കോള്‍ സെന്റര്‍ സേവനങ്ങള്‍ ശക്തിപ്പെടുത്തി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. ഇതോടെ ബാങ്ക് നല്‍കുന്ന മുപ്പതോളം സേവനങ്ങള്‍ രാജ്യത്തെ 12 ഭാഷകളില്‍ ലഭ്യമാകും. ദിവസം 24 മണിക്കൂറും കോള്‍ സെന്റര്‍ പ്രവര്‍ത്തിക്കും എന്നുള്ളതാണ് മറ്റൊരു പ്രത്യേകത.
നിലവില്‍ ഈ കോണ്‍ടാക്ട് സെന്ററുകള്‍ ഒരുമാസം ഒന്നരക്കോടി കോളുകളാണ് കൈകാര്യം ചെയ്യുന്നത്. ഇതിന്റെ 40 ശതമാനവും ഐ വി ആര്‍ വഴിയുള്ള സ്വയം സേവനങ്ങളാണ്. നാല് ടോള്‍ഫ്രീ നമ്പറുകള്‍ വഴി വരുന്ന ബാക്കിയുള്ള 60 ശതമാനം കോളുകളും 3600 ഓളം വരുന്ന കോള്‍ സെന്റര്‍ ജീവനക്കാരാണ് കൈകാര്യം ചെയ്യുന്നത്. എന്നാല്‍ ഉപഭോക്താക്കള്‍ക്ക് സേവനം നല്‍കുക എന്ന ലക്ഷ്യം മാത്രമല്ല ഈ കോള്‍ സെന്ററുകള്‍ ശക്തിപ്പെടുത്തുന്നതിലൂടെ ബാങ്കിന് ഉള്ളത്.
ബിസിനസ് ലക്ഷ്യങ്ങള്‍ നേടിയെടുക്കുകയും രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കിന്റെ ഉദ്ദേശമാണ്. ഈ കോള്‍ സെന്ററുകള്‍ വഴി കൂടുതല്‍ പേര്‍ക്ക് പ്രീ അപ്രൂവ്ഡ് ലോണുകള്‍ നല്‍കാന്‍ കഴിയുമെന്നാണ് ബാങ്ക് പ്രതീക്ഷിക്കുന്നത്. ഉപഭോക്താക്കള്‍ക്ക് അക്കൗണ്ട്, എടിഎം കാര്‍ഡ്, ചെക്ക് ബുക്ക്, എമര്‍ജന്‍സി സേവനങ്ങള്‍ തുടങ്ങിയ കാര്യങ്ങള്‍ക്ക് ഈ കോള്‍ സെന്റര്‍ സേവനങ്ങള്‍ ഉപയോഗിക്കാവുന്നതാണ്.