കോവിഡാനന്തര ലോകത്ത് മനുഷ്യന് ഏറ്റവും കൂടുതല്‍ ആശങ്കപ്പെടുന്നത് സ്വന്തം ആരോഗ്യത്തെ സംബന്ധിച്ചാണ്. രോഗപ്രതിരോധ ശേഷി അനുദിനം കുറഞ്ഞുവരുന്ന ഈ കാലത്ത് ഒരുപരിധിവരെ ആശ്വാസമേകുന്നത് ആയുര്‍വേദമാണ്. കോവിഡ് കാലത്തും തുടര്‍ന്നും പ്രതിരോധ മരുന്നുകള്‍ ജനങ്ങളിലേക്ക് എത്തിച്ച് മികച്ച പ്രവര്‍ത്തനം കാഴ്ചവെച്ച ആയുര്‍വേദ സ്ഥാപനമാണ് സംസ്ഥാന സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള ഔഷധി. പൊതുമേഖലയിലുള്ള രാജ്യത്തെ ഏറ്റവും വലിയ ആയുര്‍വേദ മരുന്ന് നിര്‍മാണ സ്ഥാപനം കൂടിയാണിത്. 1941ല്‍ കൊച്ചി മഹാരാജാവാണ് ഔഷധിക്ക് തുടക്കമിട്ടത്. 1975ല്‍ ഇത് ഒരു ലിമിറ്റഡ് കമ്പനി ആയി മാറി. കഴിഞ്ഞ സാമ്പത്തിക വര്‍ഷം 173 കോടി രൂപയുടെ വിറ്റുവരവാണ് ഈ സ്ഥാപനം നേടിയെടുത്തത്. ഔഷധിയുടെ വളര്‍ച്ചയെക്കുറിച്ചും ഭാവി പദ്ധതികളെക്കുറിച്ചും ചെയര്‍പേഴ്സണ്‍ ശോഭന ജോര്‍ജ് സംസാരിക്കുന്നു.
പ്രമേഹൗഷധിയെന്നും നമ്പര്‍ വണ്‍
ഔഷധി ഔഷധമാണ് അത്ഭുതമല്ലെന്ന് പറയുമ്പോഴും രോഗികളില്‍ അത്ഭുതകരമായ മാറ്റങ്ങള്‍ ഉണ്ടാക്കുന്ന നിരവധി മരുന്നുകള്‍ വിപണിയിലെത്തിക്കാന്‍ ഔഷധിക്ക് കഴിഞ്ഞിട്ടുണ്ട്. അത്തരത്തില്‍ ഒന്നാണ് പ്രമേഹൗഷധി. വര്‍ഷങ്ങളായി എറ്റവും കൂടുതല്‍ വില്‍പ്പനയുള്ള മരുന്നുകളില്‍ ഒന്നാണിത്. തിരുവനന്തപുരം മുട്ടത്തറയിലുള്ള പ്രൊഡക്ഷന്‍ യൂണിറ്റിലാണ് നിര്‍മാണം. സിദ്ധ മരുന്നുകള്‍ ഉള്‍പ്പെടെ നിലവില്‍ 525 മരുന്നുകളാണ് ഔഷധി പുറത്തിറക്കുന്നത്. ഇതില്‍ 30 പ്രൊപ്രൈറ്ററി മരുന്നുകള്‍ ഔഷധിക്ക് സ്വന്തമാണ്. ഉയര്‍ന്ന ഗുണമേന്മയുള്ള ആയുര്‍വേദ മരുന്നുകള്‍ മിതമായ വിലയില്‍ ജനങ്ങളില്‍ എത്തിക്കാന്‍ സര്‍ക്കാരില്‍ നിന്നും എല്ലാവിധ സഹായവും ലഭിക്കുന്നുണ്ട്. 650ല്‍ അധികം ആയുര്‍വേദ അസംസ്കൃത വസ്തുക്കള്‍ മരുന്നുനിര്‍മാണത്തിനായി ഉപയോഗിക്കുന്നുണ്ട്. ഒരുവര്‍ഷത്തെ പ്രൊഡക്ഷന്‍ ആവശ്യമായ അസംസ്കൃത വസ്തുക്കള്‍ ആറുമാസത്തെ ഇടവേളയില്‍ ടെന്‍ഡര്‍ ക്ഷണിച്ചാണ് ശേഖരിക്കുന്നത്. ഇവയുടെ ഗുണനിലവാരം ഉറപ്പുവരുത്താന്‍ ക്വാളിറ്റി കമ്മിറ്റിയും ഉണ്ട്. ആയുര്‍വേദ ഫിസിഷ്യന്മാരുടെ നേരിട്ടുള്ള മേല്‍നോട്ടത്തില്‍ ക്ലാസിക്കല്‍ ആയുര്‍വേദ ഗ്രന്ഥത്തിന് അനുസൃതമായാണ് മരുന്നുകളുടെ നിര്‍മാണം.
ഇതര സംസ്ഥാനങ്ങളിലും സാന്നിധ്യം
എണ്‍പത് വര്‍ഷത്തില്‍ കൂടുതലായി പൊതുജനങ്ങളെ സേവിക്കുന്ന സ്ഥാപനമാണ് ഔഷധി. 173 കോടി രൂപയുടെ വിറ്റുവരവുള്ള സ്ഥാപനമാണിത്. വര്‍ഷങ്ങളായി സര്‍ക്കാരിന് കൃത്യമായി ലാഭവിഹിതം കൈമാറുന്നുണ്ട്. സര്‍ക്കാര്‍ ആയുര്‍വേദ ആശുപത്രി, ഡിസ്പെന്‍സറികള്‍, ഇഎസ്ഐ ഡിസ്പെന്‍സറികള്‍, ട്രൈബല്‍ ഡെവലപ്മെന്റ് ഡിപ്പാര്‍ട്ട്മെന്റ് തുടങ്ങി സര്‍ക്കാരുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്ന എല്ലാം കേന്ദ്രങ്ങളിലും മരുന്ന് വിതരണം ചെയ്യുന്നത് ഔഷധിയാണ്. കൂടാതെ ഇന്ത്യയിലെ മിക്ക സംസ്ഥാനങ്ങളിലേയും സര്‍ക്കാര്‍ ആയുര്‍വേദ ഡിസ്പെന്‍സറികളിലും ആശുപത്രികളിലും മരുന്നുകള്‍ എത്തിക്കുന്നുണ്ട്. ടെന്‍ഡറുകളില്‍ പങ്കെടുത്താണ് വിതരണത്തിനുള്ള കരാറുകള്‍ സ്വന്തമാക്കുന്നത്. നാല്പത് കോടിയോളം രൂപയുടെ മരുന്നുകളാണ് ഇത്തരത്തില്‍ വില്‍പ്പന നടത്തുന്നത്. രാജ്യാന്തര തലത്തില്‍ ഔഷധിയുടെ പ്രസക്തി ഇതിലൂടെ കാണാന്‍ സാധിക്കും. സംസ്ഥാനത്ത് മാത്രം അറന്നൂറ്റിയമ്പതോളം ഡീലര്‍മാരുണ്ട്. രാജ്യത്തെ എല്ലാ പ്രധാന നഗരങ്ങളിലും സാന്നിധ്യവുമുണ്ട്. മൂന്നു വര്‍ഷത്തിനുള്ളില്‍ 500 കോടി വിറ്റുവരവുള്ള കമ്പനിയായി മാറുകയെന്ന ലക്ഷ്യത്തോടെയാണ് ഔഷധിയുടെ പ്രവര്‍ത്തനമെന്നും ശോഭന ജോര്‍ജ് കൂട്ടിച്ചേര്‍ക്കുന്നു.
ആയുഷ് സര്ട്ടിഫിക്കേഷന്
തൃശൂര്‍ ജില്ലയിലെ കുട്ടനെല്ലൂരും തിരുവനന്തപുരം ജില്ലയിലെ മുട്ടത്തറയിലും അത്യാധുനിക ഫാക്ടറികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്്. അപൂര്‍വ ഔഷധ സസ്യങ്ങള്‍ നട്ടുവളര്‍ത്തുന്ന തോട്ടം കണ്ണൂര്‍ പരിയാരത്ത് 84 ഏക്കറിലാണ് സ്ഥാപിച്ചിട്ടുള്ളത്. ഉയര്‍ന്ന ഗുണനിലവാരം ഉറപ്പാക്കാന്‍, അസംസ്കൃത വസ്തുക്കളുടെ സംഭരണം മുതല്‍ പാക്കിങ് വരെ ഓരോ ഘട്ടവും നിരീക്ഷിക്കുന്നതിന് ആയുഷ് അക്രീഡിയേറ്റഡ് ആര്&ഡി ക്വാളിറ്റി കണ്ട്രോള് ലാബുമുണ്ട്. ഔഷധിയുടെ 125 പ്രൊഡക്റ്റുകള്‍ക്ക് ആയുഷ് പ്രീമിയം സര്ട്ടിഫിക്കേഷന് ലഭിച്ചിട്ടുണ്ട്.
കോവിഡ് കാലത്ത്
കോവിഡ് കാലത്ത് മികച്ച പ്രവര്‍ത്തനമാണ് ഔഷധി കാഴ്ചവെച്ചത്. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി രോഗപ്രതിരോധ ശേഷി നിലനിര്‍ത്താന്‍ ആവശ്യമായ മരുന്നുകള്‍ പുറത്തിറക്കാന്‍ സാധിച്ചു. സര്‍ക്കാര്‍ ആയുര്‍വേദ ആശുപത്രികള്‍, ഡിസ്പെന്‍സറികള്‍, ആയുര്‍രക്ഷാ ക്ലിനിക്കുകള്‍ എന്നിവയിലൂടെയായിരുന്നു മരുന്നുകള്‍ ജനങ്ങളിലേക്ക് എത്തിച്ചത്. കൂടാതെ ആയുര്‍വേദ സാനിറ്റൈസറും പുറത്തിറക്കി. വീടിന്റെയും ഓഫീസിന്റെയും അകത്തളങ്ങളില്‍ പുകയ്ക്കാനായി പുറത്തിറക്കിയ അപരാജിത ചൂര്‍ണ്ണത്തിന് നല്ല പ്രതികരണമാണ് ലഭിച്ചത്. ഔഷധി അടുത്തിടെ പുറത്തിറക്കിയ കഞ്ഞി ഏത് പ്രായക്കാര്‍ക്കും വര്‍ഷം മുഴുവന്‍ കഴിക്കാം. മരക് എന്ന അരിയാണ് പ്രധാന ചേരുവ. കര്‍ക്കിടക കഞ്ഞിയുടെ പഥ്യം ഈ കഞ്ഞി ഉപയോഗിക്കുമ്പോള്‍ ഇല്ല. വളരെ എളുപ്പത്തില്‍ തയാറാക്കാവുന്ന കര്‍ക്കിടക കഞ്ഞിയും ഔഷധിയുടെ മാത്രം പ്രത്യേകതയാണ്.
പ്രധാന നഗരങ്ങളില്‍ വെല്‍നസ് സെന്ററുകള്‍
കേരളത്തിന്റ ഭാവി ആയുര്‍വേദത്തിലാണ്. അതിനാല്‍ സ്വദേശികള്‍ക്കും വിദേശികള്‍ക്കുമായി പ്രധാന നഗരങ്ങളില്‍ വെല്‍നസ് സെന്ററുകള്‍ തുടങ്ങാന്‍ ഔഷധിക്ക് പദ്ധതിയുണ്ട്. തൃശ്ശൂരില്‍ പ്രവര്‍ത്തിക്കുന്ന പഞ്ചകര്‍മ്മ ആശുപത്രിയില്‍ നിലവില്‍ പരിമിതമായ രീതിയില്‍ കോസ്മെറ്റോളജി ക്ലിനിക്ക് പ്രവര്‍ത്തിക്കുന്നുണ്ട്. അതിന്റെ വിപുലീകരണം ഉടന്‍ ഉണ്ടാകും. അതുപോലെ ചര്‍മ്മ സംരംക്ഷണത്തിനാവശ്യമായ സോപ്പുകള്‍, ഷാംപു, ഫേസ്ക്രീം എന്നിവയും പുറത്തിറക്കും. ആയുഷ്ക്വാഥ് കാപ്പി സാഷെ രൂപത്തില്‍ ഉടന്‍ വിപണിയിലെത്തും. സ്ത്രീകളുടെ ആരോഗ്യസംരക്ഷണം ലക്ഷ്യമാക്കിയുള്ള കൂടുതല്‍ പ്രൊഡക്റ്റുകള്‍ പുറത്തിറക്കാനും ഔഷധിക്ക് പദ്ധതിയുണ്ടെന്നും ശോഭന ജോര്‍ജ് കൂട്ടിച്ചേര്‍ക്കുന്നു.