പെരുവെണ്ണാമൂഴിയിലും, ആലുവയിലും പുതിയ പ്ലാന്റ് വരുന്നു
കേരള ജലസേചന ഇന്‍ഫ്രാസ്ട്രക്ചര്‍ ഡെവലപ്മെന്റ് കോര്‍പ്പറേഷന് കീഴില്‍ സംസ്ഥാനത്തെ രണ്ട് കുടിവെളള നിര്‍മ്മാണ പ്ലാന്റുകളില്‍ ‘ഹില്ലി അക്വ’ കുപ്പിവെള്ളത്തിന് ഇരട്ടി ഉല്‍പ്പാദനം. തൊടുപുഴ പ്ലാന്റിന്റെ കഴിഞ്ഞ അഞ്ച് വര്‍ഷത്തെ കണക്കുപ്രകാരം 2138 ലക്ഷം രൂപയുടെ വിറ്റുവരാണ് ഉളളത്. 2017-2018ല്‍ 442 ലക്ഷം, 2018-2019ല്‍ 526 ലക്ഷം, 2019-2020ല്‍ 574 ലക്ഷം, 2020-2021ല്‍ 311 ലക്ഷം, 2021-2022ല്‍ 285 ലക്ഷം എന്നിങ്ങനെയാണ് വിറ്റുവരവ്. മണിക്കൂറില്‍ 12,100 ലിറ്റര്‍(7500 ലിറ്റര്‍ + 4600 ലിറ്റര്‍) കുപ്പിവെള്ളം ഉല്‍പ്പാദിപ്പിക്കുവാന്‍ ശേഷിയുള്ള രണ്ടു പ്രൊഡക്ഷന്‍ ലൈനുകളാണ് തൊടുപുഴ ഫാക്ടറിയില്‍ സ്ഥാപിച്ചിട്ടുള്ളത്.
സംസ്ഥാനത്തെ രണ്ടാമത്തെ കുടിവെളള നിര്‍മ്മാണ പ്ലാന്റാണ് തിരുവനന്തപുരം അരുവിക്കരയിലേത്. 2021ലാണ് ‘ഹില്ലി അക്വ’ ഉല്‍പാദനം ഇവിടെ ആരംഭിച്ചത്. ആദ്യഘട്ടമായി 20 ലിറ്റര്‍ ജാറുകളിലായിരുന്നു വിതരണം. 2021 ജനുവരി മുതല്‍ 2022 ജൂണ്‍ വരെയുള്ള ഉല്‍പാദനം 38100 ജാറുകളാണ്. 2022 ജനുവരിയില്‍ ഒരു ലിറ്റര്‍ കുപ്പിവെള്ളത്തിന്റെ ഉല്‍പാദനം ആരംഭിച്ചു. ജനുവരി മുതലുള്ള ആദ്യത്തെ മൂന്നുമാസം 17,909 ആയിരുന്നത് തുടര്‍ന്നുള്ള മൂന്നുമാസക്കാലയളവില്‍ 40,482 ആയി കുതിച്ചുയര്‍ന്നു. 60 രൂപയാണ് 20 ലിറ്റര്‍ വെള്ളത്തിന്റെ വില. 18.30 ലക്ഷം രൂപയാണ് 2021-2022 സാമ്പത്തിക വര്‍ഷത്തെ വിറ്റുവരവ്
സ്വകാര്യ കുടിവെളള കമ്പനികളുടെ ചൂഷണത്തിനും അമിതമായ വിലക്കയറ്റത്തിനും കടിഞ്ഞാണിട്ട് മിതമായ, ന്യായമായ വിലയില്‍ കുടിവെളളം ജനങ്ങള്‍ക്ക് എത്തിക്കുക എന്ന ലക്ഷത്തോടെയാണ് സര്‍ക്കാര്‍ കുടിവെളള നിര്‍മ്മാണം ആരംഭിക്കുന്നത്. സ്വകാര്യ കുപ്പിവെള്ള കമ്പനികള്‍ ഒരു ലിറ്റര്‍ കുപ്പിവെള്ളത്തിന് 20 രൂപ ഈടാക്കുമ്പോള്‍ ഹില്ലി അക്വാ 15 രൂപയ്ക്കാണ് ഒരു ലിറ്റര്‍ കുപ്പിവെള്ളം വിപണിയില്‍ എത്തിക്കുന്നത്. സ്വകാര്യ ഏജന്‍സികള്‍ ഭൂഗര്‍ഭജലം ശുദ്ധീകരിച്ച് കുടിവെള്ളം വിപണിയില്‍ എത്തിക്കുമ്പോള്‍ തൊടുപുഴയില്‍ ‘ഹില്ലി അക്വാ’ മലങ്കര ജലാശയത്തില്‍ നിന്നുള്ള ഉപരിതല ജലമാണ് ഉപയോഗിക്കുന്നത്. BIS, FSSAI എന്നീ സ്ഥാപനങ്ങള്‍ നിഷ്‌കര്‍ഷിക്കുന്ന എല്ലാവിധ പരിശോധനകളും ശുദ്ധീകരണ പ്രവര്‍ത്തികളും നടത്തിയ ശേഷം യന്ത്രസംവിധാനങ്ങളിലൂടെ വെള്ളം കുപ്പികളിലാക്കിയാണ് വിപണിയില്‍ എത്തിക്കുന്നത്. ഈ കുപ്പിവെള്ള പ്ലാന്റിന് ISO അംഗീകാരം ലഭിച്ചിട്ടുണ്ട്. ഇപ്പോള്‍ പ്രതിദിനം 30,000 ലിറ്റര്‍ കുപ്പിവെള്ളമാണ് പ്ലാന്റിന്റെ ശരാശരി ഉല്‍പ്പാദനം. കൂടുതല്‍ കുപ്പിവെള്ളം ആവശ്യമായി വരുന്ന മാസത്തില്‍ ഒന്നിലധികം ഷിഫ്റ്റ് പ്രവര്‍ത്തിപ്പിച്ച് ഇരട്ടിയോളം ഉല്‍പ്പാദനം നടത്തി വരുന്നു.
വിപണനശൃംഖല ശക്തിപ്പെടുത്താന്‍ വിതരണക്കാരാകാന്‍ താല്‍പര്യമുള്ളവരില്‍ നിന്ന് അപേക്ഷ ക്ഷണിക്കുകയും കൂടുതല്‍ വിതരണക്കാരെ നിയോഗിക്കുകയും ചെയ്തു. തിരക്കേറിയ സ്ഥലങ്ങളില്‍ കുറഞ്ഞനിരക്കില്‍ തണുത്തവെള്ളം ലഭ്യമാക്കാന്‍ ‘കോഫ്ബ നെറ്റ്വര്‍ക്സ്’ എന്ന സ്റ്റാര്‍ട്ടപ് സ്ഥാപനം ഹില്ലി അക്വയുമായി കരാറില്‍ ഏര്‍പ്പെട്ടിട്ടുണ്ട്. ഇവര്‍ സ്ഥാപിച്ചിട്ടുള്ള കിയോസ്‌കുകളില്‍ നിന്ന് രണ്ടു രൂപയ്ക്ക് ഒരു ഗ്ലാസ് (200 മി.ലി) വെള്ളവും അഞ്ചു രൂപയ്ക്ക് ഒരു ലിറ്റര്‍ വെള്ളവും ശേഖരിക്കാനും സാധിക്കും. തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിനു സമീപത്തും ശാസ്തമംഗലത്തും സെക്രട്ടേറിയറ്റിനുള്ളിലും പാളയത്തും കിയോസ്‌ക് പ്രവര്‍ത്തിക്കുന്നുണ്ട്. ജയില്‍വകുപ്പും തിരുവനന്തപുരം സെന്‍ട്രല്‍ ജയിലിന്റെ ഫ്രീഡം ഫുഡ് പദ്ധതി പ്രകാരം വിതരണം ചെയ്യുന്നത് ഹില്ലി അക്വ ആണ്.
എട്ടിലധികം ശുദ്ധീകരണ പ്രക്രിയകള്‍ക്ക് ശേഷം കുപ്പികളിലും ജാറുകളിലും നിറയ്ക്കുന്ന വെള്ളമാണ് ഹില്ലി അക്വ. ഓരോ മണിക്കൂറിലും വെള്ളത്തിന്റെ ഗുണനിലവാരം പ്ലാന്റില്‍ സ്ഥാപിച്ചിട്ടുള്ള ലാബില്‍ പരിശോധിച്ച് ഉറപ്പാക്കുന്നുമുണ്ട്. കോടതി ഉത്തരവിലൂടെ സ്വകാര്യ കമ്പനികള്‍ കുപ്പിവെള്ള വില 20 രൂപയാക്കിയപ്പോഴും ഹില്ലി അക്വയുടെ വില വര്‍ധിപ്പിച്ചിട്ടില്ല. രണ്ടു ലിറ്ററിന് 25 രൂപയും അര ലിറ്ററിന് പത്തുരൂപയുമാണ് പരമാവധി വില. കുടിവെളള ഉല്‍പ്പാദനത്തിനും വിതരണത്തിനും വര്‍ഷം തോറും മികച്ച പുരോഗതി ഉണ്ടായിട്ടുണ്ട്. ബ്രാന്‍ഡിംഗ് ഉള്‍പ്പെടെയുള്ള മാര്‍ഗങ്ങളിലൂടെ വിപണി വിപുലീകരിക്കാനുള്ള നടപടികള്‍ ആരംഭിച്ചിരിക്കുകയാണ് ജലവിഭവ വകുപ്പ്.
സര്‍ക്കാര്‍ കുപ്പിവെളള വിതരണം വിജയകരമായി മുന്നോട്ട് പോകുന്ന പശ്ചാത്തലത്തില്‍ ചക്കിട്ടപ്പാറ പഞ്ചായത്തിലെ പെരുവണ്ണാംമുഴിയില്‍ പുതിയ പ്ലാന്റ് തുടങ്ങാനുളള തയ്യാറെടുപ്പിലാണ് വകുപ്പ്. ആലുവയില്‍ പിപിപി മോഡലില്‍ 20 ലിറ്റര്‍ വെളളം മാത്രം നിര്‍മ്മിക്കുന്നതിന് പൊതുജന പങ്കാളിത്തത്തിനായി കാത്തിരിക്കുകയാണ് കേരള ജലസേചന ഇന്‍ഫ്രാസ്ട്രക്ചര്‍ ഡെവലപ്മെന്റ് കോര്‍പ്പറേഷന്‍.