കീഴിൽ കൊണ്ടുവന്ന് കേന്ദീകൃത ആക്റ്റിവിറ്റി കലണ്ടർ മുഖേന ബന്ധിപ്പിക്കും. ഒരുലക്ഷം സംരംഭങ്ങൾ ആരംഭിക്കുന്നതിനായുള്ള സംരംഭക വർഷം പദ്ധതിയുടെയും മീറ്റ് ദി മിനിസ്റ്റർ പരിപാടിയുടെ തുടർ നടപടികളുടേയും തത്സമയ സ്ഥിതി ഈ സംവിധാനത്തിലൂടെ നിരീക്ഷിക്കാൻ സാധിക്കും. സർക്കാർ നയങ്ങൾക്ക് അനുസൃതമായി ഉദ്യോഗസ്ഥ തലത്തിലും മാറ്റങ്ങൾ ഉണ്ടായാൽ മാത്രമേ കേരളത്തിന്റെ വ്യാവസായിക വളർച്ച ഉദ്ദേശിക്കുന്ന തലത്തിൽ മുന്നോട്ടുപോവുകയുള്ളൂ. അതുകൊണ്ടുതന്നെ ഉദ്യോഗസ്ഥർക്ക് ഇതിനാവശ്യമായ ട്രെയിനിങ് നൽകേണ്ടതുണ്ട്. ആദ്യത്തെ ഒരു വർഷത്തിനുള്ളിൽ തന്നെ ഐഐഎം കോഴിക്കോടും അഹമ്മദാബാദിലെ ദേശീയ സംരംഭകത്വ വികസന ഇൻസ്റ്റിറ്റ്യൂട്ടിലുമായി ഉദ്യോഗസ്ഥർക്കുള്ള ട്രെയിനിങ് പൂർത്തീകരിക്കാൻ സാധിച്ചു.
ആധുനികവത്കരണത്തിന്റെ പാതയിൽ പൊതുമേഖല
സ്വകാര്യമേഖലയിലെ നിക്ഷേപങ്ങൾക്കൊപ്പം പൊതുമേഖലയെ ആധുനികവത്കരിച്ച് വൈവിധ്യവൽക്കരിച്ച് നവീകരിച്ച് ലാഭകരമാക്കാനും സംസ്ഥാന സർക്കാർ ഉദ്ദേശിക്കുന്നു. ഇതിനായി 41 പൊതുമേഖലാ സ്ഥാപനങ്ങളെ ഏഴു വിഭാഗങ്ങളിലായി തിരിച്ച് 2030ഓടെ എല്ലാ പൊതുമേഖലാ സ്ഥാപനങ്ങളും ലാഭകരമാക്കാനുള്ള മാസ്റ്റർപ്ലാൻ തയ്യാറാക്കി. മികച്ച പ്രകടനം കാഴ്ചവെക്കുന്ന പൊതുമേഖലാ സ്ഥാപനം, മികച്ച മാനേജിംഗ് ഡയറക്ടർ, മികച്ച തൊഴിലാളി, മികച്ച ഓഫീസർ എന്നീ വിഭാഗങ്ങളിൽ പുരസ്‌കാരങ്ങൾ ഏർപ്പെടുത്തി. പതിനായിരം കോടി രൂപയുടെ നിക്ഷേപം പ്രതീക്ഷിക്കുന്ന പെട്രോ കെമിക്കൽ പാർക്ക് നിർമ്മാണം ആരംഭിച്ചു. കേന്ദ്രസർക്കാരിൽ നിന്ന് ഏറ്റെടുത്ത് നവീകരിച്ച് സംസ്ഥാന സർക്കാർ ആരംഭിച്ച കെൽ-ഇഎംഎൽ കാസർഗോഡ് പ്രവർത്തനമാരംഭിച്ചു. കേന്ദ്രസർക്കാരിൽ നിന്ന് ഏറ്റെടുത്ത ഹിന്ദുസ്ഥാൻ ന്യൂസ്പ്രിന്റ് ലിമിറ്റഡ് കുടിശ്ശികയുൾപ്പെടെ തീർത്തു നവീകരിച്ച് പുതുതായി ആരംഭിക്കുന്ന കേരള പേപ്പർ പ്രൊഡക്റ്റ്‌സ് ലിമിറ്റഡ് പ്രവർത്തനോദ്ഘാടനത്തിന് സജ്ജമാവുകയാണ്. റബ്ബർ അധിഷ്ഠിത മൂല്യവർധിത ഉത്പന്നങ്ങൾ പുറത്തിറക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സർക്കാർ രൂപം നൽകിയ കേരള റബ്ബർ ലിമിറ്റഡ് വെള്ളൂരിർ രജിസ്റ്റർ ചെയ്തു. ഒരു ലക്ഷത്തിലധികം പേർക്ക് തൊഴിൽ ലഭിക്കുന്ന കൊച്ചി – ബാംഗ്ലൂർ വ്യവസായ ഇടനാഴിക്കായി 2220 ഏക്കർ ഭൂമി അതിവേഗം ഏറ്റെടുക്കാനുള്ള നടപടികൾ അന്തിമഘട്ടത്തിലേക്ക് നീങ്ങുകയാണ്. വ്യവസായ ഇടനാഴി സാക്ഷാത്കരിക്കപ്പെടുന്നതോടെ പതിനായിരം കോടി രൂപയുടെ നിക്ഷേപമാണ് കേരളത്തിൽ ഉണ്ടാകാൻ പോകുന്നത്. കോവിഡ് കാരണം പ്രതിരോധത്തിലായ ചെറുകിട വ്യവസായികൾക്ക് 1416 കോടി രൂപയുടെ സഹായപദ്ധതി നടപ്പിലാക്കിക്കൊണ്ട് ലക്ഷക്കണക്കിന് കുടുംബങ്ങൾക്ക് സഹായമെത്തിക്കാൻ ആദ്യമാസങ്ങളിൽ തന്നെ സാധിച്ചിട്ടുണ്ട്.
സംസ്ഥാന സർക്കാരിന്റെ പൊതുമേഖലാ നയം മികവാർന്നതാണെന്ന് തെളിയിക്കുന്ന കണക്കുകൾ പുറത്തുവന്ന വർഷം കൂടിയാണിത്. 2021-22 വർഷത്തിൽ വ്യവസായവകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന 41 പൊതുമേഖലാ സ്ഥാപനങ്ങൾ 384.68 കോടി രൂപയുടെ പ്രവർത്തനലാഭം കൈവരിച്ചു. കഴിഞ്ഞ സാമ്പത്തിക വർഷത്തെ അപേക്ഷിച്ച് 245.6% വർധനവാണ് പ്രവർത്തനലാഭത്തിൽ ഉണ്ടായത്. ഒന്നാം പിണറായി സർക്കാരിന്റെ ആദ്യവർഷത്തിൽ 40.38 കോടി രൂപയുടെ പ്രവർത്തനലാഭമായിരുന്നു ഉണ്ടായിരുന്നത്. സംസ്ഥാന ചരിത്രത്തിലെ ഏറ്റവും ഉയർന്ന പ്രവർത്തന ലാഭം(332.2 കോടി രൂപ) നേടുന്ന പൊതുമേഖലാ വ്യവസായ സ്ഥാപനമെന്ന നേട്ടം ഈ വേളയിൽ കെഎംഎംഎൽ കൈവരിക്കുകയും ചെയ്തു.
അംഗീകാരത്തിന്റെ നിറവിൽ വ്യവസായ വകുപ്പ്
ഇന്ത്യയുടെ വ്യാവസായിക ഭൂപടത്തിൽ സ്വന്തമായൊരു സ്ഥാനം കേരളം അടയാളപ്പെടുത്തിയ വർഷമാണിത്. കേന്ദ്ര വ്യവസായ വാണിജ്യ മന്ത്രാലയം രാജ്യത്തെ വ്യവസായ പാർക്കുകളുടെ പ്രകടനം വിലയിരുത്തി തയ്യാറാക്കിയ റിപ്പോർട്ടിൽ കിൻഫ്രയുടെ കീഴിലുള്ള അഞ്ച് പാർക്കുകൾക്ക് ദേശീയ അംഗീകാരം ലഭിച്ചതും സുസ്ഥിര വികസന സൂചികയിൽ വ്യവസായ വികസനം ഉൾപ്പെടെയുള്ള പരിഗണനാവിഷയങ്ങളിൽ ഉയർന്ന നേട്ടം കൈവരിച്ച് ഒന്നാം സ്ഥാനം നിലനിർത്തിയതും ഈ അടയാളപ്പെടുത്തലിനെ സാക്ഷ്യപ്പെടുത്തുന്നു. ഈ മുന്നേറ്റം തുടരാൻ ആവശ്യമായ നടപടികളുമായി സർക്കാർ മുന്നോട്ടുപോകുകയാണ്. 2021നേക്കാൾ മികച്ച 2022ഉം 2022നേക്കാൾ മികച്ച 2023ഉം സൃഷ്ടിച്ചുകൊണ്ട് അടുത്ത നാലുവർഷംകൊണ്ട് കേരളത്തിനാകെ ഉണർവ് നൽകാൻ വ്യവസായ വകുപ്പ് സജ്ജമാണ്.