കലക്ഷന്‍ റെക്കോഡ് തകര്‍ക്കുമോ ‘പൊന്നിയിന്‍ സെല്‍വന്‍’?

മണിരത്നം അണിയിച്ചൊരുക്കുന്ന ബ്രഹ്‌മാണ്ഡ ചിത്രം ‘പൊന്നിയിന്‍ സെല്‍വന്‍ ആദ്യ ദിന വരുമാനം റെക്കോഡുകള്‍ തകര്‍ക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. റിലീസ് ദിനത്തെ മുന്‍കൂര്‍ ബുക്കിങിലൂടെ 17 കോടിയാണ് നേടിയത്. ലോകേഷ് കനകരാജ് സംവിധാനം ചെയ്ത് ജൂണില്‍ റിലീസ് ചെയ്ത വിക്രം എന്ന ചിത്രത്തിന്റെ റെക്കോഡാണ് പൊന്നിയിന്‍ സെല്‍വന്‍ തകര്‍ത്തത്. 15 കോടിയായിരുന്നു വിക്രമിന്റെ ആദ്യദിനത്തിലെ മുന്‍കൂര്‍ ബുക്കിങ് വരുമാനം.

33 കോടിയായിരുന്നു വിക്രമിന്റെ ഇന്ത്യയിലെ ആദ്യദിന വരുമാനം. മണിരത്‌നം ചിത്രം അത് മറികടക്കും എന്ന പ്രതീക്ഷയിലാണ് ട്രേഡ് അനലിസ്റ്റുകള്‍. അങ്ങനെ സംഭവിച്ചാല്‍ ഈ വര്‍ഷം ആദ്യദിനത്തില്‍ ഏറ്റവും വരുമാനം നേടിയ ചിത്രം എന്ന റെക്കോഡും പൊന്നിയിന്‍ സെല്‍വനായിരിക്കും. തമിഴ്, തെലുങ്ക്, മലയാളം, ഹിന്ദി, കന്നട തുടങ്ങി അഞ്ചു ഭാഷകളിലാണ് ചിത്രം പുറത്തിറങ്ങിരിക്കുന്നത്. ഹൃത്വിക് റോഷന്‍-സെയ്ഫ് അലിഖാന്‍ കൂട്ടുക്കെട്ടില്‍ പുറത്തിറങ്ങുന്ന വിക്രം വേദയാണ് പൊന്നിയിന്‍ സെല്‍വനുമായി ബോക്‌സ് ഓഫീസില്‍ ഏറ്റുമുട്ടുന്നത്. തമിഴ്ചിത്രം വിക്രം വേദയുടെ ഹിന്ദി റീമേക്കാണിത്.

പത്താം നൂറ്റാണ്ടില്‍ ചോള ചക്രവര്‍ത്തിയുടെ സിംഹാസനത്തിന് നേരിടേണ്ടി വന്ന പ്രതിസന്ധികളും അപകടങ്ങളും സൈന്യത്തിനും ശത്രുക്കള്‍ക്കും ചതിയന്മാര്‍ക്കും ഇടയില്‍ നടക്കുന്ന പോരാട്ടങ്ങളുമാണ് പൊന്നിയിന്‍ സെല്‍വനില്‍ ആവിഷ്‌കരിച്ചിരിക്കുന്നത്. വിക്രം, ഐശ്വര്യ റായ്, തൃഷ, ജയം രവി, കാര്‍ത്തി, റഹ്‌മാന്‍, പ്രഭു, ശരത് കുമാര്‍, ജയറാം, ഐശ്വര്യ ലക്ഷ്മി, പ്രകാശ് രാജ്, ലാല്‍, വിക്രം പ്രഭു, പാര്‍ത്ഥിപന്‍, ബാബു ആന്റണി അശ്വിന്‍ കാകുമാനു, റിയാസ് ഖാന്‍, ശോഭിതാ ദൂലിപാല, ജയചിത്ര തുടങ്ങി വന്‍താരനിരയാണ് ചിത്രത്തില്‍ വേഷമിടുന്നത്.

സംഗീതം എ.ആര്‍. റഹ്‌മാനും ഛായാഗ്രഹണം രവി വര്‍മനുമാണ് നിര്‍വഹിച്ചിരിക്കുന്നത്. ഇളങ്കോ കുമാരവേലാണ് തിരക്കഥാകൃത്ത്. തമിഴ്, ഹിന്ദി, തെലുഗു, മലയാളം, കന്നഡ എന്നീ അഞ്ച് ഭാഷകളിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. 500 കോടി മുതല്‍മുടക്കില്‍ ഒരുങ്ങുന്ന ചിത്രം മണിരത്‌നത്തിന്റെ ഉടമസ്ഥതയിലുള്ള മദ്രാസ് ടാക്കീസും ലൈക പ്രൊഡക്ഷനും ചേര്‍ന്നാണ് നിര്‍മിച്ചിരിക്കുന്നത്.

Related posts