ബിസിനസിൽ ചൈനയെ പിന്നിലാക്കാൻ ഇന്ത്യ: 16 മന്ത്രാലയങ്ങളെ ഉൾപ്പെടുത്തി ഡിജിറ്റൽ പ്ലാറ്റ്ഫോം

ചൈനയിൽനിന്ന് വ്യവസായങ്ങളെ ഇന്ത്യയിലേക്ക് കൊണ്ടുവരാൻ പദ്ധതി തയ്യാറാക്കി കേന്ദ്ര സർക്കാർ. ഇതിനായി 16 മന്ത്രാലയങ്ങളെ സംയോജിപ്പിച്ച് ഡിജിറ്റൽ പ്ലാറ്റ്‌ഫോം തയ്യാറാക്കാനുള്ള ശ്രമം സർക്കാർ തുടങ്ങി. പദ്ധതികളുടെ രൂപകല്പന, അംഗീകാരം ലഭിക്കുന്നതിനുള്ള തടസ്സങ്ങൾ നീക്കൽ, എളുപ്പത്തിൽ ചെലവ് കണക്കാക്കൽ എന്നിവയ്ക്ക് ഒറ്റത്തവണ പരിഹാരം കാണാൻ നിക്ഷേപകർക്കും കമ്പനികൾക്കും സഹായകരമാകുകയാണ് പ്ലാറ്റ്‌ഫോമിന്റെ ഉദ്ദേശം.

100 ലക്ഷം കോടി രൂപ (1.2 ലക്ഷം കോടി ഡോളർ)യുടെ പിഎം ഗതി ശക്തി പദ്ധതിയുടെ ഭാഗമായാണ് നടപടി. രാജ്യത്തെ അടിസ്ഥാന സൗകര്യ വികസന പദ്ധതികളിലെ കാലാതാമസവും അധിക ചെലവും ഒഴിവാക്കി മുന്നേറുകയാണ് ലക്ഷ്യം.

പദ്ധതികളുടെ രൂപകല്പന, അംഗീകാരം ലഭിക്കുന്നതിനുള്ള തടസ്സങ്ങൾ നീക്കൽ, എളുപ്പത്തിൽ ചെലവ് കണക്കാക്കൽ എന്നിവയ്ക്ക് ഒറ്റത്തവണ പരിഹാരം കാണാൻ നിക്ഷേപകർക്കും കമ്പനികൾക്കും സഹായകരമാകുകയാണ് പ്ലാറ്റ്‌ഫോമിന്റെ ഉദ്ദേശം. ഒറ്റത്തവണ തീർപ്പാക്കലാണ് ലക്ഷ്യമിടുന്നത്. ആഗോള കമ്പനികളെ ഇന്ത്യയെ ഉത്പാദന കേന്ദ്രമായി തിരഞ്ഞെടുക്കാൻ പ്രേരിപ്പിക്കാൻ ഇതിലൂടെ കഴിയുമെന്നാണ് പ്രതീക്ഷ.

ചൈനയിൽ ഇപ്പോഴും തുടരുന്ന ലോക്ഡൗൺ പ്രതിസന്ധി നേട്ടമാക്കാനാണ് ഇന്ത്യയുടെ നീക്കം. ചൈനയ്ക്ക് പുറത്ത് നിർമാണകേന്ദ്രം തുറക്കുകയെന്ന കമ്പനികളുടെ ‘ചൈന പ്ലസ്’ നയം ഇന്ത്യയ്ക്ക് നേട്ടമാണ്. വിതരണ മേഖലയിലെയും ബിസിനസിലെയും വൈവിധ്യവത്കരണമാണ് കമ്പനികൾ ഇതിലൂടെ ലക്ഷ്യമിടുന്നത്.

ഏഷ്യയിലെ മൂന്നാമത്തെ വലിയ സമ്പദ്ഘടനയായ ഇന്ത്യയിൽ തൊഴിൽ ചെലവ് കുറവാണെന്നതും ഇംഗ്ലീഷ് സംസാരിക്കുന്ന തൊഴിലാളികളുടെ ലഭ്യതയുമൊക്കെയാണ് ഇതിനുപിന്നിൽ. അതേസമയം, അടിസ്ഥാന സൗകര്യങ്ങളിലെ അപര്യാപ്തതയാണ് നിക്ഷേപകരെ ഇപ്പോഴും രാജ്യത്തുനിന്ന് അകറ്റുന്നത്. ഇത് പരിഹരിക്കാനാണ് പിഎം ഗതിശക്തി പദ്ധതി ആസൂത്രണംചെയ്തിട്ടുള്ളത്. ചരക്കുകളുടെയും നിർമിത ഘടകങ്ങളുടെയും നീക്കം സുഗമമാക്കുന്നതരത്തിലുള്ള വികസനമാണ് പദ്ധതിയിലൂടെ നടപ്പാക്കുന്നത്.

 

Related posts