എണ്ണക്കമ്പനികളുടെ നഷ്ടം നികത്താന്‍ കേന്ദ്രസര്‍ക്കാറിന്റെ വക 22,000 കോടി

3 പൊതുമേഖലാ എണ്ണ വിപണന കമ്പനികള്‍ക്ക് എല്‍പിജി സബ്‌സിഡി മൂലമുണ്ടായ നഷ്ടം നികത്താന്‍ ഒറ്റത്തവണ ഗ്രാന്റായി 22,000 കോടി രൂപ നല്‍കാന്‍ കേന്ദ്രമന്ത്രിസഭാ യോഗം തീരുമാനിച്ചു. ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ (ഐഒസിഎല്‍), ഭാരത് പെട്രോളിയം കോര്‍പറേഷന്‍ (ബിപിസിഎല്‍), ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പറേഷന്‍ (എച്ച്പിസിഎല്‍) എന്നിവയ്ക്കാണ് ഗ്രാന്റ്. ഐഒസിക്ക് ഏകദേശം 13,000 കോടി രൂപയോളം ലഭിക്കും. മറ്റു രണ്ടു കമ്പനികള്‍ക്ക് 4500 കോടി രൂപവീതമായിരിക്കുമെന്ന് അനുരാഗ് ഠാക്കൂര്‍ പറഞ്ഞു.

2020 ജൂണ്‍ മുതല്‍ 2022 ജൂണ്‍ വരെയുള്ള കാലയളവിലേക്കാണ് തുക അനുവദിച്ചിരിക്കുന്നത്. ഈ കാലയളവില്‍ രാജ്യാന്തര വിപണിയില്‍ പാചകവാതകത്തിന് ഏകദേശം 300%ന്റെ വര്‍ധനയുണ്ടായെന്ന് മന്ത്രി പറഞ്ഞു. എന്നാല്‍ ഇന്ത്യയില്‍ ഗാര്‍ഹിക പാചക വിലയില്‍ 72% വര്‍ധനയാണുണ്ടായത്. ഈ നഷ്ടം നികത്താനാണ് തുക നല്‍കുന്നത്. എല്‍പിജി സബ്‌സിഡി നിര്‍ത്തിയത് പുനഃസ്ഥാപിക്കുന്നതിനെക്കുറിച്ചുള്ള ചോദ്യത്തിന് ജനങ്ങള്‍ക്ക് ഭാരമുണ്ടാകാതിരിക്കാനുള്ള എല്ലാ നടപടികളും സര്‍ക്കാര്‍ സ്വീകരിച്ചുവെന്നാണ് മന്ത്രി മറുപടി നല്‍കിയത്.

 

Related posts