ഇന്ത്യൻ ബിസിനസിലെ റൈസിങ് സ്റ്റാറാകാൻ ആകാശ് അംബാനി

ടൈം മാസിക തയാറാക്കിയ ലോകത്തെ വളർന്നുവരുന്ന താരങ്ങളുടെ പട്ടികയിൽ ഇടം നേടുന്ന ഏക ഇന്ത്യൻ വ്യവസായിയായി ആകാശ് അംബാനി. ശതകോടീശ്വരനായ മുകേഷ് അംബാനിയുടെ മകനും ഇന്ത്യയിലെ ഏറ്റവും വലിയ ടെലികോം സ്ഥാപനമായ ജിയോയുടെ തലവനുമായ ആകാശ് അംബാനി ‘ടൈം100 നെക്സ്റ്റ്’ പട്ടികയിൽ ആണ് ഇടം നേടിയത്. ഇന്ത്യൻ വംശജനായ എന്നാൽ അമേരിക്കൻ വ്യവസായിയായ അമ്രപാലി ഗാനും പട്ടികയിലുണ്ട്.

അംബാനി കുടുംബത്തിലെ പിൻഗാമിയായി വളർന്നു വരുന്ന ആകാശ് അംബാനി കഠിനാധ്വാനത്തിലൂടെ തീർച്ചയായും ബിസിനസിൽ കാലുറപ്പിക്കുമെന്നാണ് ടൈം നൽകുന്ന റിപ്പോർട്ട്.

ബിസിനസ്സ്, വിനോദം, കായികം, രാഷ്ട്രീയം, ആരോഗ്യം, ശാസ്ത്രം എന്നീ മേഖലകളുടെ ഭാവി നിർണയിക്കാൻ സാധ്യതയുള്ള വളർന്ന് വന്നുകൊണ്ടിരിക്കുന്ന നേതാക്കളുടെ പട്ടികയാണ് പുറത്തുവിട്ടിരിക്കുന്നത്. അമേരിക്കൻ ഗായിക എസ്‌ഇസഡ്‌എ, നടി സിഡ്‌നി സ്വീനി, ബാസ്‌ക്കറ്റ്‌ബോൾ താരം ജാ മൊറന്റ്, സ്പാനിഷ് ടെന്നീസ് താരം കാർലോസ് അൽകാരാസ്, നടനും ടെലിവിഷൻ വ്യക്തിയുമായ കെകെ പാമർ, പരിസ്ഥിതി പ്രവർത്തകൻ ഫാർവിസ ഫർഹാൻ തുടങ്ങിയവരാണ് പട്ടികയിൽ മുൻ നിരയിൽ ഉള്ളത്.

2022 ജൂണിൽ ആണ് ഇന്ത്യയിലെ ഏറ്റവും വലിയ ടെലികോം കമ്പനിയായ ജിയോയുടെ ചെയർമാനായി ആകാശ് അംബാനി ചുമതലയേൽക്കുന്നത്. കഴിഞ്ഞ വർഷങ്ങളിൽ ഡിജിറ്റൽ മേഖലയിൽ ജിയോ നടത്തിയ പ്രധാന ചുവടുവെയ്പുകളിലെല്ലാം നേതൃത്വം നൽകിയത് ആകാശ് അംബാനിയാണ്. 2017-ൽ ജിയോഫോൺ പുറത്തിറക്കുന്നതിലും ആകാശ് അംബാനി വലിയ പങ്കുവഹിച്ചെന്ന് കമ്പനി പറയുന്നു.

 

Related posts

Leave a Comment