വേണം ഓണ്‍ലൈന്‍ ലോണ്‍ ആപ്പുകള്‍ക്കെതിരെ ജാഗ്രത

അഡ്വ.ജിയാസ് ജമാല്‍

ഓണ്‍ലൈന്‍ വായ്പാ ആപ്പുകള്‍ വഴിയുള്ള തട്ടിപ്പുകള്‍ സംസ്ഥാനത്ത് വീണ്ടും സജീവമാവുകയാണ്. ആപ്ലിക്കേഷന്‍ ഇന്‍സ്റ്റാള്‍ ചെയ്ത് ആപ്പിലായവരുടെ എണ്ണവും കുറവല്ല. രാജ്യത്തിന്റെ വിവിധ കോണുകളില്‍ നിന്നും സമാന സംഭവങ്ങള്‍ ദിനംപ്രതി ഉയരുമ്പോള്‍ നിരവധി പേരാണ് തട്ടിപ്പിനിരയായി മാറുന്നത്. കേരളത്തിലെയും സ്ഥിതി വ്യത്യസ്തമല്ല. കോവിഡ് മഹാമാരി തീര്‍ത്ത പ്രതിസന്ധിയാണ് പലരെയും എളുപ്പത്തില്‍ ലോണ്‍ കിട്ടുന്ന ഇത്തരം ആപ്പുകളിലേയ്ക്ക് ആകര്‍ഷിച്ചത്. എന്നാല്‍ ആപ്പിന് പിന്നില്‍ പതിയിരിക്കുന്ന വലിയ തട്ടിപ്പിനെക്കുറിച്ച് അധികമാര്‍ക്കും അറിയില്ല എന്നതാണ് വാസ്തവം. ഇത്തരം ആപ്പുകള്‍ക്കെതിരെ ജാഗ്രത വേണമെന്ന് പൊലീസ് പല തവണ മുന്നറിയിപ്പ് നല്‍കിയിട്ടും തട്ടിപ്പുകള്‍ ആവര്‍ത്തിച്ചുകൊണ്ടേയിരിക്കുന്നു.

ഇന്‍സ്റ്റന്റ് ഓണ്‍ലൈന്‍ ലോണ്‍ ആപ്പില്‍ നിന്ന് ലോണ്‍ എടുക്കുകയും അതില്‍ ഇരകളാക്കപ്പെട്ടവര്‍ക്ക് പിന്തുണ നല്‍കുകയും കേസുകള്‍ കൈകാര്യം ചെയ്യുന്നതിനുമായി ബന്ധപ്പെട്ട് സൈബര്‍ സുരക്ഷാ ഫൗണ്ടേഷന്‍ എന്ന സംഘടന കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്നുണ്ട്. എല്ലാത്തരം സൈബര്‍ ക്രൈമുകള്‍ക്കുമെതിരെ സമൂഹത്തില്‍ ഒരു അവബോധം സൃഷ്ടിക്കുകയും ഇരകളാക്കപ്പെട്ടവര്‍ക്ക് നിയമസഹായവും മാനസിക പിന്തുണയുമാണ് സംഘടന നല്‍കി വരുന്നത്. പൊലീസുമായി ചേര്‍ന്ന് സ്‌കൂള്‍ കുട്ടികള്‍ക്ക് മുതല്‍ സമൂഹത്തിലെ എല്ലാ മേഖലയില്‍പ്പെട്ടവര്‍ക്കുവേണ്ടിയും ബോധവത്കരണ പ്രചാരണ പരിപാടികള്‍ സംഘടിപ്പിച്ചുവരികയാണ് സൈബര്‍ സുരക്ഷാ ഫൗണ്ടേഷന്‍.

വ്യാജആപ്പുകളുടെ ചതിക്കുഴികള്‍

ഇരകളാക്കപ്പെട്ടവരില്‍ പലര്‍ക്കും പൊലീസില്‍ പരാതി കൊടുക്കാന്‍ പോലും അറിയില്ല എന്നത് മറ്റൊരു വസ്തുതയാണ്. നമ്പര്‍ ബ്ലോക്ക് ചെയ്തതുകൊണ്ടോ ആപ്പ് അണ്‍ഇന്‍സ്റ്റാള്‍ ചെയ്തതുകൊണ്ടോ പ്രശ്‌നം അവസാനിക്കില്ല. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ വലിയ തോതിലുള്ള പ്രചാരണമാണ് വേണ്ടത്. സാധാരണക്കാര്‍ മുതല്‍ സമൂഹത്തിലെ ഉന്നത ശ്രേണിയില്‍ ഉള്ളവര്‍ പോലും ഓണ്‍ലൈന്‍ ലോണ്‍ ആപ്പുകളുടെ ചതിക്കുഴിയില്‍പ്പെട്ടുപോകുന്നു എന്നുള്ളത്് യാഥാര്‍ത്ഥ്യമാണ്. കോവിഡിന് മുമ്പ് വിരലിലെണ്ണാവുന്ന സത്യസന്ധമായ ലോണ്‍ ആപ്പുകള്‍ പ്രവര്‍ത്തിച്ചിരുന്നുവെങ്കിലും അതിനെ മറപിടിച്ചുകൊണ്ട് കോവിഡിനുശേഷം വ്യാജ ഓണ്‍ലൈന്‍ ആപ്പുകള്‍ പ്രത്യക്ഷപ്പെടുകയായിരുന്നു. ആപ്പിനുപിന്നില്‍ ആരാണോ എന്താണോ എന്നോ, എന്തിന് രജിസ്‌ട്രേഷനോ ഐഡിന്റിറ്റിയോ പോലും ഉണ്ടാകില്ല. പ്ലേ സ്റ്റോര്‍ തുറന്നാല്‍ ഒട്ടനവധി ആപ്പുകള്‍ ഇത്തരത്തില്‍ നമുക്ക് കാണാന്‍ സാധിക്കും. ആപ്പ് ഡൗണ്‍ലോഡ് ചെയ്തമാത്രയില്‍ തന്നെ വ്യാജന്മാരുടെ വലയില്‍ അകപ്പെടുകയും ചെയ്യും.

വേഗത്തില്‍ പണം ലഭിക്കുന്നതില്‍ മയങ്ങരുത്

വേഗത്തില്‍ പണം ലഭിക്കുന്നു എന്നതാണ് ഈ ആപ്പുകളുടെയൊക്കെ പ്രത്യേകത. എന്നാല്‍ ഓണ്‍ലൈന്‍ വായ്പാ ആപ്പുകളെ ആശ്രയിക്കുന്നവര്‍ പിന്നീട് വന്‍തോതിലുള്ള ഭീഷണികള്‍ക്കും ചൂഷണത്തിനും സ്വകാര്യതാ ലംഘനത്തിനും ഇരയായി തീരുന്നുവെന്നതാണ് വസ്തുത. വായ്പകള്‍ക്ക് സാധാരണ ബാങ്കുകള്‍ ഈടാക്കുന്ന പലിശയേക്കാള്‍ പതിന്മടങ്ങ് പലിശയാണ് ഇവര്‍ ഈടാക്കുന്നത്. പലിശ അടക്കാത്തപക്ഷം ഭീഷണികള്‍ വന്നുതുടങ്ങും. ലോണ്‍ എടുത്തവരെ മോശമായി ചിത്രീകരിക്കുകയും മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയുമാണ് പതിവ്. ഭീഷണിയെത്തുടര്‍ന്ന് നിരവധി പേര്‍ ഇതിനകം ആത്മഹത്യചെയ്തിട്ടുമുണ്ട്. എന്നാല്‍ ആത്മഹത്യ ചെയ്തതിന്റെ കാരണം ഇത്തരം വ്യാജ ആപ്പുകളുടെ ഭീഷണിയും സമ്മര്‍ദ്ദവുമാണെന്നു ആര്‍ക്കും കണ്ടെത്താനുമാകുന്നില്ല. ആപ്പിനു പിന്നാലെ ആരും അന്വേഷിച്ച് പോകാറുമില്ല. ഒരുതവണ എടുത്ത ലോണിന്റെ കടം വീട്ടാന്‍ അവര്‍ പറഞ്ഞു നല്‍കുന്ന മാറ്റൊരു ആപ്പില്‍ നിന്നും വീണ്ടും കടമെടുക്കാന്‍ ഓരോരുത്തരും നിര്‍ബന്ധിതരാകുമ്പോഴാണ് തട്ടിപ്പിന്റെ വ്യാപ്തി വര്‍ധിക്കുന്നത്. ഓരോ ആപ്പില്‍ നിന്നും ലോണ്‍ എടുക്കുമ്പോഴും തിരിച്ചടവ് മുടങ്ങുന്നതിനനുസരിച്ച് ഭീഷണിയുടെ കടുപ്പം കൂടും. വായ്പ തിരിച്ചടയ്ക്കുന്നതില്‍ പരാജയപ്പെടുന്നതോടെ കടം വാങ്ങുന്നയാളിന്റെ കുടുംബ സുഹൃദ് ബന്ധങ്ങളിലേക്ക് ഏജന്റുമാര്‍ കടന്നുകയറുകയും പിന്നീട് ചൂഷണവലയം തീര്‍ക്കുകയും ചെയ്യുന്നു. കടം മുഴുവനും തിരിച്ചടച്ചതിനു ശേഷവും ഭീഷണിപ്പെടുത്തി പണം വാങ്ങുന്നത് തുടരുന്ന ആപ്പുകളുമുണ്ട്.

ലോണ്‍ തരാതെയും തട്ടിപ്പും ഭീഷണിയും

കേരളത്തില്‍ ഇരകളാക്കപ്പെട്ടവരില്‍ ഏറിയ പങ്കും അഞ്ചും പത്തും ലോണ്‍ ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്ത് തട്ടിപ്പിനരയായവരാണ്. കേരളത്തില്‍ ഒരു നെറ്റ്വര്‍ക്ക് പോലെ വ്യാജ ഏജന്‍സിയായാണ് ഇവര്‍ പ്രവര്‍ത്തിക്കുന്നത്. ഭീഷണിയുടെ വിശ്വാസ്യത കൂട്ടാനായി സിബിഐയുടെയും പൊലീസിന്റെയും ഉള്‍പ്പെടെ ലെറ്റര്‍ഹെഡുകള്‍ ഉപയോഗിച്ചുള്ള പ്രചാരണവും നടക്കുന്നുണ്ട്. സാധാരണക്കാരനെ സംബന്ധിച്ച് ഈ പ്രചാരണങ്ങള്‍ പേടിപ്പെടുത്തുന്നതാണ്. ചില ആപ്പുകളാകട്ടെ ഡോക്യുമെന്റ് വിവരങ്ങള്‍ സബ്മിറ്റ് ചെയ്യിപ്പിച്ചശേഷം ലോണ്‍ തരില്ല. പക്ഷെ ലോണ്‍ എടുത്തു എന്ന് പറഞ്ഞ് തുടര്‍ച്ചയായി ഫോണ്‍ വിളിച്ചുകൊണ്ടേയിരിക്കും, ഭീഷണി മുഴക്കിക്കൊണ്ടേയിരിക്കും.

പിന്നില്‍ ഉത്തരേന്ത്യന്‍ ലോബി

കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന ലോണ്‍ ആപ്പ് കേസുകള്‍ക്ക് പിന്നാലെ പോകാന്‍ ആരും താല്‍പ്പര്യപ്പെടുന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം. വ്യാജ ആപ്പുകളുടെ പിന്നില്‍ പ്രവര്‍ത്തിക്കുന്നത് ഉത്തരേന്ത്യന്‍ ലോബിയാണ് എന്നതാണ് അതിനു പ്രധാനകാരണം. ആപ്പുകളുടെ വിലാസമോ ഫോണ്‍ നമ്പരോ ഒക്കെ വ്യാജമായിരിക്കും. ഏതെങ്കിലും ഗ്രാമത്തിലെ പാവപ്പെട്ടവരുടെ പേരിലുള്ളതാകും ഇവരുടെ രജിസ്ട്രേഷന്‍ അക്കൗണ്ടുകള്‍. ലോണ്‍ എടുക്കുന്നവരില്‍നിന്നും ഈടാക്കുന്ന അമിത പലിശ ഇവരുടെ അക്കൗണ്ടിലേക്കാകും പോവുക. പണത്തിന്റെ കുറഞ്ഞ അളവ് മാത്രം ഇവര്‍ക്ക് നല്‍കി ബാക്കി ഫണ്ടുകളൊക്കെ ചൈന ഉള്‍പ്പടെയുള്ള വിദേശ രാജ്യങ്ങളിലേക്ക് ഒഴുക്കുന്നതായാണ് റിപ്പോര്‍ട്ട്്. ഏതെങ്കിലും സാഹചര്യത്തില്‍ പൊലീസ് പിടിച്ചാല്‍ അകത്താകുന്നത് ഒന്നുമറിയാത്ത ഈ പാവപ്പെട്ടവരാകും.

ലോണ്‍ ആപ്പുകള്‍ ഒഴിവാക്കാം

ഓണ്‍ലൈന്‍ വായ്പാ ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്യുന്നത് പോലും സുരക്ഷാ പ്രശ്നങ്ങളിലേക്ക് നയിച്ചേക്കാമെന്ന് വിദഗ്ധര്‍ പറയുന്നു. ഒട്ടനവധി ലോണ്‍ ആപ്പുകള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇവയില്‍ പലതും ഡൗണ്‍ലോഡ് ചെയ്യുന്നതിലൂടെ ഫോണ്‍ബുക്കിലെ കോണ്‍ടാക്ട് നമ്പരുകളും ഗ്യാലറിയിലെ വീഡിയോകളും ചിത്രങ്ങളുമെല്ലാം ഈ ആപ്പുകള്‍ക്ക് അക്സസ് ഉള്ളതായി തീരും. സുരക്ഷാഭീഷണിയും തിരിച്ചടവ് മുടങ്ങുന്ന സാഹചര്യത്തില്‍ സംഭവിക്കുന്ന സമ്മര്‍ദങ്ങളും ഒഴിവാക്കാന്‍ ഓണ്‍ലൈന്‍ ആപ്പുകളെ ലോണിനായി ആശ്രയിക്കാതിരിക്കുന്നതാകും നല്ലത്.

 

(അഭിഭാഷകനും സൈബര്‍ സുരക്ഷാ ഫൗണ്ടേഷന്‍ സ്ഥാപകനും ഡിജിറ്റല്‍ മീഡിയ കണ്‍സള്‍ട്ടന്റുമാണ് ലേഖകന്‍).

Related posts