പ്ലാസ്റ്റിക് ഉള്‍പ്പെടെ ഉള്ള അജൈവ മാലിന്യങ്ങള്‍ തരംതിരിച്ചു ശേഖരിക്കുന്ന നടപടികള്‍ കാര്യക്ഷമമായതോടെ സംസ്ഥാന സര്‍ക്കാരിനു കീഴിലെ ക്ലീന്‍ കേരള കമ്പനിയുടെ ലാഭത്തില്‍ വര്‍ധന. ഇത്തരം മാലിന്യങ്ങള്‍ വിറ്റഴിച്ച വകയില്‍ 20 മാസത്തിനിടെ ഏകദേശം 5 കോടി രൂപ കമ്പനിക്കു ലാഭം ലഭിച്ചു. 2021 ജനുവരി മുതല്‍ ഈ വര്‍ഷം ഓഗസ്റ്റ് അവസാനം വരെ ഉള്ള കണക്കാണിത്. 2012ല്‍ രൂപീകരിച്ച ക്ലീന്‍ കേരള കമ്പനി അജൈവ മാലിന്യങ്ങള്‍ മുന്‍പും വിറ്റഴിച്ചിരുന്നെങ്കിലും തരംതിരിക്കുന്ന നടപടികള്‍ ഊര്‍ജിതമായതോടെ ലാഭവും കൂടിയതായി അധികൃതര്‍ പറയുന്നു. ഉദാഹരണത്തിന് ഉപയോഗിച്ചു കഴിഞ്ഞ ഒരു ശുദ്ധജല ബോട്ടില്‍ മുന്‍പ് ശേഖരിച്ചാല്‍ അതു പോലെ കൈമാറുകയായിരുന്നു പതിവ്. എന്നാല്‍, ഇതിന്റെ വിപണി മൂല്യവും ആവശ്യവും മനസ്സിലാക്കി കുപ്പിയും കുപ്പിയുടെ പുറത്തെ കമ്പനിയുടെ പേരെഴുതിയ പ്ലാസ്റ്റിക് ആവരണവും അടപ്പും വെവ്വേറെ കൈമാറുന്ന തരത്തിലാണ് ഇപ്പോഴത്തെ ശേഖരണവും തരംതിരിക്കലും.
തദ്ദേശ സ്ഥാപനങ്ങളിലെ ഹരിത കര്‍മസേനകള്‍ വഴി ആകെ 7,382 ടണ്‍ മാലിന്യമാണ് 20 മാസത്തിനിടെ ശേഖരിച്ചത്. പുനരുപയോഗിക്കാവുന്ന പ്ലാസ്റ്റിക്, ഗ്ലാസ്, ഇ-മാലിന്യം എന്നിവ ഇതില്‍ ഉള്‍പ്പെടും. മാലിന്യം ശേഖരിക്കുന്നതിനായി ഹരിതകര്‍മ സേനകള്‍ക്കായി കമ്പനി 4.5 കോടി രൂപ നല്‍കി. മൂന്നു മാസം കൂടുമ്പോഴാണു തുകയുടെ വിതരണം. പുനരുപയോഗിക്കാനാവാത്ത 49,672 ടണ്‍ മാലിന്യങ്ങളും കമ്പനി ശേഖരിച്ചിട്ടുണ്ട്. സംസ്ഥാന സര്‍ക്കാരിന് 26 ശതമാനവും തദ്ദേശ സ്ഥാപനങ്ങള്‍ക്ക് 74 ശതമാനവും ഓഹരി ഉള്ള സംയുക്ത സംരംഭമാണ് ക്ലീന്‍ കേരള കമ്പനി ലിമിറ്റഡ്.