ഇന്ത്യയില്‍ സാറ്റ്‌ലൈറ്റ് ലൈസന്‍സിനായി ഇലോണ്‍ മസ്‌ക്

രാജ്യത്ത് സാറ്റ്‌ലൈറ്റ് അധിഷ്ഠിത ആശയവിനിമയ സേവനങ്ങള്‍ നല്‍കുന്നതിനുള്ള ലൈസന്‍സിനായി അപേക്ഷിച്ച് ഇലോണ്‍ മസ്‌കിന്റെ സ്പേസ് എക്സ് ഉടമസ്ഥതയിലുള്ള സ്റ്റാര്‍ലിങ്ക്. ലൈസന്‍സിനായി സ്റ്റാര്‍ലിങ്ക് ടെലികമ്മ്യൂണിക്കേഷന്‍ വകുപ്പുമായി (DoT) ചര്‍ച്ചകള്‍ ആരംഭിച്ചു.

സാറ്റ്‌ലൈറ്റ് വഴി വോയ്സ്, ഡാറ്റ സേവനങ്ങള്‍ നല്‍കാന്‍ കമ്പനികളെ സഹായിക്കുന്നതാണ് GMPCS ലൈസന്‍സ്. 20 വര്‍ഷമാണ് ലൈസന്‍സ് കാലാവധി. ലൈസന്‍സുള്ള സേവന മേഖലകളില്‍ സാറ്റ്‌ലൈറ്റ് കമ്മ്യൂണിക്കേഷന്‍ സേവനങ്ങള്‍ നല്‍കാന്‍ കമ്പനികളെ ഇത് അനുവദിക്കുന്നു. സാറ്റ്‌ലൈറ്റ് അധിഷ്ഠിത സേവനങ്ങള്‍ക്കായി ഒരു വര്‍ഷം മുമ്പ് തന്നെ സ്റ്റാര്‍ലിങ്ക് അതിന്റെ ഇന്ത്യന്‍ ഉപഭോക്താക്കളില്‍ നിന്ന് ബുക്കിംഗ് തുടങ്ങിയിരുന്നു, എന്നാല്‍ സര്‍ക്കാര്‍ ലൈസന്‍സില്ലാതെയുള്ള ബുക്കിംഗുകള്‍ അനുവദിക്കാനാവില്ലെന്ന് സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചു.

ടെലികമ്മ്യൂണിക്കേഷന്‍ വകുപ്പിന്റെ ഉത്തരവ് അനുസരിച്ച്, മുന്‍കൂട്ടി ബുക്ക് ചെയ്ത 5,000-ത്തിലധികം ഉപഭോക്താക്കള്‍ക്ക് കമ്പനി ബുക്കിംഗ് തുക തിരികെ നല്‍കിയിരുന്നു. നിലവില്‍, ഭാരതി ഗ്രൂപ്പിന്റെ പിന്തുണയുള്ള വണ്‍വെബിനും, റിലയന്‍സ് ജിയോയുടെ യൂണിറ്റായ ജിയോ സാറ്റ്‌ലൈറ്റ് കമ്മ്യൂണിക്കേഷനും സാറ്റ്‌ലൈറ്റ് അധിഷ്ഠിത ഇന്റര്‍നെറ്റ് സേവനങ്ങള്‍ക്കായുള്ള അനുമതി സര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്.

 

Related posts