രാജ്യത്തെ ഏറ്റവും വലിയ ഫാസ്റ്റ് മൂവിംഗ് കണ്‍സ്യൂമര്‍ ഗുഡ്‌സ് (എഫ്എംസിജി) കമ്പനികളിലൊന്നായ ഹിന്ദുസ്ഥാന്‍ യുണിലിവര്‍, സോപ്പുകളുടെയും ഡിറ്റര്‍ജന്റുകളുടെയും വില കുറച്ചു. മുന്‍നിരയിലുള്ള സോപ്പുകളുടെ വില രണ്ട് മുതല്‍ പത്തൊന്‍പത് ശതമാനം വരെ കുറച്ചതായി കമ്പനിയുടെ വിതരണക്കാര്‍ അറിയിച്ചു.
രണ്ട് വര്‍ഷത്തിന് ശേഷമാണ് ഹിന്ദുസ്ഥാന്‍ യുണിലിവര്‍ വില കുറയ്ക്കാന്‍ തയ്യാറായത്. കഴിഞ്ഞ വര്‍ഷങ്ങളില്‍ അസംസ്‌കൃത വസ്തുക്കളുടെ വിലയിലുണ്ടായ കുത്തനെ വര്‍ദ്ധനവിനെത്തുടര്‍ന്ന് കമ്പനി തങ്ങളുടെ ഉത്പന്നങ്ങളുടെ വില ഉയര്‍ത്തിയിരുന്നു. അസംസ്‌കൃത വസ്തുക്കളുടെ വില ജൂണില്‍ ഏറ്റവും ഉയര്‍ന്ന നിരക്കില്‍ ആയിരുന്നു ഉണ്ടായിരുന്നത്. അടുത്തിടെയാണ് അസംസ്‌കൃത വസ്തുക്കളുടെ വില കുറയാന്‍ തുടങ്ങിയത്. കഴിഞ്ഞ നാല് പാദങ്ങളില്‍, എഫ്എംസിജി കമ്പനികള്‍ 8 മുതല്‍ 15 ശതമാനം വിലവര്‍ദ്ധന വരുത്തിയതായി വിശകലന വിദഗ്ധര്‍ അഭിപ്രായപ്പെട്ടു.
അതേസമയം വില കുറയ്ക്കുമ്പോഴും ഒരു വര്‍ഷം മുമ്പുള്ളതിനെ അപേക്ഷിച്ച് ഉല്‍പ്പന്ന വില ഉയര്‍ന്നു തന്നെയാണ് തുടരുന്നത്. സര്‍ഫ് എക്‌സല്‍ 500 മില്ലി ലിക്വിഡ് പായ്ക്കിന് വില 115 രൂപയില്‍ നിന്നും 112 രൂപയായി. റിന്‍ ഡിറ്റര്‍ജന്റ് പൗഡര്‍ വില 103 രൂപയില്‍ നിന്ന് 99 രൂപയായി. 125 ഗ്രാം വരുന്ന നാല് ലൈഫ്‌ബോയ് സോപ്പിന്റെ വില 140 രൂപയില്‍ നിന്ന് 132 രൂപയായി കുറഞ്ഞു. 50 ഗ്രാം ഡവ് സോപ്പിന്റെ വില 27 രൂപ രൂപയില്‍ നിന്നും 22 രൂപയായി കുറഞ്ഞു.