നല്ല നാളേക്കായി ആസൂത്രണത്തോടെ നിക്ഷേപിക്കാം

ധന്യ വി.ആര്‍ CFP

മലയാളികളുടെ സമ്പാദ്യ രീതികള്‍ പരിശോധിച്ചാല്‍ പണം, സേവിംഗ്സ് അക്കൗണ്ട്, സ്ഥിരനിക്ഷേപം , റെക്കറിംഗ് നിക്ഷേപം, പോസ്റ്റ് ഓഫീസ് സേവിംഗ്സ് പദ്ധതികള്‍, എന്‍സിഡി, ചിട്ടി, വസ്തു, ഗോള്‍ഡ്, എല്‍ഐസി പോളിസികള്‍, മ്യൂച്ചല്‍ ഫണ്ട്, ഷെയര്‍ മാര്‍ക്കറ്റ് നിക്ഷേപങ്ങള്‍ ഇങ്ങനെ നീളുന്നു.

നിക്ഷേപത്തില്‍ ഏറെ ശ്രദ്ധിക്കേണ്ട കാര്യം നിക്ഷേപകന്റെ ലക്ഷ്യവും നിക്ഷേപ മാര്‍ഗത്തിന്റെ ലക്ഷ്യവും തമ്മില്‍ പൊരുത്തം ഉണ്ടായിരിക്കണം എന്നതാണ്. യാത്രകളുടെ ദൂരവും എത്തിച്ചേരേണ്ട സമയവും അനുസരിച്ച് അനുയോജ്യമായ വാഹനം തിരഞ്ഞെടുക്കുന്നതുപോലെ ജീവിത ലക്ഷ്യങ്ങള്‍ പൂര്‍ത്തീകരിക്കേണ്ട കാലാവധി അനുസരിച്ച് അനുയോജ്യമായ നിക്ഷേപ മാര്‍ഗങ്ങള്‍ തെരഞ്ഞെടുക്കണം. നിക്ഷേപകന് നിക്ഷേപ തുക തിരികെ ലഭ്യമാകേണ്ട കാലാവധി അനുസരിച്ച് നിക്ഷേപങ്ങളെ നാലായി തിരിക്കാം.

എമര്‍ജന്‍സി

ഒരു വ്യക്തിയുടെ മാസവരുമാനത്തിന്റെ ആറിരട്ടി ആരെങ്കിലും കരുതല്‍ ധനമായി മാറ്റിവെക്കുന്നത് സാമ്പത്തിക സ്വാതന്ത്ര്യത്തിലേക്കുള്ള ആദ്യ ചവിട്ടുപടിയാണ്. ഒരു വര്‍ഷത്തിനുള്ളില്‍ ആവശ്യമായി വരുന്ന പണം അല്ലെങ്കില്‍ കരുതല്‍ ധനം മാറ്റിവക്കേണ്ടത് എമര്‍ജന്‍സി ഫണ്ടുകളില്‍ ആണ്. എസ്ബി അക്കൗണ്ട്, പോസ്റ്റ് ഓഫീസ് സേവിംഗ്സ് അക്കൗണ്ട്, മ്യൂച്ചല്‍ ഫണ്ടിലെ ലിക്വിഡ് ഫണ്ടുകള്‍ ഇവ എമര്‍ജന്‍സി ഗോളിനു വേണ്ട പണം കരുതാന്‍ ഗവണ്‍മെന്റ് അംഗീകൃത നിക്ഷേപ മാധ്യമമാണ്.

ഷോര്‍ട്ട് ടേം

ഒരു വര്‍ഷത്തിനും മൂന്നു വര്‍ഷത്തിനുമിടയില്‍ തിരികെ ലഭ്യമാക്കേണ്ട പണം നിക്ഷേപിക്കാന്‍ ഷോര്‍ട്ട് ടേം ഫണ്ടുകളാണ് അഭികാമ്യം. സ്ഥിര നിക്ഷേപങ്ങള്‍, എന്‍സിഡി, ബോണ്ട് ഫണ്ടുകള്‍ തുടങ്ങിയ ഈ കാലയളവിനു അനുയോജ്യമാണ്.

മീഡിയം ടേം

മൂന്നു വര്‍ഷത്തിനും ആറു വര്‍ഷത്തിനുമിടയില്‍ തിരികെ ലഭ്യമാക്കേണ്ട പണം മീഡിയം ടേം ഫണ്ടുകളിലായിരിക്കണം നിക്ഷേപിക്കേണ്ടത്. കുഞ്ഞുങ്ങളുടെ ഗ്രാജുവേഷന്‍, വീടുവക്കല്‍, വസ്തു വാങ്ങല്‍, വിവാഹം, ബിസിനസ് ആരംഭം തുടങ്ങിയ ലക്ഷ്യങ്ങള്‍ നിര്‍വഹിക്കപ്പെടേണ്ടത് മീഡിയം ടേം കാലയളവിലാണെങ്കില്‍ മ്യൂച്വല്‍ ഫണ്ടിലെ ഹൈബ്രിഡ് കാറ്റഗറിയില്‍ ഫണ്ടുകള്‍ അനുയോജ്യ നിക്ഷേപമാണ്.

ലോംഗ് ടേം

ഏഴ് വര്‍ഷമോ അതിലധികം കാലാവധിയിലോ ഉള്ള നിക്ഷേപങ്ങള്‍ക്ക് ഓഹരി അധിഷ്ഠിത മ്യൂച്വല്‍ ഫണ്ടുകള്‍ അനുയോജ്യമാണ്. റിട്ടയര്‍മെന്റ്, കുഞ്ഞുങ്ങളുടെ ഭാവി തുടങ്ങിയ ലക്ഷ്യങ്ങള്‍ ഏഴു വര്‍ഷങ്ങള്‍ക്ക് ശേഷം പൂര്‍ത്തീകരിക്കേണ്ടതാണെങ്കില്‍ ലോംഗ് ടേം ഫണ്ടുകളാണ് അനുയോജ്യം. ഒറ്റത്തവണയായോ എസ്ഐപി ആയോ മ്യൂച്വല്‍ ഫണ്ടിലെ ഇക്വിറ്റി ഫണ്ടുകളില്‍ നിക്ഷേപിക്കാം.

നിക്ഷേപത്തില്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍

* നിക്ഷേപകന്‍ ആഗ്രഹിക്കുന്ന സമയത്ത് പണം ആക്കി മാറ്റുവാന്‍ നിക്ഷേപത്തിന് കഴിയണം.
* പണപ്പെരുപ്പത്തെ മറികടന്ന് ആദായം നല്‍കാന്‍ നിക്ഷേപത്തിനു കഴിയണം. ഒപ്പം നികുതി ഫലപ്രദമാക്കണം.
*ഗവണ്‍മെന്റ് ഓഫ് ഇന്ത്യയുടെ അംഗീകാരം ഉറപ്പു വരുത്തണം.

സാമ്പത്തിക സ്വാതന്ത്ര്യത്തിലേക്കു കടക്കാന്‍ പാലിക്കേണ്ട ചില തത്വങ്ങള്‍കൂടി നോക്കാം

*കുടുംബത്തിലെ വരുമാനമാര്‍ഗം, വരുമാനത്തുക, ചെലവുകള്‍, കടം, ആസ്തി, സാമ്പത്തിക ലക്ഷ്യങ്ങള്‍ തുടങ്ങി സാമ്പത്തിക നിലയെക്കുറിച്ചുള്ള അവലോകനം.
* വരുമാനത്തിന്റെ 40 ശതമാനം വരുന്ന തരത്തില്‍ ചെലവ് ക്രമീകരിച്ച് ബജറ്റ് തയ്യാറാക്കുക.
* മാസവരുമാനത്തിന്റെ ആറ് ഇരട്ടിയെങ്കിലും കരുതല്‍ ധനം (എമര്‍ജന്‍സി ഫണ്ട്) തയ്യാറാക്കുക.
* കുടുംബത്തിലെ വരുമാനമുള്ള വ്യക്തിയുടെ വരുമാനത്തെ മാത്രം ആശ്രയിച്ച് കുടുംബാംഗങ്ങള്‍ കഴിയുന്നുണ്ടെങ്കില്‍ വ്യക്തിയുടെ വാര്‍ഷിക വരുമാനത്തിന്റെ ഇരുപത് ഇരട്ടിയെങ്കിലും ലൈഫ് ഇന്‍ഷുറന്‍സ് (ടേം ഇന്‍ഷുറന്‍സ്) കവറേജ് ആവശ്യമാണ്.
* കുടുംബ ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസി കുടുംബത്തിലെ എല്ലാ അംഗങ്ങളുടെയും പേരില്‍ എടുക്കുക.
* ജീവിതാവസാനം വരെ സാമ്പത്തിക സുരക്ഷ ഉറപ്പാക്കാന്‍ റിക്രൂട്ട്മെന്റ് പദ്ധതിയില്‍ (റിട്ടയര്‍മെന്റ് ഫണ്ട്) നിക്ഷേപിക്കുക. മാസവരുമാനം ആവശ്യമായി വരുന്നത് മുതല്‍ പിന്‍വലിക്കല്‍ (സിസ്റ്റമാറ്റിക് വിത്ഡ്രാവല്‍ പ്ലാന്‍) ആരംഭിക്കുക.
* സാമ്പത്തിക ലക്ഷ്യങ്ങള്‍ പൂര്‍ത്തീകരിക്കേണ്ട കാലാവധി അനുസരിച്ച് അനുയോജ്യമായ നിക്ഷേപങ്ങള്‍ അംഗീകൃത സാമ്പത്തിക വിദഗ്ധരുടെ സഹായത്തോടെ തെരഞ്ഞെടുത്ത് നിക്ഷേപിക്കുക.

If you fail to plan, you are planning to fail.

അതുകൊണ്ടുതന്നെ വ്യക്തമായ ആസൂത്രണത്തോടെ അനുയോജ്യമായ നിക്ഷേപങ്ങള്‍ തെരഞ്ഞെടുക്കുക. മികച്ച ആദായം ഉറപ്പാക്കുക.

(തിരുവനന്തപുരം കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന വെല്‍ത്ത് പ്ലസ് ഫിനാന്‍ഷ്യല്‍ സൊല്യൂഷന്‍സ് എന്ന സ്ഥാപനത്തിന്റെ മാനേജിങ് പാര്‍ട്ണര്‍ആണ് ലേഖിക)

 

Related posts