യുവജനങ്ങളെ സംരംഭകരും തൊഴില്‍ ദാതാക്കളുമാക്കി മാറ്റാന്‍ കഴിയണമെന്ന് പട്ടികജാതി, പട്ടികവര്‍ഗ, പിന്നോക്കക്ഷേമ വകുപ്പ് മന്ത്രി കെ രാധാകൃഷ്ണന്. ഒരു വര്‍ഷം ഒരു ലക്ഷം സംരംഭങ്ങള്‍ എന്ന പദ്ധതിയുടെ പുരോഗതി അവലോകനം ചെയ്യുന്നതുമായി ബന്ധപ്പെട്ട് ചേര്‍ന്ന ചേലക്കര നിയോജക മണ്ഡലതല യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിദ്യാസമ്പന്നരായ ചെറുപ്പക്കാരുടെ ശേഷി നമ്മുടെ നാട്ടില്‍ തന്നെ പ്രയോജനപ്പെടുത്താവുന്ന രീതിയില്‍ അവരെ സംരംഭകരാക്കി മാറ്റുകയാണ് വേണ്ടതെന്ന് മന്ത്രി വ്യക്തമാക്കി.
ഓരോ മേഖലയുടെയും സാധ്യതകള്‍ മനസ്സിലാക്കി വേണം പുതിയ സംരംഭങ്ങള്‍ ആരംഭിക്കാനെന്നും വ്യവസായ വകുപ്പ് മറ്റു വകുപ്പുകളെ ഏകോപിപ്പിച്ച് പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു. ഒരു വര്‍ഷം ഒരു ലക്ഷം പുതു സംരംഭങ്ങള്‍ എന്ന ലക്ഷ്യവുമായി സര്‍ക്കാര്‍ മുന്നോട്ടു പോവുകയാണ്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ ധനകാര്യ സ്ഥാപനങ്ങളുടെ സഹകരണത്തോടെ ചേലക്കര നിയോജക മണ്ഡലത്തിലെ ഒന്‍പത് പഞ്ചായത്തിലും ഇത്തരം സംരംഭങ്ങള്‍ ആരംഭിക്കുന്നതിനു വേണ്ടി ഓരോ ഇന്റേണ്‍സിനെ നിയമിച്ചിട്ടുണ്ട്. ഇന്റേണ്‍സിന് ഇത്തരം പ്രവര്‍ത്തനങ്ങള്‍ പഞ്ചായത്ത് തലത്തില്‍ ഏകോപിപ്പിച്ച് കൊണ്ടുപോകാന്‍ കഴിയണം – മന്ത്രി പറഞ്ഞു