നിലവിലുള്ള 2018 ലെ വ്യവസായ നയത്തില്‍ കാലാനുസൃതമായ മാറ്റങ്ങള്‍ വരുത്തിയാണ് വ്യവസായ വാണിജ്യനയത്തിന്റെ പുതിയ കരട് തയ്യാറാക്കിയിട്ടുള്ളതെന്ന് വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് പറഞ്ഞു. പുതിയ വ്യവസായ വാണിജ്യ നയത്തിന്റെ കരട് പുറത്തിറക്കി തിരുവനന്തപുരത്ത് മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി. പുതുതായി തുടങ്ങുന്ന സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിലൂടെ കൂടുതല്‍ തൊഴില്‍ സാധ്യതകള്‍ സൃഷ്ടിക്കാനാണ് ലക്ഷ്യമിടുന്നത്. കേരളത്തില്‍ ഇന്ന് വ്യവസായങ്ങള്‍ക്ക് അനുകൂലമായ എല്ലാ സാഹചര്യങ്ങളുമുണ്ട്. സംസ്ഥാനത്ത് ഏറെ സാധ്യതയുള്ള സണ്‍റൈസ് വിഭാഗത്തില്‍പ്പെടുന്ന സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കാനും അതുവഴി കൂടുതല്‍ തൊഴില്‍ സാധ്യതകള്‍ സൃഷ്ടിക്കാനും ലക്ഷ്യമിട്ടുള്ള നിര്‍ദ്ദേശങ്ങളാണ് പുതിയ കരട് രേഖയിലുള്ളത്.
കേരളം എല്ലാ മേഖലയിലുള്ള ഉത്പന്നങ്ങളുടെയും നല്ലൊരു വിപണിയാണ്. വിശദമായ കണക്കുകള്‍ പരിശോധിച്ചാല്‍ 109,000 കോടി രൂപയുടെ ഉത്പന്നങ്ങള്‍ പുറത്തുനിന്ന് കേരള വിപണിയിലേക്കെത്തുന്നു. 10,000 കോടിയുടെ ഓട്ടോമൊബൈല്‍, 3000 കോടിയുടെ ടെക്‌സ്റ്റൈല്‍ ഉത്പന്നങ്ങള്‍, 345 കോടിയുടെ കുപ്പിവെള്ളവും സംസ്ഥാനത്ത് വിറ്റുപോകുന്നു. കേരളത്തിന്റെ വിപണിയില്‍ തനത് ഉത്പന്നങ്ങള്‍ വിറ്റഴിക്കുന്നതിനായി കേരള ബ്രാന്‍ഡ് നടപ്പാക്കാനും പുതിയ നയത്തില്‍ ലക്ഷ്യമിടുന്നു. നിര്‍മ്മിത ബുദ്ധി അടിസ്ഥാനമാക്കിയുള്ള സംരംഭങ്ങള്‍, ആയുര്‍വേദം, ബയോടെക്‌നോളജി, ഡിസൈനിങ്, ഇലക്ട്രോണിക്‌സ് ഡിസൈനിങ്ങും നിര്‍മ്മാണവും, വൈദ്യുതി വാഹനങ്ങളും അനുബന്ധ ഉപകരണങ്ങളുടെയും നിര്‍മ്മാണം, എന്‍ജിനിയറിംഗ്, ആര്‍ ആന്‍ഡ് ഡി, ഫുഡ് ടെക്, ഹൈടെക് കൃഷി, മൂല്യവര്‍ദ്ധിത റബ്ബര്‍ ഉത്പന്നങ്ങള്‍, ലോജിസ്റ്റിക്‌സ്, മെഡിക്കല്‍ ഉപകരണങ്ങള്‍, നാനോ ടെക്‌നോളജി, റീട്ടെയില്‍, സ്‌പേസ്, റോബോട്ടിക്‌സ്, പുനരുപയോഗിക്കാവുന്ന ഊര്‍ജ്ജമേഖല, ടൂറിസം, ഗ്രാഫീന്‍, ത്രീഡി പ്രിന്റിങ്, മറൈന്‍ ക്ലസ്റ്റര്‍ തുടങ്ങിയ വിഭാഗങ്ങളിലുള്ള സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കാനും നയത്തില്‍ ലക്ഷ്യമുണ്ട്.
എം എസ് എം ഇ ഇതര സംരംഭങ്ങള്‍ക്ക് 10 കോടി രൂപയില്‍ കവിയാത്ത നിക്ഷേപ സബ്‌സിഡി, സ്ഥിര മൂലധനത്തിന്റെ 100 ശതമാനം സംസ്ഥാന ജി എസ് ടി വിഹിതം അഞ്ച് വര്‍ഷത്തേക്ക് തിരികെ നല്‍കുന്നതിനുള്ള പദ്ധതി, വര്‍ഷം 1000 അപ്രന്റിസുകള്‍ക്ക് 5000 രൂപ വരെയുള്ള വേതന സംവിധാനത്തില്‍ ആറ് മാസത്തേക്ക് വ്യവസായ സംരംഭങ്ങളില്‍ നിയമിക്കുന്നതിനുള്ള പദ്ധതി, പരമ്പരാഗത രീതിയിലുള്ള ധനസമാഹരണത്തിന് പുറമെ എംഎസ്എംഇ സംരംഭങ്ങള്‍ക്ക് ഓഹരി വിപണനത്തിലൂടെ ധനസമാഹരണം പ്രോത്സാഹിപ്പിക്കാനും അതിനു വേണ്ടി ചെലവാകുന്ന തുകയുടെ 50 ശതമാനം തിരികെ നല്‍കുന്നതിനുള്ള പദ്ധതി, എംഎസ്എംഇകള്‍ക്ക് അഞ്ച് വര്‍ഷത്തേക്ക് 100 ശതമാനം വൈദ്യുതി ഡ്യൂട്ടി ഒഴിവാക്കുന്നതിനുള്ള പദ്ധതി, സ്ത്രീ സംരംഭകര്‍ക്കും പട്ടിക ജാതി/ പട്ടിക വിഭാഗത്തിലുള്ള സംരംഭകര്‍ക്കും സംസ്ഥാനത്തിന്റെ ഏത് ഭാഗത്തും നിര്‍മ്മാണ വ്യവസായ സ്ഥാപനങ്ങള്‍ക്ക് വേണ്ടി ഭൂമി വാങ്ങുകയോ പാട്ടത്തിനെടുക്കുകയോ ചെയ്യുമ്പോള്‍ സ്റ്റാമ്പ് ഡ്യൂട്ടി, രജിസ്‌ട്രേഷന്‍ ചാര്‍ജ്ജ് എന്നിവ ഒഴിവാക്കുന്നതിനുള്ള പദ്ധതി തുടങ്ങി വിവിധങ്ങളായ നിര്‍ദ്ദേശങ്ങള്‍ കരട് നയത്തിലുണ്ട്.
കെ എസ് ഐ ഡി സിയുടെ വെബ്‌സൈറ്റ് വഴി പ്രസിദ്ധീകരിക്കുന്ന കരട് നയത്തില്‍ പൊതുജനാഭിപ്രായങ്ങള്‍ തേടാനും ഒക്ടോബര്‍ 20 മുതല്‍ സെക്ടര്‍ തലത്തില്‍ ആറ് മീറ്റിംഗുകള്‍ നടത്താനും തീരുമാനിച്ചിട്ടുണ്ട്. 2023 ജനുവരിയിലാകും പുതിയ വ്യവസായ നയം പ്രാബല്യത്തില്‍ വരുന്നതെന്നും മന്ത്രി പറഞ്ഞു. വ്യവസായ വകുപ്പ് പ്രിന്‍സിപ്പിള്‍ സെക്രട്ടറിമാരായ സുമന്‍ ബില്ല, എ പി എം മുഹമ്മദ് ഹനീഷ്, കെ എസ് ഐ ഡി സി എം ഡി എസ്. ഹരികിഷോര്‍ തുടങ്ങിയവര്‍ വാര്‍ത്താസമ്മളനത്തില്‍ പങ്കെടുത്തു.