മനോജ് കെ. പുതിയവിള
അടുത്തകാലത്ത് കെഎസ്ആര്‍റ്റിസിയെ രക്ഷിക്കുന്നതു സംബന്ധിച്ചു സമൂഹമാദ്ധ്യമങ്ങളില്‍ നടന്ന ചര്‍ച്ചകളില്‍ പലപ്പോഴും കേട്ടു ആ സ്ഥാപനത്തെ തൊഴിലാളികളുടെ സഹകരണസംഘം ആക്കി മാറ്റണം എന്ന്. പലരും അതിനു പറ്റിയ വിജയമാതൃകയായി ചൂണ്ടിക്കാട്ടിയത് ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്റ്റ് കോപ്പറേറ്റീവ് സൊസൈറ്റി(യുഎല്‍സിസിഎസ്)യെ ആണ്. എഎസ്ആര്‍റ്റിസിയടക്കം പല സ്ഥാപനങ്ങളുടെയും മികച്ച നടത്തിപ്പിനും പുരോഗതിക്കും സഹകരണമാതൃക സമുചിതമാണ് എന്നതാണു വസ്തുത. പക്ഷെ, സഹകരണസ്ഥാപനങ്ങള്‍ എങ്ങനെ നടത്തണം എന്ന കാര്യത്തില്‍ വ്യക്തമായ ധാരണ ഉണ്ടാകണം. തീര്‍ച്ചയായും അതിനു പഠിക്കാന്‍ പറ്റിയ മാതൃകതന്നെയാണ് നിര്‍മ്മാണരംഗത്തു വിജയമാതൃകയായി ലോകം കാണുന്ന ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റി. നൂറ്റാണ്ടോളം പ്രായമുള്ള ആ സൊസൈറ്റിയെപ്പറ്റി കാല്‍ നൂറ്റാണ്ടു മുമ്പ് 1996-ല്‍ അറിയുകയും ’99-ല്‍ ആ നാട്ടില്‍
പോയി അതിനെപ്പറ്റി പഠിച്ച് അന്നു ജോലി ചെയ്തിരുന്ന ‘സമകാലികമലയാളം’ വാരികയില്‍ വിശദമായി എഴുതുകയും തുടര്‍ന്നിങ്ങോട്ട് അതിന്റെ വളര്‍ച്ചയെ സാകൂതംനിരീക്ഷിക്കുകയും ചെയ്ത ഒരാളെന്ന നിലയിലും ഒന്നരക്കൊല്ലത്തോളമായി ആ സ്ഥാപനത്തിന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്ന അനുഭവത്തിന്റെ അടിസ്ഥാനത്തിലും ഞാന്‍ മനസിലാക്കിയ കാര്യങ്ങള്‍ ചുരുക്കി പറയാം.
സുസ്ഥിരവികസനത്തിന്റെ നോണ്‍ക്രെഡിറ്റ് മാതൃക
ഒന്നാമത് അതൊരു നോണ്‍ക്രെഡിറ്റ് കോപ്പറേറ്റീവ് ആണ്. കേരളത്തില്‍ നമുക്കു സുപരിചിതമായവ വായ്പാസംഘങ്ങള്‍ (ക്രെഡിറ്റ് കോപ്പറേറ്റീവുകള്‍) ആണ്. നാടിനു സുസ്ഥിരമായ വളര്‍ച്ച ഉണ്ടാകണമെങ്കില്‍ സഹകരണസംഘങ്ങള്‍ നോണ്‍ ക്രെഡിറ്റ് രീതിയില്‍ പ്രവര്‍ത്തിക്കണം എന്ന ചിന്തയാണു യു.എല്‍.സി.സി.എസിനുള്ളത്. ലോകത്തെ ഏറ്റവും മികച്ച സഹകരണമേഖല ഉള്ള ഇറ്റലിയും സ്പെയിനും മറ്റും യു.എന്‍.ഡി.പി.യുടെ ആഭിമുഖ്യത്തില്‍ സന്ദര്‍ശിച്ചു പഠനം നടത്തിയതിന്റെ അടിസ്ഥാനത്തില്‍ക്കൂടി സ്വാംശീകരിച്ചതാണ് ഈ സമീപനം. അവിടങ്ങളില്‍ കോര്‍പ്പറേറ്റുകളെ വെല്ലുന്ന സഹകരണസ്ഥാപനങ്ങള്‍ ഉണ്ട്. സ്പെയിനിലെ മോണ്‍ഡ്രാഗോണ്‍ പട്ടണത്തിലെ പ്രസിദ്ധമായ കോപ്പറേറ്റീവുകള്‍ ഉദാഹരണം. പലചരക്കുവ്യാപാരം, മറ്റു ചില്ലറവ്യാപാരങ്ങള്‍, ഗതാഗതം, ബസ് അടക്കമുള്ള വാഹനനിര്‍മ്മാണം എന്നുവേണ്ടാ ജീവിതവുമായി ബന്ധപ്പെട്ടതെല്ലാം ഈ രാജ്യങ്ങളില്‍ സഹകരണമേഖലയിലാണ്! ക്യാന്‍സര്‍ ചികിത്സയ്ക്കു റേഡിയേഷന്‍ ചെയ്യുന്ന റോബോട്ടുകള്‍ ഉണ്ടാക്കുന്ന സഹകരണസംഘം വരെ അവിടെയുണ്ട്! നമ്മുടെ രാജ്യത്തെ എല്‍ ആന്റ് റ്റിയും റ്റാറ്റയും പോലുള്ള വമ്പന്‍ കണ്‍സ്റ്റ്രക്ഷന്‍ സ്ഥാപനങ്ങളൊക്കെ അവിടെ സഹകരണമേഖലയിലാണ്. അവഅയല്‍രാജ്യങ്ങളില്‍പ്പോലും പ്രവൃത്തികള്‍ ഏറ്റെടുക്കുന്നു.ജീവനക്കാരും തൊഴിലാളികളുമെല്ലാം അംഗങ്ങളാണ്. ലാഭം അവര്‍ പങ്കിടുന്നു. ലോകസാമ്പത്തികമാന്ദ്യത്തില്‍ മറ്റുരാജ്യങ്ങളുടെ സാമ്പത്തികവളര്‍ച്ച ഇടിഞ്ഞപ്പോഴും ഈ രാജ്യങ്ങള്‍ ആറു ശതമാനത്തോളം വളര്‍ച്ച നേടിയത് ഈ മാതൃകകാരണമാണ്.
അവിടെ ഓരോസ്ഥലത്തും പത്തുനാല്പതുതരം കോപ്പറേറ്റീവുകള്‍ ഉണ്ട്. അവയ്ക്കെല്ലാംകൂടി ഒരുസെന്‍ട്രല്‍ കോപ്പറേറ്റീവ്. അതിനുകീഴെ ഗവേഷണ- വികസനവിഭാഗം. ആ മാതൃകയില്‍ പുനഃസംവിധാനം ചെയ്താണ് യു.എല്‍.സി.സിഎസ്. ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. അതിന്റെ കേന്ദ്രസംഘമാണ് യു.എല്‍.സി.സി.എസ്. അതിനുകീഴെ ഗവേഷണ- വികസനവിഭാഗത്തിനു രൂപം നല്കിയിട്ടുണ്ട്. അതിനു കീഴെയാണ് ഉപസ്ഥാപനങ്ങളെല്ലാം വരുന്നത്. ഈ മാതൃകയുടെ മികവാണ് യു.എല്‍.സി.സി.എസിനെ സുസ്ഥിരവികസനത്തിലേക്കു നയിക്കുന്ന ഒരു ഘടകം. നാടു വികസിക്കണമെങ്കില്‍ ഉത്പാദന, സേവന മേഖലകളില്‍ ജനസേവനം ലാക്കാക്കി പ്രവര്‍ത്തിക്കുന്ന ഇത്തരം നോണ്‍ക്രെഡിറ്റ് സംഘങ്ങളാണ് ആവശ്യം എന്നു സൊസൈറ്റി
കണക്കാക്കുന്നു.
പൂര്‍ണ്ണനിയന്ത്രണം തൊഴിലാളികള്‍ക്ക്
ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റിയില്‍ അതില്‍ ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്കു മാത്രമേ അംഗമാകാന്‍ കഴിയൂ. അതുകൊണ്ടുതന്നെ ഭാരവാഹികളും ജോലിക്കാര്‍ തന്നെ. മുമ്പ് 14, 17 വയസിലൊക്കെ ജോലിക്കു ചേര്‍ന്നവരാണ് ഇന്നത്തെ ഡയറക്റ്റര്‍മാരില്‍ പലരും. 30 -35 വര്‍ഷത്തെ അനുഭവമുള്ളവര്‍. കൗതുകകരമായ അല്പം ചരിത്രംകൂടി അറിഞ്ഞാലേ ഇതൊക്കെ ദഹിക്കൂ. സംഘത്തിന് ഇന്നു 97 വയസുണ്ട്. ആദ്യകാലത്തു സംഘം വികസിപ്പിച്ച അംഗത്വശൈലിയും അച്ചടക്കനടപടിയുമൊക്കെ ഇന്നു നമുക്കു വിശ്വസിക്കാന്‍ പ്രയാസമാണ്. സംഘത്തില്‍ ചേരാന്‍വരുന്ന ഏതാളും റോഡുപണിക്കുള്ള അരയിഞ്ചു മെറ്റല്‍ പൊട്ടിച്ചുകൊണ്ടാവണം ജോലി തുടങ്ങാന്‍. ഏറ്റവും മെനക്കെട്ട പണിയാണത്. പിന്നെ ഒരിഞ്ചു മെറ്റലിലേക്കു പ്രമോഷന്‍. മെറ്റലുടയ്ക്കലും പാറപ്പണിയുമെല്ലാം കഴിഞ്ഞേ നിര്‍മ്മാണജോലികളിലേക്കു പ്രവേശനമുള്ളൂ. പ്രാരംഭപരിശീലനം കഴിഞ്ഞശേഷമേ അംഗത്വം നല്കൂ. അംഗമായാല്‍ ആരോഗ്യം അനുവദിക്കുന്ന കാലത്തോളം ജോലിയില്‍ തുടരാം. ആത്മാര്‍ത്ഥതയും കഴിവുമുള്ളവര്‍ക്കു സ്ഥാനക്കയറ്റം വഴി ലീഡറും സൂപ്പര്‍വൈസറുംവരെ ആകാം. തൊഴിലാളികളുടെയൊക്കെ അംഗീകാരം നേടിയാല്‍ ഡയറക്ടര്‍ ബോര്‍ഡില്‍ അംഗവുമാകാം. ഇന്ന് ബോര്‍ഡില്‍ 13 ഡയറക്റ്റര്‍മാരാണുള്ളത്. ഓരോ ഡയറക്റ്റര്‍ക്കും അഞ്ചും പത്തും പ്രധാനപ്രവൃത്തികളുടെ ചുമതല ഉണ്ടാകും; ചെറുപ്രവൃത്തികള്‍ അനവധി വേറെയും. റോഡിലും പാറമടയിലും പണിയെടുത്ത, ചിലപ്പോള്‍ സ്‌കൂള്‍വിദ്യാഭ്യാസം മാത്രമുള്ള, അവര്‍ 400, 500 ഒക്കെ കോടി രൂപയുടെ പ്രൊജക്റ്റുകള്‍ സധൈര്യം ഏറ്റെടുക്കുന്നു! ആ അനുഭവത്തിന്റെ, ആത്മാര്‍ത്ഥതയുടെ, ചങ്കൂറ്റം – അതാണവരുടെ മുതല്‍ക്കൂട്ട്. ആ പ്രൊജക്റ്റുകളുടെ ചുമതലയുള്ള അതിസമര്‍ത്ഥരായ എന്‍ജിനീയര്‍മാര്‍ ഉള്‍പ്പെടെയുള്ള മുഴുവന്‍പേരും ഇവരുടെ തീര്‍പ്പുകള്‍ സ്വീകരിച്ചാണു പ്രവര്‍ത്തിക്കുന്നത്. ഇവരാകട്ടെ, ആ വിദഗ്ദ്ധരും തൊഴിലാളികളും അടക്കം എല്ലാവരുടെയും അഭിപ്രായങ്ങള്‍ കേട്ടാണു തീരുമാനങ്ങള്‍ എടുക്കുക. ജനാധിപത്യത്തിന്റെ പൂര്‍ണ്ണാര്‍ത്ഥത്തിലുള്ള മാതൃക.
അച്ചടക്കം മഹാബലം
സംഘത്തിന്റെ പെരുമാറ്റച്ചട്ടങ്ങള്‍ ലംഘിക്കുകയോ കുറ്റങ്ങള്‍ കാട്ടുകയോ ചെയ്താല്‍ മുമ്പൊക്കെ പാറമടയിലേക്കു തിരിച്ചയയ്ക്കുമായിരുന്നു. അരയിഞ്ചു മെറ്റലടിക്കലാണു ശിക്ഷ. ചെയ്തതു സാമ്പത്തികക്കുറ്റം ആണെങ്കില്‍ തിരികെ വരാന്‍ പറ്റില്ല. അത് സബ്കമ്മിറ്റിയും സെക്രട്ടറിയും ഉള്‍പ്പെട്ട അന്വേഷണക്കമ്മിഷന്‍ അന്വേഷിക്കും.
അതിന്റെ റിപ്പോര്‍ട്ട് ബോര്‍ഡില്‍ വച്ച് തീരുമാനം എടുക്കും. വീട്ടില്‍ പണം കൊടുക്കാതിരിക്കുക, വീട്ടില്‍ ശല്യം ഉണ്ടാക്കുക, മദ്യപിക്കുക, … ഇങ്ങനെ സമൂഹത്തിനു നിരക്കാത്ത ഏതു പ്രവൃത്തിയും കുറ്റമാണ്; ശിക്ഷിക്കപ്പെടും. അത്തരം വിഷയങ്ങള്‍ കുടുംബവുമായി സംസാരിച്ചു തിരുത്തും. എല്ലാ മാസവും ചേരുന്ന തൊഴിലാളിസമ്മേളനത്തെ കാര്യങ്ങള്‍ ബോദ്ധ്യപ്പെടുത്തും. ആരെയും കുറ്റത്തിന്റെ പേരില്‍ പിരിച്ചുവിടുകയോ ജോലി നിഷേധിക്കുകയോ ഒന്നും ചെയ്യാറില്ല. കുറ്റം വലുതായാലും ചെറുതായാലും, തെറ്റു ചെയ്തതു ദിവസക്കൂലിക്കാരായാലും പ്രസിഡന്റായാലും ശിക്ഷ കൃത്യമാണ്. ഈ തുല്യതയും അച്ചടക്കവും ആണു സംഘത്തിന്റെ നിലനില്പിന്റെ അടിത്തറ. സസ്പെന്‍ഷന്‍ പോലെയുള്ള അച്ചടക്കനടപടികള്‍ സ്വീകരിക്കുന്നത് ഡയറക്ടര്‍ ബോര്‍ഡാണ്. അംഗത്വത്തില്‍നിന്നു പുറത്താക്കുന്നത് ജനറല്‍ ബോഡിയും. ഹാജരായ അംഗങ്ങളുടെ മൂന്നില്‍ രണ്ടു ഭാഗം പിന്തുണയ്ക്കണം. എല്ലാ ഡയറക്റ്ററും പുലര്‍ത്തുന്നത് തൊഴിലാളിയുടെ അതേമനോഭാവവും വിനയവും. പതിനഞ്ചും പതിനാറും മണിക്കൂറൊക്കെ ജോലി ചെയ്യുന്ന ഡയറക്ടര്‍മാര്‍ക്കു വിദഗ്ദ്ധതൊഴിലാളിയുടെ കൂലിയേ ലഭിക്കൂ. ഇത്തരത്തില്‍ ചിട്ടയായ പ്രവര്‍ത്തനരീതിയും അച്ചടക്കവുമാണു സംഘം പിന്തുടരുന്നത്. ഇതാണ് ഒരു പാഠം.
ഭേദങ്ങളില്ലാത്ത ഐക്യം
മറ്റൊരു ഹൈലൈറ്റ് കക്ഷിരാഷ്ട്രീയത്തെ ഏഴയലത്ത് അടുപ്പിക്കാത്തതാണ്. അംഗങ്ങള്‍ക്ക് ഏതു രാഷ്ട്രീയവുമാകാം. അതെല്ലാം സൊസൈറ്റിക്കു പുറത്ത്. അകത്ത് എല്ലാവരും ഒന്നാണ്. ഈ 97 കൊല്ലവും പാര്‍ട്ടിയടിസ്ഥാനത്തില്‍ ഈ സംഘത്തില്‍ തെരഞ്ഞെടുപ്പു നടന്നിട്ടില്ല. ഇപ്പോഴത്തേതടക്കം മിക്ക പ്രസിഡന്റുമാരും ഒരു പാര്‍ട്ടിയിലും അംഗത്വം
പോലും ഇല്ലാത്തവരാണ്. ഇതും ഇന്നു നമുക്കു വിശ്വസിക്കാന്‍ പ്രയാസമുള്ള കാര്യമാണ്.
ഒരു നാടിന്റെയാകെ അത്താണി ആയതിനാല്‍ത്തന്നെ സൊസൈറ്റിയുടെ ഭാവി എന്നും ആ ഗ്രാമത്തിന്റെയാകെ ജീവജാഗ്രതയാണ്. ഭരണസമിതിയെ തെരഞ്ഞെടുക്കുന്നതൊക്കെ ഈ അതിജാഗ്രതയോടെയാണ്. തെരഞ്ഞെടുപ്പുപൊതുയോഗത്തിനുമുമ്പു അംഗങ്ങള്‍ അനൗപചാരികമായി ഒത്തുകൂടും. അടുത്ത ഭരണസമിതിയെപ്പറ്റി ചര്‍ച്ച ചെയ്യും. നോക്കിനടത്താന്‍ കൊള്ളാവുന്ന ആത്മാര്‍ത്ഥതയുള്ളവരുടെ പട്ടിക ഉണ്ടാക്കും. പട്ടിക എല്ലാവര്‍ക്കും സ്വീകാര്യമായാല്‍ പിന്നെപൊതുയോഗത്തില്‍ അതു പാസ്സാക്കുക എന്നത് ഒരു
ചടങ്ങുമാത്രം. അതെ, ഇലക്ഷന്‍ പോലും രാഷ്ട്രീയത്തിന് അതീതം! സമ്മേളനത്തിന്റെ സമയപരിമിതിയില്‍ ഇതിനൊക്കെ വേണ്ടത്ര വീണ്ടുവിചാരം നടത്താന്‍ കഴിയാതെപോകരുത് എന്നതിനാല്‍ എല്ലാം ഹരിച്ചും ഗുണിച്ചും നോക്കാന്‍ സ്വയം വികസിച്ചുവന്ന തനതുശൈലി. അതുകൊണ്ടുതന്നെ തൊഴിലാളികളെക്കാള്‍ കഷ്ടപ്പെടുന്ന ഭരണസമിതികളായിരുന്നു എന്നും ഇവിടെ. ഇന്നത്തെക്കാലത്ത് എവിടെ നടക്കും ഇതൊക്കെ!
സുതാര്യതയുടെ ജനകീയമാതൃക
മാതൃകയാക്കാന്‍ പിന്നെയുള്ളത് പ്രവര്‍ത്തനത്തിലെ സുതാര്യതയാണ്. ഓരോ അണ, പൈസ കണക്ക് മുഴുവന്‍ അംഗങ്ങളെയും ബോദ്ധ്യപ്പെടുത്തുന്ന, ഓരോപണിസ്ഥലത്തെയും കണക്കുകള്‍ അന്നന്നു വൈകിട്ടു കൂട്ടായി അവതരിപ്പിച്ചു പരിശോധിക്കുന്ന, സുതാര്യതയുടെ അത്യപൂര്‍വ്വമാതൃക ഇവിടെ തുടക്കത്തിലേ നടപ്പിലായതാണ്. അതുകൊണ്ടുതന്നെ അഴിമതി തീരെയില്ല. അതുണ്ടാവില്ലെന്ന് ഉറപ്പുള്ളവരെയേ ചുമതലകളിലേക്കു തിരഞ്ഞെടുക്കൂ. കൂലിയും അത്യാവശ്യസാധനങ്ങളുടെ വിലയും ഒക്കെയായി സാമാന്യം നല്ല തുകയുമായാണു മുമ്പെല്ലാം ലീഡര്‍മാര്‍ പണിസ്ഥലത്തേക്കു പോകാറ്. ലീഡര്‍മാര്‍ പ്രവൃത്തികളുടെ കണക്ക് പ്രവൃത്തിസ്ഥലത്തുവച്ചുതന്നെ തയ്യാറാക്കുന്നു. ഈ കണക്കുകള്‍ അതതു സ്ഥലത്തെ തൊഴിലാളികളായ മെമ്പര്‍മാര്‍ വായിച്ചു ബോദ്ധ്യപ്പെട്ട് ഒപ്പിട്ടുനല്കുന്നു. അതു ഡയറക്ടര്‍മാര്‍ പരിശോധിക്കും. പ്രസിഡന്റും നോക്കും. 25 പൈസയ്ക്കുപോലും വിട്ടുവീഴ്ച ചെയ്യില്ല. പ്രസിഡന്റ് ഈ കണക്കുകള്‍ ഒപ്പിട്ടു പാസ്സാക്കും. അപ്പോഴേയ്ക്കും മറ്റു തൊഴിലാളികളും എത്തിയിരിക്കും. അന്നത്തെ പണികള്‍ വിലയിരുത്തും. പിറ്റേന്നത്തെ പണികള്‍ തീരുമാനിക്കും. ഇത് തീരുമ്പോഴേയ്ക്കും രാത്രി പത്തുമണിയൊക്കെയാകും. കണക്കെല്ലാം പിറ്റേന്ന് ഓഫീസിലും പരിശോധനാവിധേയമാക്കും. ഇതാണ് ആദ്യംമുതലേയുള്ള നടപടിക്രമം. പ്രവൃത്തികള്‍ കൂടിയപ്പോള്‍ ഇതു കൂടുതല്‍ വ്യവസ്ഥപ്പെടുത്തി. മുമ്പൊക്കെ ആഴ്ചയില്‍ ഏഴുദിവസവും രാത്രി ഡയറക്ടര്‍ ബോര്‍ഡ് മീറ്റിങ് ഉണ്ടായിരുന്നു. ഞായറാഴ്ച അവധിയായതുകൊണ്ട് ശനിയാഴ്ച വൈകിട്ടത്തെ യോഗംമാത്രം അടുത്തകാലത്തായി ഞായറാഴ്ചത്തേക്കു മാറ്റി. നിര്‍മ്മാണസ്ഥലത്തുംമറ്റും പോയിട്ടുള്ള ഡയറക്റ്റര്‍മാര്‍ ഇന്ന് ഓണ്‍ലൈനായി യോഗത്തില്‍ പങ്കുചേരും. സെക്രട്ടറിയടക്കം അവരെല്ലാം ഒരു ഓവര്‍ടൈം അലവന്‍സും കൂടാതെ ഞായറാഴ്ചയും മറ്റ് അവധിദിവസങ്ങളിലുമെല്ലാം ജോലി ചെയ്യുന്ന അവസ്ഥ! സുതാര്യതയും കാര്യക്ഷമതയും ഉറപ്പുവരുത്താന്‍ സംഘം പിന്തുടരുന്ന രീതികള്‍ അത്യാധുനിക മാനേജ്മെന്റ് മേല്‍നോട്ടസംവിധാനങ്ങളോടു കിടപിടിക്കുന്നതാണ്. ഓരോ പണിസ്ഥലത്തിനും ഡയറക്ടര്‍ ബോര്‍ഡ് അംഗത്തിന്റെ ചുമതലയുണ്ടാകും. അവര്‍ ആഴ്ചയില്‍ ഒരിക്കലെങ്കിലും എല്ലാ സൈറ്റും സന്ദര്‍ശിക്കണം. പ്രവര്‍ത്തനപുരോഗതി വിലയിരുത്തി, മനുഷ്യവിഭവവും യന്ത്രോപകരണങ്ങളും ഒക്കെ ഓരോ സൈറ്റിലെയും ആവശ്യത്തിനനുസരിച്ചു ലഭ്യമാക്കി, തുടര്‍പ്രവര്‍ത്തനം ആസൂത്രണം ചെയ്തേ അവര്‍ മടങ്ങൂ. ഓണ്‍ലൈനിലുള്ള പ്രതിദിനമോനിറ്ററിങ്ങുമുണ്ട്. ഊണും ഉറക്കവും തെറ്റി
അലച്ചില്‍ നിറഞ്ഞ കഠിനയത്നമാണ് ഡയറക്റ്റര്‍മാരുടെയും പ്രസിഡന്റിന്റെയും സെക്രട്ടറിയുടെയുമെല്ലാം ജീവിതം. ഓരോ പ്രവൃത്തിദിവസത്തിന്റെയും അവസാനം അന്നത്തെ പണി ബോര്‍ഡ് വിലയിരുത്തും. അങ്ങനെ ഡയറക്ടര്‍ ബോര്‍ഡിന്റെ സമ്പൂര്‍ണ്ണമേല്‍നോട്ടത്തില്‍ പദ്ധതിനിര്‍വ്വഹണം പൂര്‍ത്തിയാകുന്നു. ടെന്‍ഡര്‍ത്തുക തീരുമാനിക്കുന്നതു ഭരണസമിതിയാണ്. ഓരോ പ്രവൃത്തിക്കും പ്രത്യേകം ലാഭനഷ്ടക്കണക്കും നിരീക്ഷണസംവിധാനവുമുണ്ട്. പോരാത്തതിന്, സഹകരണനിയമപ്രകാരമുള്ള എല്ലാ ഓഡിറ്റും നടക്കുന്നു. കര്‍മ്മമേഖല വിപുലമായപ്പോള്‍
സംഘം സ്വന്തമായി ഇന്റേണല്‍ വിജിലന്‍സ് വരെ രൂപവത്ക്കരിച്ചു!
മുതലാളിത്ത വികസനത്തിനു ബദല്‍
അതൊക്കെക്കൊണ്ടുതന്നെ, പൂര്‍ത്തിയാക്കിയ പദ്ധതികളെപ്പറ്റി വ്യാജവാര്‍ത്തകളല്ലാതെ ഒരു പരാതിയും ഇതുവരെ വന്നിട്ടില്ല. ഈ ജനകീയസുതാര്യരീതികള്‍കൊണ്ടുതന്നെ ഇത്രയുംകാലത്തെ സംഘത്തിന്റെ പ്രവര്‍ത്തനത്തിലും ആര്‍ക്കും ഒരു കളങ്കവും കണ്ടെത്താനായിട്ടില്ല. ഈ ഒരു നൂറ്റാണ്ടിനിടെ ഒരിക്കല്‍പ്പോലും, ഭാരവാഹികള്‍മുതല്‍ ഉദ്യോഗസ്ഥരും എന്‍ജിനീയര്‍മാരും തൊഴിലാളികളുംവരെ ഒറ്റയാളെപ്പോലും സാമ്പത്തികാരോപണത്തിലോ അഴിമതിയിലോ ഈ സംഘത്തിനു ശിക്ഷിക്കേണ്ടിവന്നിട്ടില്ല! ഒരു പൈസയുടെ അഴിമതി ഉണ്ടായിട്ടില്ല എന്നുതന്നെ. തൊഴിലാളികള്‍തന്നെയാണ് സംഘത്തിന്റെ ഉയര്‍ച്ചയുടെ അവകാശികള്‍. സംഘം അവരുടേതാണ്. അതിനാല്‍ത്തന്നെ, എത്ര ചെറിയ തുകയാണെങ്കിലും ധനാപഹരണത്തിന് മാപ്പു നല്‍കരുതെന്നതാണു നിഷ്‌ക്കര്‍ഷ. പ്രവര്‍ത്തനത്തിലെ ജനകീയതയും സുതാര്യതയും തെറ്റുകള്‍ കണ്ടുപിടിക്കുന്നത് എളുപ്പമാക്കുന്നു. അബദ്ധത്തില്‍ ഒരു സാമ്പത്തികപ്പിശക് ഉണ്ടായാല്‍പ്പോലും എല്ലാ കണക്കും അംഗങ്ങളുടെ സൂക്ഷ്മനിരീക്ഷണത്തിനു വിധേയമാക്കുന്നതു കാരണം പെട്ടെന്നു കണ്ടെത്താം. ഇതും അഴിമതി ഇല്ലാതാക്കുന്നു. മറ്റൊരു വിശേഷത, ഓരോ പ്രവൃത്തിയെയും ഇവിടത്തെ തൊഴിലാളികള്‍ കാണുന്നത് ഒരു കരാര്‍ജോലി എന്ന നിലയിലല്ല, രാഷ്ട്രനിര്‍മ്മാണമായാണ്. ആ ആത്മാര്‍ത്ഥതയാണ് നിര്‍മ്മാണങ്ങളുടെ ഗുണമേന്മയ്ക്കുള്ള പ്രധാന ഉറപ്പ്. ഇന്നത്തെ തൊഴിലാളികളുടെ മുത്തച്ഛര്‍ തുടക്കംമുതലേ അനുഭവിച്ച സഹനങ്ങളും ത്യാഗങ്ങളും എപ്പോഴും അനുസ്മരിക്കുന്നു എന്നതാണ് മറ്റൊരു കാര്യം. സര്‍ക്കാരില്‍നിന്നു കരാര്‍ത്തുക കിട്ടാന്‍ മാസങ്ങളും വര്‍ഷങ്ങളും വൈകുമ്പോള്‍ സൊസൈറ്റിയെ നിലനിര്‍ത്താന്‍ കൂലിയില്ലാതെ പണിയെടുത്തവരാണവര്‍. സൊസൈറ്റിയുടെ ഉത്തരവാദിത്വത്തില്‍ പലചരക്കുകടയിലും ചായക്കടയിലു ഏര്‍പ്പെടുത്തിയിരുന്ന പറ്റ് ആയിരുന്നു ആശ്രയം. അന്നെല്ലാം കൃഷിയും മറ്റുമുള്ള നാട്ടുകാരില്‍നിന്നു വായ്പകളും നിക്ഷേപവും ഒക്കെ സ്വീകരിച്ചാണു സംഘം അതിജീവിച്ചത്. ഇന്നു വലിയ തുകകള്‍ ആവശ്യമായി വന്നപ്പോള്‍ സഹകരണബാങ്കുകളില്‍നിന്നും പിന്നെ പ്രാഥമികസംഘങ്ങളുടെ കണ്‍സോര്‍ഷ്യം രൂപവത്ക്കരിച്ച് അതില്‍നിന്നും അതിലും വലിയ തുകയ്ക്ക് ജില്ലാബാങ്കുകളുടെ കണ്‍സോര്‍ഷ്യം ഉണ്ടാക്കിയുമൊക്കെ വായ്പയെടുക്കുന്നു. സഹകരണസ്ഥാപനങ്ങളുടെ പരസ്പരസഹകരണം എന്ന ഈ ബദല്‍ യുഎന്‍ഡിപിപോലും മാതൃകയായി സ്വീകരിച്ചു പ്രചരിപ്പിക്കുന്നു. ഇത്തരത്തിലെല്ലാമുള്ള ജനപക്ഷബദലുകള്‍ വികൈപ്പിച്ചാണ് അഴിമതി കൊടികുത്തിവാഴുന്ന നിര്‍മ്മാണമേഖലയില്‍ സംശുദ്ധിയുടെ രജതരേഖയായി ഊരാളുങ്കല്‍ സൊസൈറ്റി ഉയര്‍ന്നുനില്ക്കുന്നത്. പ്രൊഫ: മീഷേല്‍ വില്യംസുമായി ചേര്‍ന്ന് ഡോ: റ്റി.എം. തോമസ് ഐസക്ക് രചിച്ച ‘Building Alternatives: The Story of India’s Oldest Construction Workers’Cooperative’ എന്ന ഗ്രന്ഥം ഇത്തരം കാര്യങ്ങള്‍ സവിസ്തരം വിശകലനം ചെയ്യുന്നുണ്ട്.
കോര്‍പ്പറേറ്റ് മാതൃകയില്‍ ഒരു കോപ്പറേറ്റീവ്
ജന്മനാതന്നെ നാട്ടുകാര്‍ക്കുമുഴുവന്‍ തൊഴിലും മെച്ചപ്പെട്ട കൂലിയും അവകാശങ്ങളും ക്ഷേമവും ഉറപ്പുവരുത്താനുള്ളതാണു സംഘം. അവ കൂടുതല്‍ ഫലപ്രദമായി നിര്‍വ്വഹിക്കാന്‍ സംഘത്തെ വിപുലീകരിക്കാന്‍ അപ്പപ്പോള്‍ വേണ്ടതേ മിച്ചം പിടിക്കൂ. അല്ലാതെ, ലാഭം ലക്ഷ്യമല്ല. ഈ സംഘത്തിന്റെ പ്രധാനലക്ഷ്യം സേവനമാണ്, ലാഭമല്ല എന്ന വാഗ്ഭടാനന്ദന്റെ മാര്‍ഗ്ഗനിര്‍ദ്ദേശമാണു സംഘത്തിന്റെ സാമ്പത്തികദര്‍ശനം. ”സിമന്റും കമ്പിയും മണലും മാത്രം കൃത്യമായ അളവില്‍ ചേര്‍ത്താല്‍ പോരാ, അതില്‍ സത്യസന്ധതയും അലിഞ്ഞുചേരണം.” സംഘത്തിന്റെ ഈ കര്‍മ്മദര്‍ശനമാണു ഗുണനിഷ്ഠയുടെ ചോദന. പതിനാലു കൂലിവേലക്കാരില്‍ തുടങ്ങിയ സംഘം ഇന്നു വിദഗ്ദ്ധരും അവിദഗ്ദ്ധരുമായ 13000 തൊഴിലാളികളുംആയിരത്തില്‍പ്പരം ടെക്‌നീഷ്യന്മാരും 1500-ഓളം എന്‍ജിനീയര്‍മാരും മറ്റു സാങ്കേതികവിദഗ്ദ്ധരും മാനേജര്‍മാരും ജീവനക്കാരും എല്ലാമായി 16,000- ത്തില്‍പ്പരംപേര്‍ പണിയെടുക്കുന്ന കോര്‍പ്പറേറ്റ് നിലവാരമുള്ള സ്ഥാപനമാണ്. ഏതാണ്ട് അത്രയുംതന്നെ പരോക്ഷതൊഴിലും. ഈ സൈന്യത്തിനുപുറമെ അത്യാധുനിക യന്ത്രസംവിധാനങ്ങളും അസംസ്‌കൃതവസ്തുക്കളുടെ ഉത്പാദനയൂണിറ്റുകളും ശേഖരവും ഒക്കെ സൊസൈറ്റിക്കുണ്ട്. ഇവയൊന്നും മറ്റു കരാര്‍സ്ഥാപനങ്ങള്‍ക്ക് ഇല്ല. അതുകൊണ്ടുതന്നെ എല്ലാ പ്രവൃത്തിയും സംഘം നേരിട്ടാണു ചെയ്യുന്നത്. മറ്റു സ്ഥാപനങ്ങളെപ്പോലെ ഉപകരാര്‍ കൊടുക്കേണ്ട സാഹചര്യമില്ല. തൊഴിലാളികള്‍ക്കു തൊഴില്‍ നല്കാനുള്ള സ്ഥാപനം ആയതിനാല്‍ ഉപകരാര്‍ നല്കി തൊഴിലവസരം നഷ്ടപ്പെടുത്തുകയുമില്ല. പല ജോലികളും കരാര്‍ത്തുകയെക്കാള്‍ കുറഞ്ഞ ചെലവിലും പറഞ്ഞ സമയത്തിനു മുന്‍പും പൂര്‍ത്തിയാക്കാന്‍ കഴിയുന്നത് ഇതൊക്കെക്കൊണ്ടാണ്. മിച്ചം വന്ന കോടികള്‍ സര്‍ക്കാരിനു മടക്കി നല്കിയ എത്രയെങ്കിലും അനുഭവങ്ങളുമുണ്ട്. ഗുണമേന്മയില്‍ ഒരു വിട്ടുവീഴ്ചയും ചെയ്യാതെ പരമാവധി ചെലവു കുറയ്ക്കുക എന്നതാണു സംഘത്തിന്റെ പ്രവൃത്തികളുടെ മുഖമുദ്ര. സംതൃപ്തരായ തൊഴിലാളികളാണ് കോര്‍പ്പറേറ്റുകളില്‍നിന്നു
സംഘത്തെ വ്യത്യസ്തമാക്കുന്ന മറ്റൊന്ന്. നല്ല നൈപുണ്യമുള്ള ഒരു മേസ്തിരിക്ക് 2500 രൂപവരെ ദിവസവേതനമുണ്ട്!
സ്വന്തം പാരമ്പര്യത്തില്‍നിന്നു കടുകിട വ്യതിചലിക്കാതെ ആധുനികകാലത്തിനൊത്ത് ഏതൊരു കോര്‍പ്പറേറ്റ് സ്ഥാപനത്തിന്റെയും നിലവാരത്തില്‍ തൊഴിലാളികളുടെ ഈ സംഘത്തിനു പ്രവര്‍ത്തിക്കാന്‍ കഴിയുന്നു എന്നതാണ് ഏറ്റവും പ്രധാനം. മെറ്റലടിക്കുന്നതു മുതല്‍ നിര്‍മ്മിതബുദ്ധിയുടെ പ്രയോഗങ്ങള്‍വരെ അറിയുന്നവരുടെ നാനാത്വത്തിന്റെ ഏകീഭാവം. ജോലിയിലെ കഴിവ്, നൈപുണ്യം, ആത്മാര്‍ത്ഥത, അര്‍പ്പണബോധം, മുന്‍പരിചയം ഒക്കെയാണ് ഓരോ ആളുടെയും മുഖമുദ്ര. ഇതൊന്നും പക്ഷെ, കോര്‍പ്പറേറ്റുകള്‍ക്ക് ഉണ്ടാവില്ല. അതാണു കോര്‍പ്പറേറ്റ് നിലവാരത്തില്‍ പ്രവര്‍ത്തിക്കുന്ന കോ-ഓപ്പറേറ്റീവ് എന്ന അപൂര്‍വ്വത.
ദീര്‍ഘവീക്ഷണം മുഖമുദ്ര
കാലത്തിനൊത്ത മാറ്റമാണ് മറ്റൊരു വിജയഘടകം. പുതിയ തലമുറ ഉന്നതസാങ്കേതികവിദ്യാഭ്യാസം നേടിയപ്പോള്‍ അവരുടെ ആശയാഭിലാഷങ്ങള്‍ക്കനുസരിച്ച തൊഴിലുകള്‍ സൃഷ്ടിക്കാന്‍ സ്വന്തമായി ഐറ്റി പാര്‍ക്ക് തുടങ്ങാന്‍ ഈ കൂലിവേലക്കൂട്ടം ആലോചിച്ചു. അപ്പോള്‍ പലരും മൂക്കില്‍ വിരല്‍ വച്ചു. എന്നാല്‍, സര്‍ക്കാരിന്റേതല്ലാത്ത ആദ്യത്തെ ഐറ്റി പാര്‍ക്ക് ‘യുഎല്‍ സൈബര്‍ പാര്‍ക്ക്’ എന്നപേരില്‍ കോഴിക്കോട്ട് ഉയര്‍ന്നപ്പോള്‍ അത് ലോകത്തേതന്നെ അപൂര്‍വ്വതയായി; രാജ്യത്തേതന്നെ സഹകരണമേഖലയ്ക്ക് അലങ്കാരവും. അവിടെയുള്ള അനവധി കമ്പനികള്‍ക്കൊപ്പം ഈ സൊസൈറ്റി രൂപം നല്കിയ ‘യുഎല്‍ ടെക്നോളജി സൊല്യൂഷന്‍സ്’ എന്ന ഐറ്റി സ്ഥാപനവും അഞ്ഞൂറോളം ഐറ്റി പ്രൊഫഷണലുകള്‍ക്കു തൊഴില്‍ നല്കി വളരുന്നു. പല ദേശീയാംഗീകാരങ്ങളും നേടിയ ഈ സ്ഥാപനം സംസ്ഥാന സര്‍ക്കാരിന്റെ ടോട്ടല്‍ ഐറ്റി സൊല്യൂഷന്‍ പ്രൊവൈഡറാണിന്ന്. ടൂറിസം, കരകൗശലം എന്നീ രംഗങ്ങളില്‍ തൊഴില്‍ സൃഷ്ടിയുമായി കോഴിക്കോട് ഇരിങ്ങലിലും തിരുവനന്തപുരത്ത് കോവളത്തും രണ്ട് ‘കേരള ആര്‍ട്സ് ആന്‍ഡ് ക്രാഫ്റ്റ്സ് വില്ലേജു’കള്‍ ലോകനിലവാരത്തില്‍ പ്രവര്‍ത്തിക്കുന്നു. കൊല്ലം ചവറയിലെ ‘ഇന്‍ഡ്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫ്രാസ്റ്റ്രക്ള്‍ചര്‍ ആന്‍ഡ് കണ്‍സ്ട്രക്ഷന്‍’ (IIIC) ഏറ്റെടുത്തു നടത്തുന്നതിലൂടെ തൊഴില്‍മികവില്ലായ്മ എന്ന കേരളത്തിന്റെ ശാപത്തിനു പരിഹാരവും മികച്ച തൊഴില്‍സാദ്ധ്യതകളും സൊസൈറ്റി കണ്ടെത്തുന്നു. സ്‌കില്‍ സെന്റര്‍ ഓഫ് എക്സലന്‍സ്, കേംബ്രിജ് ഇംഗ്ലിഷ് ലേണിങ്, യുഎല്‍ സ്പേസ് ക്ലബ്ബ് എന്നിങ്ങനെ പല സംരംഭങ്ങളുമായി യുഎല്‍ എജ്യൂക്കേഷന്‍ എന്ന പ്രത്യേകവിഭാഗംതന്നെ പ്രവര്‍ത്തിക്കുന്നു. തെക്കേഇന്ത്യയിലെ ഏറ്റവും വലിയ ടെസ്റ്റിങ് ലാബായ ‘മാറ്റര്‍ ലാബ്’ നിര്‍മ്മാണരംഗത്ത് ഗുണമേന്മയുടെ പുതിയ വാഗ്ദാനമായി വളരുന്നു. മിതമായ നിരക്കില്‍ മികച്ച പാര്‍പ്പിടം എന്ന കേരളീയരുടെ സ്വപത്തിനു നിറം പകര്‍ന്ന് ‘യുഎല്‍ സ്പേസ്അസ്’ എന്ന അപ്പാര്‍ട്ട്മെന്റ് പദ്ധതിയും കോഴിക്കോട്ട് പുരോഗമിക്കുന്നു. ‘യുഎല്‍ അഗ്രിക്കള്‍ച്ചര്‍’ അടക്കമുള്ള വൈവിദ്ധ്യവത്ക്കരണത്തിലൂടെ തൊഴില്‍സൃഷ്ടിക്കൊപ്പം നാടിന്റെ അഭിവൃദ്ധിയും ലക്ഷ്യമാക്കി ഈ മഹാപ്രസ്ഥാനം ദൗത്യപഥത്തില്‍ ചരിത്രം രചിക്കുകയാണ്. അതിശക്തവും ദീര്‍ഘവീക്ഷണമുള്ളതുമായ ഒരു മാനേജ്മെന്റിന്റെ സ്പര്‍ശം സൊസൈറ്റിയുടെ പ്രവൃത്തികളില്‍ അനുഭവിച്ചറിയാനാകും. ആധുനികസാങ്കേതികവിദ്യകളും യന്ത്രസംവിധാനങ്ങളും ലോകത്തു പിറവികൊണ്ടാല്‍ വൈകാതെ സൊസൈറ്റി അതു സ്വായത്തമാക്കും. പ്രതിവര്‍ഷം ഏതാണ്ടു രണ്ടരലക്ഷം തൊഴില്‍ദിനം സൃഷ്ടിക്കാന്‍ സൊസൈറ്റിക്ക് ഇപ്പോള്‍ കഴിയുന്നുണ്ട്. തൊഴിലാളികളുടെ വേതനവ്യവസ്ഥകളിലും അവര്‍ക്കൊരുക്കുന്ന മറ്റു സൗകര്യങ്ങളിലും ഈ സൊസൈറ്റി ലോകത്തിനാകെ മാതൃകയാണ്. തൊഴിലാളികളുടെ സുരക്ഷിതത്ത്വത്തിനും സംരക്ഷണത്തിനും സാമൂഹികനീതിക്കും വേണ്ടി വിപ്ലവം ജ്വലിച്ച ഒഞ്ചിയത്തിന്റെ മണ്ണിലാണ് അതിന്റെ വേരുകള്‍. ആ വളവും വെള്ളവും കരുത്താക്കി അങ്ങേയറ്റത്തെ പ്രഫഷണലിസവും സമയകൃത്യതയും പൂര്‍ണ്ണതയും കാഴ്ചവയ്ക്കുന്നതുകൊണ്ടാണ് ഊരാളുങ്കലിന്റെ കഥകേരളവും കടന്ന് കടലുകള്‍ക്കപ്പുറമെത്തിയത്. ഒരു ദേശത്തിന്റെ വിജയഗാഥയോ കേരളനവോത്ഥാനത്തിന്റെ കണ്ണിയോ മാത്രമല്ല ഊരാളുങ്കല്‍ സംഘം. മുതലാളിത്തം സമസ്തപ്രതാപത്തിലും നില്ക്കുന്ന ഇക്കാലത്ത് അതിനുള്ള മികച്ച ബദലാണ് തൊഴിലാളികളെ ഹൃദയത്തോടു ചേര്‍ത്തുപിടിക്കുന്ന ഈ സഹകരണമഹാപ്രസ്ഥാനം.