പലിശ നിരക്കുകള്‍ ഉയരും; റിപ്പോ 0.50%കൂട്ടി

ആഗോള പണപ്പെരുപ്പത്തെ മറികടക്കാന്‍ മറ്റു രാജ്യങ്ങളിലെ കേന്ദ്ര ബാങ്കുകള്‍ക്കൊപ്പം റിസര്‍വ് ബാങ്കും. പണപ്പെരുപ്പം ഉയര്‍ന്നു നില്‍ക്കുന്നതിനാല്‍ തുടര്‍ച്ചയായി നാലാംതവണയാണ് നിരക്ക് ഉയര്‍ത്തുന്നത്.

പ്രതീക്ഷിച്ചതുപോലെ ഇത്തവണയും റിപ്പോ നിരക്ക് 0.50ശതമാനമാണ് വര്‍ധിപ്പിച്ചത്. ഇതോടെ, ബാങ്കുകള്‍ക്ക് ഹ്രസ്വകലായളവില്‍ നല്‍കുന്ന വായ്പയായ റിപ്പോ 5.90ശതമാനമായി.

വിപണിയിലെ പണലഭ്യത നിയന്ത്രിക്കുന്നതിന്റെ ഭാഗമായി മാര്‍ജിനല്‍ സ്റ്റാന്‍ഡിങ് ഫെസിലിറ്റി(എംഎസ്എഫ്) 5.65ശതമാനത്തില്‍നിന്ന് 6.15ശതമാനമായും സ്റ്റാന്‍ഡിങ് ഡെപ്പോസിറ്റ് ഫെസിലിറ്റി(എസ്ഡിഎഫ്)നിരക്ക് 5.15ശതമാനത്തില്‍നിന്ന് 5.65ശതമാനമായും പരിഷ്‌കരിച്ചു.

2022-23 സാമ്പത്തിക വര്‍ഷം പ്രതീക്ഷിക്കുന്ന വളര്‍ച്ച 7.2ശതമാനത്തില്‍നിന്ന് ഏഴു ശതമാനമായി കുറച്ചതായി റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസ് വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു. നടപ്പ് വര്‍ഷത്ത രണ്ടാം പാദത്തില്‍ 6.3ശതമാനമാണ് വളര്‍ച്ച. മൂന്നാം പാദത്തില്‍ 4.6ശതമാനവും നാലാം പാദത്തില്‍ 4.6ശതാനവുമാണ് പ്രതീക്ഷിക്കുന്ന വളര്‍ച്ച. അടുത്ത സാമ്പത്തിക വര്‍ഷം ആദ്യപാദത്തില്‍ ജിഡിപി 7.2ശതമാനമായി ഉയരുമെന്നും ആര്‍ബിഐ അനുമാനിക്കുന്നു.

നടപ്പു വര്‍ഷത്തെ പണപ്പെരുപ്പ അനുമാനം 6.7ശതമാനമായി നിലനിര്‍ത്തിയിട്ടുണ്ട്. അടുത്ത സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തോടെ പണപ്പെരുപ്പം അഞ്ച് ശതമാനമായി കുറയാന്‍ സാധ്യതയുണ്ടെന്നും ശക്തികാന്ത ദാസ് പറഞ്ഞു.

Related posts

Leave a Comment