അടുത്ത ആറ് മാസത്തിനുള്ളില്‍ 2500 ജീവനക്കാരെ പിരിച്ചുവിടാനൊരുങ്ങി ഓണ്‍ലൈന്‍ വിദ്യാഭ്യാസ ആപ്ലിക്കേഷനായ ബൈജൂസ്. മാര്‍ച്ച് 2023നുള്ളില്‍ മാര്‍ക്കറ്റിംഗ് ഓപ്പറേഷണല്‍ വിഭാഗങ്ങളെ ഏകോപിപ്പിച്ച് കൂടുതല്‍ മെച്ചപ്പെടുത്താനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് നീക്കം. എന്നാല്‍ പിരിച്ചുവിടലിനൊപ്പം 10000 അധ്യാപകരെ കൂടി ജോലിക്കെടുക്കാനും തീരുമാനമായതായാണ് ബൈജൂസിന്റെ സഹസ്ഥാപക ദിവ്യ ഗോകുല്‍നാഥ് പിടിഐയോട് പ്രതികരിച്ചത്.
ഇന്ത്യയിലുടനീളം ബ്രാന്‍ഡിനേക്കുറിച്ച് കൃത്യമായ ധാരണയുണ്ടാക്കാന്‍ ബൈജൂസിന് സാധിച്ചിട്ടുണ്ട്. ആഗോള തലത്തിലേക്ക് ബ്രാന്‍ഡിനെ എത്തിക്കാനായാണ് മാര്‍ക്കറ്റിംഗ് ബഡ്ജറ്റിനെ മറ്റ് മുന്‍ഗണനകള്‍ക്കായി ചെലവിടാന്‍ തീരുമാനിച്ചിരിക്കുന്നതെന്നാണ് ദിവ്യ പറയുന്നത്. വിവിധ ബിസിനസ് യൂണിറ്റുകളുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ച് ഓപ്പറേഷണല്‍ മേഖലയിലേക്കുള്ള ചെലവിലും നിയന്ത്രണം കൊണ്ടുവരുമെന്നാണ് ബൈജൂസ് സഹസ്ഥാപക വിശദമാക്കുന്നത്. മെറിറ്റ് നേഷന്‍, ട്യൂറ്റര്‍ വിസ്റ്റ, സ്‌കോളര്‍ ആന്‍ഡ് ഹാഷ് ലേണ്‍ എന്നിവയെ ഒരുമിപ്പിച്ച് ഇന്ത്യ ബിസിനസ് എന്ന വിഭാഗത്തിലേക്ക് എത്തിക്കും. ആകാശ്, ഗ്രേറ്റ് ലേണിംഗ് തുടങ്ങിയവ നിലവിലെ സ്ഥിതിയില്‍ വ്യത്യസ്ത സ്ഥാപനങ്ങളായി തുടരുമെന്നും ഇവര്‍ വിശദമാക്കി.